Entertainment

'കടുത്ത ചൂടിനെ വകവയ്ക്കാതെ സഖാക്കളോടൊപ്പം വീട് വീടാന്തരം കയറി ഇറങ്ങിയ മലയാളത്തിലെ മഹാ നടൻ'

താൻ കുണ്ടറയിൽ മത്സരിക്കുമ്പോൾ മുഴുവൻ സമയ പ്രവർത്തകനായി ഒരു മാസത്തോളം സഖാവ് ഗ്രാമ ഗ്രാമാന്തരങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കാളിയായി

സമകാലിക മലയാളം ഡെസ്ക്

ഭിനയംകൊണ്ടും നിലപാടുകൊണ്ടും മലയാളിയെ അമ്പരപ്പിച്ച നടൻ മുരളി വിടപറഞ്ഞിട്ട് ഇന്ന് 11 വർഷം തികയുകയാണ്. ഓർമദിനത്തിൽ തന്റെ പ്രിയ സുഹൃത്തും സഖാവുമായ ഭരത് മുരളിയെ ഓർമിക്കുകയാണ് സിപിഎം നേതാവ് എംഎ ബേബി. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവർത്തനങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചുമാണ് ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത്. താൻ കുണ്ടറയിൽ മത്സരിക്കുമ്പോൾ മുഴുവൻ സമയ പ്രവർത്തകനായി ഒരു മാസത്തോളം സഖാവ് ഗ്രാമ ഗ്രാമാന്തരങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കാളിയായി. ഏപ്രിൽ മാസത്തെ കടുത്ത ചൂടിനെ വക വയ്ക്കാതെ സഖാക്കളോടൊപ്പം വീട് വീടാന്തരം കയറി ഇറങ്ങിയത് മലയാളത്തിലെ ഈ മഹാ നടൻ ആണ് എന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ പ്രയാസം ആയിരിക്കും. രാഷ്ട്രീയമായി ഒരു പാതയിൽ ആയിരുന്നെങ്കിലും ആരോഗ്യകരമായ വിമർശനങ്ങൾ ഉയർത്തിയിരുന്ന പ്രിയ സുഹൃത്തിനെ ആണ് മുരളിയുടെ വേർപാടോടെ തനിക്ക് നഷ്ടമായത് എന്നാണ് ബേബി കുറിക്കുന്നത്.

എംഎ ബേബിയുടെ കുറിപ്പ്

പ്രിയ സുഹൃത്തും സഖാവുമായ ഭരത് മുരളി ഓർമ്മയായിട്ട് നാളെ 11 വർഷം. കേരളാ സംഗീത നാടക അക്കാദമി ചെയർമാൻ ആയിരിക്കെ ആണ് മുരളി വിടവാങ്ങിയത്.

വളരെ വർഷങ്ങളായുള്ള അടുപ്പം ഉണ്ടായിരുന്നു സമപ്രായക്കാരായ ഞങ്ങൾ തമ്മിൽ. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചുകൊണ്ടാണ് തന്റെ പ്രത്യക്ഷ രാഷ്ട്രീയനിലപാട് മുരളി പ്രഖ്യാപിച്ചത്. പിന്നീട് പുരോഗമനപ്രസ്ഥാനത്തോടൊപ്പം കൂസലില്ലാതെ യോജിച്ചു നില്ക്കുന്നതിൽ മറ്റുപല കലാകാരന്മാരിൽനിന്നും വ്യത്യസ്ഥമായ ആർജ്ജവം മുരളി പ്രകടിപ്പിച്ചു.

2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ കുണ്ടറയിൽ നിന്നും മത്സരിക്കുമ്പോൾ ഒരു മുഴുവൻ സമയ പ്രവർത്തകനായി ഒരു മാസത്തോളം സഖാവ് ഗ്രാമ ഗ്രാമാന്തരങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കാളിയായി .ഒരു സാധാരണ പാർട്ടി പ്രവർത്തകൻ ഏറ്റെടുക്കുന്ന മുഴുവൻ ചുമതകളും അദ്ദേഹം തന്റെ താര പരിവേഷം മാറ്റി വച്ച് സ്വയം ഏറ്റെടുത്തു. ഏപ്രിൽ മാസത്തെ കടുത്ത ചൂടിനെ വക വയ്ക്കാതെ സഖാക്കളോടൊപ്പം വീട് വീടാന്തരം കയറി ഇറങ്ങിയത് മലയാളത്തിലെ ഈ മഹാ നടൻ ആണ് എന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ പ്രയാസം ആയിരിക്കും.

സ്വാഭാവിക അഭിനയ ശൈലി കൊണ്ട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനയ പ്രതിഭാസം ആയിരുന്നു മുരളി .നാടക പ്രവർത്തകനും നടനും എന്ന നിലയിൽ നിന്നാണ് മുരളി വെള്ളിത്തിരയിലേക്ക് കടന്നുവന്നത് . ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു മേൽവിലാസം ഉണ്ടാക്കി. മികച്ച നടനുള്ള ദേശീയ പുരസ്കാരം 2002 ൽ നെയ്ത്തുകാരൻ എന്ന സിനിമയിലൂടെ അദ്ദേഹത്തെ തേടിയെത്തി. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നാല് തവണയും (1992, 1996, 1998, 2002)

മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് മൂന്നു തവണയും (1991, 2001, 2008) മുരളിയെ തേടിയെത്തി. എക്കാലവും ഓർമിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തു. നടൻ എന്നതിലുപരി മികച്ച ഒരു എഴുത്തുകാരൻ കൂടി ആയിരുന്നു മുരളി. അദ്ദേഹം രചിച്ച'അഭിനയത്തിന്റെ രസതന്ത്രം' എന്ന കൃതി അഭിനയ സങ്കേതങ്ങളെ വിശദമായി പരിചയപ്പെടുത്തുന്ന മലയാളത്തിലെ ഏറ്റവും മികച്ച രചനകളിൽ ഒന്നാണ്. എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹെത്ത വേണ്ടത്ര നമ്മൾ മനസിലാക്കിയിട്ടില്ല.

കേരളസംഗീതനാടക അക്കാദമി അദ്ധ്യക്ഷൻ എന്ന നിലയിൽ മുരളിയുടെ സംഭാവനകൾ അവിസ്മരണീയമാണ്. ഏഷ്യൻ തിയേറ്റർ ഫെസ്റ്റിവൽ എന്ന മുരളിയുടെ ആശയമാണ് പിന്നീട് തുടർ വർഷങ്ങളിൽ ലോക തിയേറ്റർ ഫെസ്റ്റിവൽ ആയി വികസിപ്പിക്കപ്പെട്ടത്. ലോകപ്രശസ്ത മസ്തിഷ്ക്ക ശാസ്ത്രജ്ഞനായ വിളയന്നൂർ രാമചന്ദ്രനെ ഒരു പ്രഭാഷണത്തിന് കേരളത്തിലേക്കു കൊണ്ടുവരുന്ന ആശയം ഞാനുമായി ചർച്ച ചെയ്തതും മുരളിയായിരുന്നു. അന്ന് ഏകെജി ഹാളിൽ മുരളി നടത്തിയ സ്വാഗതപ്രസംഗം വിളയന്നൂർ രാമചന്ദ്രന്റെ ശാസ്ത്രസംഭാവനകൾ ആഴത്തിൽ പഠിച്ച ഒരു പ്രതിഭക്കുമാത്രം നടത്താൻ കഴിയുന്നതായിരുന്നു.

രാഷ്ട്രീയമായി ഒരേ പാതയിൽ തന്നെ ആണ് ഞങ്ങൾ സഞ്ചരിച്ചിരുന്നത് എങ്കിലും അതിൽ നിന്ന് കൊണ്ട് തന്നെ ആരോഗ്യകരമായ വിമർശനങ്ങൾ ഉയർത്തിയിരുന്ന പ്രിയ സുഹൃത്തിനെ ആണ് മുരളിയുടെ വേർപാടോടെ എനിക്ക് നഷ്ടമായത്. പ്രിയ സഖാവിന്റെ ഓർമകൾക്ക് മുന്നിൽ സമരണാഞ്ജലികൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

രാവിലെ ഗസ്റ്റ് ഹൗസില്‍ വച്ച് കണ്ട് മടങ്ങി; പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ മുഖ്യമന്ത്രി

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം, ആയിരത്തിന് 80 രൂപ ബോണസ്; അറിയാം എല്‍ഐസി അമൃത് ബാലിന്റെ ഫീച്ചറുകള്‍

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

ടൂത്ത് പേസ്റ്റ് ട്യൂബിന് അറ്റത്തെ ആ നിറമുള്ള ചതുരങ്ങൾ സൂചിപ്പിക്കുന്നത് എന്തിനെ?

SCROLL FOR NEXT