കലാരംഗത്തെ അസമത്വങ്ങളെ ചൂണ്ടിക്കാണിച്ച് കലാഭവന്‍ മണിയുടെ സഹോദരനും പ്രശസ്ത നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. സിനിമകളിലും നൃത്ത വേദികളിലും ഒരു കഴിവ് തെളിയിച്ച് രാമൃഷ്ണന്‍, നൃത്ത രംഗത്ത് നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥകളും നര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങളും തുറന്ന് എഴുതിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.
കുലവും സൗന്ദര്യവും സമ്പത്തും നോക്കിയാണ് കലാകാരന്‍മാരെ നിശ്ചയിക്കുന്നത് എന്നാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നത്. ഒരു സര്‍ക്കാര്‍ ജോലി എന്നത് ഇത്തരം കലാകാരന്മാര്‍ക്ക് വെറും സ്വപ്നം മാത്രമാണെന്നും ഒരു പ്രൊഫഷണല്‍ നര്‍ത്തകനോ നര്‍ത്തകിയോ ആകാമെന്ന് വിചാരിച്ചാല്‍ ഈ രംഗത്ത് നിലയുറപ്പിച്ച ഏമാന്മാരുടെ കൈയും കാലും പിടിക്കണമെന്നും അദ്ദേഹം പറയുന്നു.
ആര്‍എല്‍വി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ.
നൃത്തമേഖലയിൽ പിൻതുടരുന്ന ഫ്യൂഡലിസം;കേരളം കലകളുടെ നാടാണല്ലോ. ഇവിടെ എണ്ണിയാൽ ഒടുങ്ങാത്ത കലാകാരന്മാരും കലാകാരികളും കഷ്ടപ്പെട്ട് അവരുടെ ജീവിതം മുന്നോട്ട് തള്ളിനീക്കുന്നു. നൃത്തം ശാസ്ത്രീയമായി പഠിക്കാൻ ഇന്ന് കേരളത്തിൽ നിരവധി പ്രൊഫഷണൽ കോളേജുകളും മറ്റു പ്രൈവറ്റ് വിദ്യാലയങ്ങളും ഇവിടെ ഉണ്ട്.ഇവിടെ നിന്ന് പഠിച്ചിറങ്ങുന്ന ഓരോ നർത്തകരുടെയും ജീവിതം പരിശോധിക്കുമ്പോൾ അറിയാം ആരും അത്ര സുഖകരമായ അവസ്ഥയിൽ അല്ല എന്നത്. പഠനശേഷം കൂലി പണി എടുക്കുന്നതു പോലെ ഓടിനടന്ന് ക്ലാസുകൾ എടുത്ത് ജീവിക്കുന്നു.
ഇതിനിടയിൽ സാമ്പത്തിക ഭദ്രത കൈവരിച്ചവർ വിരലിൽ എണ്ണാവുന്നവർ മാത്രം. തങ്ങൾ ഇഷ്ട്ടപെട്ട കലാരംഗത്ത് പണിയെടുത്ത് ജീവിക്കുന്നവർ ഈ കഷ്ടപാടുകളൊന്നും ഓർക്കാറില്ല എന്നു മാത്രം. കാരണം അവർ നാളത്തെ കലാകാരികളെ എങ്ങനെ വാർത്തെടുക്കാം എന്ന ചിന്തയിലായിരിക്കും. ഒരു ഗവൺമെന്റ് ജോലി എന്നത് ഇത്തരം കലാകാരന്മാർക്ക് വെറും സ്വപ്നങ്ങൾ മാത്രം .ഇനി ഒരു പ്രൊഫഷണൽ നർത്തകനോ നർത്തകിയോ ആകാമെന്ന് വിചാരിച്ചാലോ ഈ രംഗത്ത് നിലയുറപ്പിച്ച ഏമാന്മാരുടെ കൈയും കാലും പിടിക്കണം.
ഏതെങ്കിലും അറിയപ്പെടുന്ന ഒരു ഫെസ്റ്റിവലുകളിലോ, ഉത്സവ വേദികളിലോ പങ്കെടുക്കണമെങ്കിൽ അവർ പറയാത്ത ഡിമാന്റുകൾ കേട്ടാൽ ഞെട്ടും. ഈ രംഗത്തെ വിദ്യാഭ്യാസ യോഗ്യത ഒരു മാനദണ്ഡമല്ലത്രെ; ചുരുങ്ങിയത് കുറച്ച് സിനിമകളിൽ അഭിനയിച്ചിരിക്കണം. പേരെടുത്ത ആശാട്ടിയുടെ ശിഷ്യഗണങ്ങളിൽപെട്ടവരായിരിക്കണം ..
പേരിന്റെ പുറകിൽ "വാൽ " ഉണ്ടായാൽ അത്രയും നന്ന്.. ഒരു സെലക്ഷൻ കമറ്റി ഉണ്ടാക്കി കുറേ അപേക്ഷകൾ ക്ഷണിക്കും.. വളർന്നു വരാൻ ആഗ്രഹിക്കുന്ന കലാകാരന്മാർ അപേക്ഷയും കൊണ്ട് നെട്ടോട്ടം ഓടും. ഒരവസരം കിട്ടിയാലോ? നൃത്തത്തിൽ ഇത്രയ്ക്കും ബിരുദങ്ങളൊക്കെ നേടിയവരല്ലെ തങ്ങളെ തട്ടില്ല ...എന്നുറപ്പ് വിചാരിച്ച് കാത്തിരിക്കും. സെലക്ഷൻ കമ്മറ്റിയിലെ അംഗങ്ങൾ ഭയങ്കര കേമന്മാർ ആണത്രെ !!! വിശേഷപ്പെട്ട അവർ തീരുമാനിക്കും നാളത്തെ കലാകാരന്മാർ ആരെന്ന്? പാവം പിടിച്ച കുറേ കലാകാരന്മാർ തങ്ങൾക്ക് ജന്മസിദ്ധമായി കിട്ടിയ കഴിവല്ലെ.....
നാളെ ഇതിനൊരു മാറ്റം ഉണ്ടാവും എന്ന് വിചാരിച്ച് തളരാതെ മുന്നോട്ട്.- ഇതിനിടയിൽ സ്വകാര്യ വ്യക്തികൾ നടത്തുന്ന ഫെസ്റ്റിവലുകൾ ഒരു പരിധി വരെ നർത്തകർക്ക് ഒരാശ്വാസം തന്നെയാണ്. തനിക്ക് എത്ര അവസരം കിട്ടിയാലും വഴിമാറികൊടുക്കാത്ത ചില ആളുകളും ഇതിനിടയിൽ ഉണ്ട്. പ്രിയ നർത്തകരെ നമ്മൾ എങ്ങോട്ട്? നമ്മൾ സുരക്ഷിതരാണോ? ഒരു പരിപാടി കഴിഞ്ഞാൽ ഇത്തരം കലാകാരന്മാരുടെ കയ്യിൽ എത്ര മിച്ചം കാണുമെന്ന് കൂടെ പ്രവർത്തിക്കുന്ന കലാകാരന്മാർ പോലും തിരിച്ചറിയുന്നില്ല ( എല്ലാവരെയും ഉദ്ദേശിച്ചല്ല).എന്തായാലും മേടയിൽ ഇരുന്ന് തീർപ്പുകൽപിക്കുന്ന ഏമാന്മാർ ഇന്നും നമ്മുക്കിടയിൽ ഉണ്ട്.
തൊലി നിറവും സാമ്പത്തിക ഭദ്രതയും പരിപാടിക്ക് വരുമ്പോൾ വന്നിറങ്ങുന്ന കാറിന്റെ പേരും വില കൂടിയ ആശാട്ടിയേയും.. ഓടി നടന്ന് കിട്ടിയ അവാർഡിന്റെ എണ്ണവും നോക്കി പരിപാടി നിശ്ചയിക്കുന്ന ഏമാന്മാരും ഏമാത്തിമാരും ഓർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്? മറ്റുള്ള കലാകാരന്മാരെ കൂടി അംഗീകരിക്കേണ്ട കാലം കഴിഞ്ഞു. കുലവും സൗന്ദര്യവും സമ്പത്തും നോക്കി കലാകാരന്മാരെ നിശ്ചയിക്കുന്ന രീതി നിർത്തലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates