സിനിമാ മേഖലയ്ക്ക് പുറത്തുള്ള ഒരാളെ സംബന്ധിച്ചടുത്തോളം ബോളിവുഡ് എന്നത് നടക്കാത്ത സ്വപ്‌നമൊന്നും അല്ലെങ്കിലും അതത്ര എളുപ്പം സാധിക്കുന്നതുമല്ല. ആയിരകണക്കിന് ആളുകളാണ് ദിവസവും അഭിനയമോഹവുമായി മുംബൈ നഗരത്തിലേക്ക് എത്തുന്നതും ആഗ്രഹം സഫലമാക്കാന്‍ സാധിക്കാത്ത വിഷമത്തില്‍ നഗരം വിടുന്നതും. രാഹുല്‍ അമാത്ത് ഇത്തരത്തില്‍ സിനിമാമോഹവുമായി നടന്ന സിനിമയ്ക്ക് പുറത്തുനിന്നുള്ള ഒരു വ്യക്തിയാണ്. പക്ഷെ രാഹുലിന്റെ കഥയില്‍ ഒരുപാട് വ്യത്യസ്തതകളുണ്ട് വീടും നാടും ജന്മസ്ഥലവും ജനനതിയതിയും ഉള്‍പ്പെടെ ഒരുപാട് വ്യത്യസ്തതകള്‍.
രാജസ്ഥാനിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്നാണ് രാഹുല്‍ ബോളിവുഡിന്റെ വമ്പന്‍ തട്ടകത്തിലേക്ക് കാലെടുത്തുവച്ചത്. സാധാരണഗതിയില്‍ ഇത്തരമൊരു സാമൂഹിക ചുറ്റുപാടിലുള്ള ഒരാളെ മുഖ്യധാരാ ഹിന്ദി ചിത്രങ്ങളില്‍ കണ്ടെത്താന്‍ കഴിയില്ല. സ്വന്തം ജന്മസ്ഥലം ഏതാണെന്ന് പോലും രാഹുലിന് അറിയില്ലെന്നത് അവിശ്വസനീയമായ കാര്യമൊന്നുമല്ല. ' എന്റെ ജന്മസ്ഥലം ഏതെന്ന് പോലും ശ്രദ്ധിക്കാത്ത മാതാപിതാക്കളടങ്ങുന്ന ഒരു കുടുംബമാണ് എന്റേത്. എന്റെ അച്ഛന്‍ പറയുന്നത് ഞാന്‍ ജനിക്കുന്നത് അച്ഛന്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണെന്നാണ്. അതുവെച്ച് കണക്കുകൂട്ടുമ്പോള്‍ ഞാന്‍ ജനിച്ചത് 1983-84 എന്നീ വര്‍ഷങ്ങളിലായിരിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 2004ല്‍ ഞാന്‍ എംഎസ്‌സി പൂര്‍ത്തിയാക്കിയിരുന്നതുകൊണ്ട് ഈ കണക്കുകൂട്ടല്‍ ശരിയാണെന്നാണ് ഞാന്‍ കരുതുന്നത്', രാഹുലിന്റെ ഈ വാക്കുകളില്‍ അതിശയോക്തിയൊന്നും കലര്‍ത്തിയിട്ടില്ല.
'ജയ്പ്പൂര്‍-ആഗ്ര ഹൈവേയ്ക്കിടയിലെ നികത്പുരിയാണ് എന്റെ ഗ്രാമം. ഞങ്ങള്‍ മാനസികമായ ട്രെയിന്‍ ചെയ്യപ്പെടുന്നത് ഒരു സര്‍ക്കാര്‍ ജീവനക്കാരനാകാനാണ് പക്ഷെ സിനിമയ്ക്ക് എന്നും അതിന്റേതായ ഒരു വശ്യത ഉണ്ടായിരുന്നു. വിസിആറിലാണ് സിനിമകള്‍ കണ്ടിരുന്നത്. ചിലസമയങ്ങളില്‍ ട്രാക്ടറില്‍ അടുത്ത ഗ്രാമത്തില്‍ ചെന്ന് ഞങ്ങള്‍ സിനിമ കാണുമായിരുന്നു. അച്ഛന്റെ പേരില്‍ വിസിആര്‍ വാടകയ്‌ക്കെടുത്ത സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്', കുട്ടികാലത്തെകുറിച്ച് രാഹുല്‍ ഓര്‍ത്തെടുക്കുന്നു. ഒരു സിനിമയെകുറിച്ച് സംസാരിക്കുക എന്നതും ഒരു സിനിമയുടെ ഭാഗമാകുക എന്നതും തികച്ചും വ്യത്യസ്തമായ രണ്ട് കാര്യങ്ങളാണെന്ന് രാഹുല്‍ പറയുന്നു.
ഡല്‍ഹി സര്‍വകലാശാലയില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിക്കായി എത്തിയപ്പോഴാണ് രാഹുല്‍ തിയറ്ററിനെകുറിച്ചൊക്കെ അറിയുന്നതുതന്നെ. അച്ഛനോട് തന്റെ സിനിമാമോഹങ്ങളെകുറിച്ച് അവതരിപ്പിച്ചെങ്കിലും ഈ മേഖലയിലെ ആരെയും അദ്ദേഹത്തിന് അറിയുമായിരുന്നില്ല. ഒരു സ്ഥിര വരുമാനം നേടാനായാല്‍ കാര്യങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് രാഹുല്‍ വിശ്വസിച്ചു. തിയറ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാതന്ത്യം ലഭിക്കുന്ന ഒരു ജോലി നേടണമെന്നായി പിന്നീടുള്ള ആഗ്രഹം. 2005ല്‍ ഡിആര്‍ഡിഒയില്‍ സെലക്ഷന്‍ ലഭിച്ചു. ഡല്‍ഹിയില്‍ തന്നെ നില്‍ക്കാനായിരുന്നു താല്‍പര്യം പക്ഷെ ആദ്യ പോസ്റ്റിംഗ് ഉത്തരാഖണ്ഡിലേക്കായിരുന്നു.
ഡല്‍ഹിയിലായിരുന്നു രാഹുലിന്റെ സ്വപ്‌നങ്ങളെല്ലാം നിറഞ്ഞുനിന്നിരുന്നത്. ഒരു തുടക്കകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ഡല്‍ഹിയിലേക്ക് തിരിച്ചുവരണമായിരുന്നു. അതിനായി അച്ഛനോട് നുണ പറഞ്ഞു. ഐഎഎസ്സിന് തയ്യാറെടുക്കണമെന്നായിരുന്നു അച്ഛനോട് പറഞ്ഞ കാരണം. പക്ഷെ കാര്യമായ മാറ്റമൊന്നും ഉണ്ടാക്കാനായില്ല. പ്രൊബേഷണ്‍ കാലഘട്ടം പൂര്‍ത്തിയാക്കി ഡല്‍ഹിയിലേക്ക് തിരിച്ചെത്തിയ രാഹുല്‍ പിന്നീട് ഗൗരവമായി തീയറ്റര്‍ ചെയ്തുതുടങ്ങി. ഒഡിഷണുകളില്‍ പങ്കെടുക്കുക അന്ന് ഒരു പതിവായിരുന്നു. ഷോര്‍ട്ഫിലിമിലൂടെയാണ് രാഹുല്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.
'നടന്‍മാര്‍ക്ക് ഒരു ഷെല്‍ഫ് ലൈഫ് ഉണ്ടെന്ന് പലരും പറഞ്ഞിരുന്നു പ്രത്യേകിച്ച് ബോളിവുഡിലെ ലീഡ് റോളുകള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍. അതുകൊണ്ടുതന്നെ പ്രായം എന്നെ അലട്ടിയിരുന്ന ഒരു ഘടകമായിരുന്നു. പല നടന്‍മാരുടെയും അഭിമുഖങ്ങള്‍ പിന്തുടര്‍ന്നതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യം ഞാന്‍ എങ്ങനെ എന്നെതന്നെ പ്രതിഷ്ടിക്കുന്നു എന്നത് വളരെ പ്രധാനമാണെന്നാണ്. ഞാന്‍ നല്ല റോളുകള്‍ അര്‍ഹിക്കുന്നു എന്ന് സ്വയം വിശ്വസിച്ചിരുന്നു,' രാഹുല്‍ പറയുന്നു. ദീപക് ദൊപ്‌റിയാലിനെ പോലുള്ളവര്‍ വിജയിക്കുന്നത് കണ്ടപ്പോള്‍ എന്റെ സമയം വരും എന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത്, രാഹുല്‍ കൂട്ടിച്ചേര്‍ക്കുന്നു.
വിശ്വസിക്കാന്‍ പ്രയാസമായി തോന്നുമായിരിക്കും പക്ഷെ, പണത്തിനായല്ല ഞാന്‍ അഭിനയം ഇഷ്ടപ്പെട്ടത് എന്നതാണ് വാസ്തവം. നല്ല പ്രതിഫലം വാഗ്ദാനം ചെയ്ത് പല സീരിയലുകളിലേക്കും ക്ഷണം വന്നിരുന്നെങ്കിലും ഞാന്‍ കൂടുതലും നാടകങ്ങളിലേക്കാണ് തിരിഞ്ഞത്. സിനിമയെകുറിച്ച് കൂടുതല്‍ വായിക്കുന്തോറും കൂടുതല്‍ സിനിമ കാണുന്തോറും ഒരു ഹീറോ ആകുന്നതിനേക്കാള്‍ ഞാന്‍ ആഗ്രഹിച്ചിരുന്നത് ഒരു ആക്ടര്‍ ആകാനാണ്. ഷാറൂഖ് ഘാനും സല്‍മാന്‍ ഘാനും പകരം ഇര്‍ഫാന്‍ ഖാനും നസുറുദ്ദീന്‍ ഷായും എന്റെ റോള്‍ മോഡലുകളായി. രാഹുല്‍ പറയുന്നു.
ഇന്ന് രാഹുലിന്റെ കണ്ണുകളിലെ തിളക്കത്തിന് പിന്നില്‍ വലിയ ഒരു കാരണമുണ്ട്. ഈ മാസം മൂന്നാം തിയതി രാഹുലിന്റെ ആദ്യ ഫീച്ചര്‍ ഫിലിം 'നാരായണ്‍' തീയറ്ററുകളില്‍ എത്തുകയാണ്. 42കാരനായ ഒരു അച്ഛന്റെ കഥപറയുന്ന ചിത്രമാണ് ഇത്. ഒരു ലോക്കല്‍ ഡ്രഗ് ഉടമയായാണ് രാഹുല്‍ ചിത്രത്തിലെത്തുന്നത്. ആ അച്ഛന്റെ മനസ്സ് തകര്‍ന്ന് കാണണം എന്നാഗ്രഹിക്കുന്ന ഒരു സാഡിസ്റ്റ് കഥാപാത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates