തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയെ വ്യക്തിപരമായി ആക്ഷേപിച്ച നടന്‍ രാധാരവിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. തമിഴ് സിനിമ ലോകം ഒന്നടങ്കം നയന്‍താരയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ രാധാരവി സമ്മര്‍ദ്ദത്തിലായി. ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാധാരവി. താന്‍ നയന്‍താരയുടെ ആരാധകനാണെന്നും ജീവിതത്തില്‍ വളരെ അധികം പ്രശ്‌നങ്ങള്‍ അതിജീവിച്ചാണ് അവര്‍ ഒന്നാം സ്ഥാനത്ത് എത്തിയത് എന്ന് പറയാനാണ് ഉദ്ദേശിച്ചത് എന്നുമാണ് തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാധാ രവി പറഞ്ഞത്.
'ഞാന്‍ നയന്‍താരയെ ആകെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ. ശിവകാര്‍ത്തികേയനെ കാണാന്‍ വേണ്ടി പോയതാണ്. അവിടെ നയന്‍താരയും ഉണ്ടായിരുന്നു. ഞാന്‍ അവരുടെ ആരാധകനാണ്. ആരാധകന്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത് എത്രമാത്രം പ്രശ്‌നങ്ങള്‍ അതിജീവിച്ചാണ് അവര്‍ ഇന്ന് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എനിക്ക് അവരോട് വ്യക്തിപരമായി യാതൊരു വൈരാഗ്യവുമില്ല.
ഞാന്‍ പെണ്ണുങ്ങളെ പറ്റി മോശമായി പറയും എന്നാണ് പൊതുവെ സംസാരം. എന്നാല്‍ മോശം സ്ത്രീകളെ പറ്റി ഞാന്‍ നല്ലത് പറയാറില്ല. ആ സിനിമയുടെ പ്രമോഷന്‍ ചടങ്ങിന് വേണ്ടി ക്ഷണിച്ചപ്പോള്‍ പോയതാണ്. നയന്‍താരയെക്കുറിച്ച് ചീത്തവാക്കുകള്‍ പറഞ്ഞിട്ടില്ല. എം.ജി.ആര്‍, രജനികാന്ത് എന്ന മഹാരഥന്‍മാരുമായി നയന്‍താരയെ താരതമ്യം ചെയ്യരുത് എന്നാണ് ഞാന്‍ പറഞ്ഞത്. നയന്‍താര രണ്ടു വഴിയില്‍ സഞ്ചരിക്കുന്ന ഒരാളാണ്. ഒരു വശത്ത് കൊലയുതിര്‍ കാലം പോലെ ഒരു സിനിമ ചെയ്യുന്നു മറ്റൊരിടത്ത് സീതയായി അഭിനയിക്കുന്നു.
പണ്ട് കാലത്തെ നടിമാര്‍ ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നവരാണ്. കെ.ആര്‍ വിജയയെപ്പോലുള്ളവരാണ് സീതയുടെ കഥാപാത്രം ചെയ്യുന്നത്. നയന്‍താര രണ്ടും ഒരേ സമയത്ത് രണ്ടും ചെയ്യുന്നു. അതിനെ അഭിനന്ദിക്കുന്നു എന്നാണ് ഉദ്ദേശിച്ചത്. ഞാന്‍ ഒരുപാട് സിനിമകളില്‍ വില്ലനായി അഭിനയിച്ചിട്ടുണ്ട് നായകനായും. പണ്ടുകാലത്ത് മാധ്യമങ്ങള്‍ ഇത്ര ശക്തമായിരുന്നില്ല. ഇതെല്ലാം കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളാണ്. വണക്കം ചൊല്ലിയാല്‍ പോലും തെറ്റായി വ്യാഖ്യാനിക്കുന്ന ആളുകളാണ് ഇവിടെയുള്ളത്' രാധാ രവി പറഞ്ഞു.
നയന്‍താരയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു രാധാ രവിയുടെ പ്രസംഗം. 'നയന്‍താരയുടെ ജീവിതത്തിലെ കാര്യങ്ങളൊക്കെ ഇവിടെ അറിയാം. പക്ഷേ അവര്‍ ഇപ്പോഴും വലിയ താരമാണ്. അതിന് കാരണം എല്ലാം പെട്ടെന്ന് മറക്കുന്ന തമിഴ് മക്കളുടെ സ്വഭാവമാണ്', രാധാ രവി പറഞ്ഞു. 'നയന്‍താര പ്രേതമായും സീതയായും അഭിനയിക്കുന്നു. മുന്‍പ്, കെ.ആര്‍. വിജയയെപോലെ മുഖത്തു നോക്കുമ്പോള്‍ പ്രാര്‍ഥിക്കാന്‍ തോന്നുന്നവരാണ് സീതയായി അഭിനയിച്ചിരുന്നത്' രാധാരവി പറഞ്ഞു.
സംഭവം വിവാദമായതോടെ രാധാ രവിയെ ഡിഎംകെയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സഹോദരി രാധിക അടക്കം നിരവധി പേരാണ് രാധാരവിക്കെതിരേ രംഗത്തെത്തിയത്. നയന്‍താര അഭിനയിച്ച കൊലൈയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പ്രസംഗം. കൂടാതെ പൊള്ളാച്ചി പീഡനത്തെക്കുറിച്ചും മോശമായി പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates