സിനിമ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പൊള്ളലേൽക്കുന്ന വിഡിയോ ഞെട്ടലോടെയാണ് ആരാധകർ കണ്ടിരുന്നത്. സാരമായ പ്രശ്നങ്ങൾ ഇല്ലെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചെങ്കിലും ആശങ്കയ്ക്ക് പരിഹാരമായില്ല. ഒടുവിൽ കാര്യമായ പ്രശ്നമില്ലെന്ന ടൊവിനോ തന്നെ സന്ദേശമറിയിച്ചു. ഇപ്പോഴിതാ ടൊവിനോക്ക് തുറന്ന കത്തെഴുതിയിരിക്കുകയാണ് ഒരു ആരാധിക.
ഒരു നായക നടന്റെ പ്രധാന കൈമുതൽ അയാളുടെ ബാഹ്യ സൗന്ദര്യം ആണെന്നും അതിന് കോട്ടം തട്ടിയാൽ സിനിമ ജീവിതം വരെ തകർന്നു പോവാൻ സാധ്യത ഉണ്ടെന്നും ആരാധിക കത്തിൽ ഓർമ്മിപ്പിക്കുന്നു. ആയിഷ ഹന്നാ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് കുറിപ്പ്. സിനിമാ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമ പാരഡെെസോ ക്ലബ്ബിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
സംഘട്ടന രംഗങ്ങൾ ചെയ്തും അപകടങ്ങൾ തരണം ചെയ്തും പ്രവർത്തി പരിചയമുള്ളവരാണ് ഡ്യൂപ്പുകൾ എന്നും അവരുടെ ജോലി ചെയ്യാൻ അവരെ അനുവദിക്കണമെന്നും ആയിഷ കുറിച്ചു. "താങ്കളുടെ ജോലി അഭിനയമാണ്. താങ്കൾ അത് വൃത്തിയായി ചെയ്യുന്നുമുണ്ട്. ദയവു ചെയ്ത് ആവേശം കൂടി ഇത്തരം 'തീക്കളി ' കളിക്കരുത്. മറ്റു ചില സംഘട്ടന രംഗങ്ങൾ പോലെ അല്ല തീ കൊണ്ടുള്ള കളി. ഒരു ചെറിയ അപാകത പോലും താങ്കളെ ശക്തമായ രീതിയിൽ ബാധിച്ചേക്കും", കുറിപ്പിൽ പറയുന്നു
കുറിപ്പിന്റെ പൂർണ്ണരൂപം
ദൈവാനുഗ്രഹം കൊണ്ട് ഇന്നലെ ഒരു അപകടത്തിൽ നിന്ന് രക്ഷപെട്ട വിവരം അറിഞ്ഞു. അങ്ങയുടെ മേൽ എപ്പോഴും ആ ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ എന്നാശംസിച്ചു കൊണ്ട് ചില കാര്യങ്ങൾ അങ്ങയുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു.
ഒരു നായക നടന്റെ പ്രധാന കൈമുതൽ എന്ന് പറയുന്നത് അയാളുടെ ബാഹ്യ സൗന്ദര്യം തന്നെയാണ്. അതിനെന്തെങ്കിലും കോട്ടം തട്ടിയാൽ താങ്കളുടെ സിനിമ ജീവിതം വരെ തകർന്നു പോവാൻ സാധ്യത ഉണ്ട്.
ഡ്യൂപ്പുകൾ ഇത്തരം സംഘട്ടന രംഗങ്ങൾ ചെയ്തും അപകടങ്ങൾ തരണം ചെയ്തും വളരെയേറെ പ്രവർത്തി പരിചയമുള്ളവരാണ്. അവരുടെ ജോലി ചെയ്യാൻ അവരെ അനുവദിക്കൂ. താങ്കളുടെ ജോലി അഭിനയമാണ്. താങ്കൾ അത് വൃത്തിയായി ചെയ്യുന്നുമുണ്ട്. ദയവു ചെയ്ത് ആവേശം കൂടി ഇത്തരം 'തീക്കളി ' കളിക്കരുത്. മറ്റു ചില സംഘട്ടന രംഗങ്ങൾ പോലെ അല്ല തീ കൊണ്ടുള്ള കളി. ഒരു ചെറിയ അപാകത പോലും താങ്കളെ ശക്തമായ രീതിയിൽ ബാധിച്ചേക്കും.
അഭിനയത്തോടുള്ള താങ്കളുടെ ആവേശവും അഭിനിവേശവും അർപ്പണബോധവും എല്ലാം മനസിലാക്കി കൊണ്ട് തന്നെ പറയുന്നു.. ഇത്തരം സാഹസികത ഭാവിയിൽ ഒഴിവാക്കണം. നമുക്കു ആവശ്യമുള്ളത് താങ്കളിലെ നടനെയാണ്. ദൈവാനുഗ്രഹങ്ങൾ ഉണ്ടായിരിക്കട്ടെ.
'എടക്കാട് ബറ്റാലിയന്‍ 06' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ടൊവിനോയ്ക്ക് പൊള്ളലേറ്റത്. നിര്‍മ്മാതാവ് സാന്ദ്രാ തോമസാണ് ടൊവിനോയുടെ ദേഹത്ത് തീ പിടിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തീയിലുടെ തോക്കും പിടിച്ച് തലകുത്തി മറിയുന്ന ടൊവിനോയുടെ ദേഹത്ത് തീ ആളിപടരുന്നതാണ് ദൃശ്യങ്ങളിലൂള്ളത്. സിനിമയോടുള്ള അഭിനിവേശത്തില്‍ മറ്റൊന്നിനും ഈ മനുഷ്യനെ തടുക്കാനാകില്ലെന്ന് പറഞ്ഞാണ് സാന്ദ്ര രംഗം പങ്കുവച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates