Entertainment

നായകനായി മോഹന്‍ലാല്‍, വില്ലനായി സാക്ഷാല്‍ പദ്മരാജന്‍!; ക്രിമിനല്‍ ജീനിയസിന്റെ കഥ പറയുന്ന ആ ചിത്രത്തിന് സംഭവിച്ചത് എന്ത്? 

അപ്പു എന്ന ചിത്രത്തിന് മുമ്പ് മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു വലിയ ചിത്രം താന്‍ പ്‌ളാന്‍ ചെയ്തിരുന്നതായി വെളിപ്പെടുത്തുകയാണ് ഡെന്നിസ് ജോസഫ്

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിന് താരപരിവേഷം നേടി കൊടുത്ത ആദ്യ ചിത്രം ഏതാണ് എന്ന ചോദ്യത്തിന് ആദ്യം മനസ്സിലേക്ക് വരുന്ന പേര് രാജാവിന്റെ മകന്റേതാണ്.  1986ല്‍ പുറത്തിറങ്ങിയ ഈ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ആയിരുന്നു. എന്നാല്‍ രാജാവിന്റെ മകനില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഇരുവരുടെയും വിജയഗാഥ. 

തുടര്‍ന്ന് നമ്പര്‍ 20 മദ്രാസ് മെയില്‍, അപ്പു, ഇന്ദ്രജാലം തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ചു. ഹിറ്റു ചിത്രങ്ങളാണ് തുടര്‍ച്ചയായി പിറന്നുവീണത്. എന്നാല്‍ അപ്പു എന്ന ചിത്രത്തിന് മുമ്പ് മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു വലിയ ചിത്രം താന്‍ പ്‌ളാന്‍ ചെയ്തിരുന്നതായി വെളിപ്പെടുത്തുകയാണ് ഡെന്നിസ് ജോസഫ്. സാക്ഷാല്‍ പദ്മരാജനായിരുന്നു ആ സിനിമയില്‍ ലാലിന്റെ വില്ലനാകുന്നത് എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത.

ഒരു വലിയ സംഗീതജ്ഞന്‍ അമേരിക്കയില്‍ കച്ചേരിക്ക് പോകുന്നതും തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ തിരോധാനവും ഒക്കെയായിരുന്നു ഇതിവൃത്തം. സംഗീതജ്ഞനെ തേടിപോകുന്ന കൊച്ചുമകനായി മോഹന്‍ലാലും. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായിട്ടും ആ സിനിമ യഥാര്‍ത്ഥ്യമായില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ രാജാവിന്റെ മകനേക്കാള്‍ ഹിറ്റാകേണ്ടിയിരുന്ന ആ സിനിമയ്ക്ക് എന്തുസംഭവിച്ചു എന്ന് പറയുകയാണ് ഡെന്നിസ് ജോസഫ്.

'പ്രസിദ്ധ സംഗീതജ്ഞരെ പീഡിപ്പിച്ചും തടവിലിട്ടും അവരെ മറ്റ് രീതിയില്‍ ബ്‌ളാക്ക് മെയില്‍ ചെയ്തും അവരുടെ സൃഷ്ടികള്‍ സ്വന്തമാക്കി വിജയിക്കുന്ന ഒരു ക്രിമിനല്‍ ജീനിയസിന്റെ കഥയാണ് ഞാന്‍ എഴുതിയത്. മുത്തച്ഛന്റെ വേഷത്തില്‍ ആദ്യം നെടുമുടി വേണുവിനെയാണ് ഉദ്ദേശിച്ചതെങ്കിലും പിന്നീട് സുബിന്‍ മേത്തയെ പോലൊരാള്‍ വേണമെന്ന് തോന്നി. ഇന്ത്യന്‍ വംശജനായ പാശ്ചാത്യ സംഗീതജ്ഞന്‍. 500 പീസ് ഓര്‍ക്കസ്ട്രയൊക്കെ വച്ച് ഭീകരമായി സംഗീതം ഒരുക്കുന്നു. ഒരു ക്രിമിനല്‍ ജീനിയസ്. ആ റോളില്‍ ആരെ അഭിനയിപ്പിക്കും എന്ന് ആശങ്കയായി. അവസാനം ഒരാള്‍ മനസിലെത്തി. തീരുമാനം സെവന്‍ ആര്‍ട്‌സ് വിജയകുമാറിനോട് പറഞ്ഞു. വിജയകുമാറിനും സന്തോഷമായി. അദ്ദേഹം സമ്മതിക്കുമെങ്കില്‍ ഓകെ എന്നു പറഞ്ഞു. ഞാന്‍ മനസില്‍ കണ്ടത് പദ്മരാജനെയായിരുന്നു. അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞപ്പോള്‍, പപ്പേട്ടന് ആദ്യം തമാശ തോന്നി പിന്നീട് സമ്മതിച്ചു.'

'ഒരുദിവസം പപ്പേട്ടന്‍ എന്നെ വിളിച്ചു. എനിക്ക് രാത്രിയില്‍ കിടന്നിട്ട് ഉറക്കം വരുന്നില്ല. അഭിനയിക്കണം എന്ന് നീ പറഞ്ഞപ്പോള്‍ ആദ്യം സമ്മതിച്ചെങ്കിലും പിന്നെ ഒരു സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട റോള്‍ ആദി മധ്യാന്തം ഉള്ള ഒരു വില്ലന്‍ റോള്‍ അഭിനയിക്കുക എന്നു പറഞ്ഞാല്‍ പേടി തോന്നുന്നു. എന്നെ ഒഴിവാക്കണം എന്നു പറഞ്ഞു. ഞങ്ങള്‍ നിരാശരായി വേറെ ആളെ നോക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആ സിനിമ നടന്നില്ല. എന്റെ സിനിമയ്ക്ക് കുറച്ചുകൂടി വിപുലമായ സൗകര്യങ്ങള്‍ വേണം. അത്ര സൗകര്യം ഒരുക്കിയെടുത്ത് അമേരിക്കയില്‍ സിനിമ ചെയ്യാന്‍ നിര്‍മ്മാതാവിന്റെ സ്ഥിതിയും സന്നാഹവും പോരാതെ വന്നു. ആ പ്രോജക്ട് അങ്ങനെ ഉപേക്ഷിച്ചു'.- ഡെന്നിസ് ജോസഫ് ഓര്‍ക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT