Entertainment

'നിന്റെ ഭാര്യയേയും മക്കളെയും സൂക്ഷിച്ചോ, പുറത്തിറങ്ങുമ്പോള്‍ കാണിച്ചു തരാം'; സംവിധായകന്‍ അജി ജോണിനും കുടുംബത്തിനും വധഭീഷണി

മിശ്രവിവാഹിതനും, സിനിമാപ്രവര്‍ത്തകനുമായതിനാലാണ് തങ്ങളെ അസോസിയേഷന്‍ ഒറ്റപ്പെടുത്തിയതെന്നും ദീപ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ധഭീഷണിയുണ്ടെന്ന പരാതിയുമായി നടനും സംവിധായകനുമായ അജി ജോണും കുടുംബവും രംഗത്ത്. താമസിക്കുന്ന ഫ്‌ലാറ്റിലുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്നാണ് ഭീഷണിയുണ്ടായതെന്ന് അജിയുടെ ഭാര്യ ദീപ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പോസ്റ്റില്‍ പറയുന്നു. ഫ്‌ലാറ്റില്‍ ജോലിക്കു വരുന്ന തമിഴ് സ്വദേശികളാണ് ഭീഷണിക്കു പിന്നില്‍. 

ഇതിനെതിരേ ഫ്‌ലാറ്റിലെ അസോസിയേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നും ദീപ കുറ്റപ്പെടുത്തി. തുടര്‍ന്ന് പൊലീസിനെ സമീപിച്ചിരിക്കുകയാണ് കുടുംബം. മിശ്രവിവാഹിതനും, സിനിമാപ്രവര്‍ത്തകനുമായതിനാലാണ് തങ്ങളെ അസോസിയേഷന്‍ ഒറ്റപ്പെടുത്തിയതെന്നും ദീപ പറഞ്ഞു. ഫ്‌ലാറ്റ് ജീവിതം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമല്ലെന്നും ഇവര്‍ വ്യക്തമാക്കി. 

ദീപയുടെ ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങളാണ്.

ഫ്‌ലാറ്റ് ജീവിതം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം നല്‍കുമെന്ന ധാരണയിലാണ് ഞാനും ഫ്‌ലാറ്റ് സംസ്‌ക്കാരത്തിന് അടിമപ്പെട്ടത്. നാല്‍പതിലധികം കുടുംബങ്ങളുണ്ടാവാം ഏതൊരു ഫ്‌ലാറ്റിലും, സെക്യൂരിറ്റി സിസ്റ്റം, മുഴുവന്‍ സമയ നിരീക്ഷണ ക്യാമറകള്‍ തുടങ്ങി ആധുനിക സംരക്ഷണ ഉപകരണങ്ങള്‍ കൂടാതെ, ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവരുടെ സമാധാന ജീവിതത്തിനും, സംരക്ഷണത്തിനായി അസോസിയേഷനും ഉണ്ടാകും. താമസക്കാരന്റെ ന്യായമായ ഏതൊരാവശ്യവും അസോസിയേഷന്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും. ആയതിനാല്‍ ഫ്‌ലാറ്റ് വാസികള്‍ ഫ്‌ലാറ്റിനുള്ളിലെ പ്രശ്‌നങ്ങളുമായി പൊലീസിനെയോ കോടതിയയെയോ സമീപിക്കേണ്ടിവരില്ല. .ഇതൊക്കെ മറ്റേതൊരാളേയും പോലെ ഞാനും വിശ്വസിച്ചിരുന്നു.

പക്ഷേ എനിക്കുണ്ടായ ഒരു ദുരനുഭവം ഞാന്‍ ഇവിടെ എഴുതുകയാണ്. ഫ്‌ലാറ്റില്‍ വന്നു അലക്കിയ തുണികള്‍ ശേഖരിച്ചു ഇസ്തിരിയിട്ടു കൊണ്ടു വരുന്ന ഒരു തമിഴ് സ്ത്രീ ഉണ്ട്. സമീപവാസിയാണെന്നും, ഉപജീവനം ഈ തൊഴിലാണെന്നും പറഞ്ഞു അവരും കുടുംബവും (ഭര്‍ത്താവ്,മകന്‍,മകള്‍) എന്നിവര്‍ ഫ്‌ലാറ്റില്‍ തുണികള്‍ കലക്ട് ചെയ്യാന്‍ വരുന്നുണ്ടായിരുന്നു.

അടുത്ത ദിവസങ്ങളില്‍ ഇസ്തിരിയിടാന്‍ കൊടുക്കുന്ന തുണികളില്‍ ചിലതു നഷ്ടപ്പെടുകയും ചോദിച്ചാല്‍ നമ്മുടേതല്ലാത്ത തുണികള്‍ മടക്കി നല്‍കുകയും ചെയ്യുന്നത് പതിവായി..ആദ്യമൊക്കെ അബദ്ധം പറ്റിയതാവാമെന്നോര്‍ത്തു ഞാന്‍ നിസ്സാരമായി കണ്ടു. നമ്മള്‍ ഗൗരവമായി പ്രശ്‌നത്തെ സമീപിക്കുന്നില്ലെന്നു മനസ്സിലായപ്പോള്‍ വിലകൂടിയ തുണികള്‍ കട്ടെടുക്കാന്‍ തുടങ്ങി..

അതിനെ ചോദ്യം ചെയ്തപ്പോള്‍ എന്നോട് മോശം ഭാഷയില്‍ കയര്‍ക്കുകയും..ഭീഷണിപ്പെടുത്തുകയും അജിയോട് നിന്റെ ഭാര്യയെയും മക്കളെയും നീ സൂക്ഷിച്ചോ പുറത്തിറങ്ങുമ്പോള്‍ കാണിച്ചു തരാം എന്നൊരു ഭീഷണിയുമായി അത്യാവശ്യം നല്ലൊരു ഷോയ്ക്കു ശേഷം അവര്‍ പോയി..

അതിനുശേഷം എന്റെ ഫോണില്‍ വിളിച്ചു എന്നെയും മക്കളെയും അപായപ്പെടുത്തും എന്ന രീതിയില്‍ ഭീഷണികളും. അസോസിയേഷനില്‍ പരാതി നല്‍കി, അവര്‍ക്കു പ്രതികരണവുമില്ല. ഒടുവില്‍ കെയര്‍ ടേക്കറോട് അജി അന്വേഷിച്ചപ്പോള്‍ അസോസിയേഷന്‍ ആ സ്ത്രീയെ സപ്പോര്‍ട്ട് ചെയ്യുന്നതായും അറിയാന്‍ കഴിഞ്ഞു..

പാവപ്പെട്ട തമിഴ് സ്ത്രീ എന്ന ചിന്ത എന്റെ മനസ്സില്‍ അപ്പോഴുമുണ്ട്..പക്ഷേ അവരുടെ ഭീഷണി അതല്പം ഉറച്ചതായിരുന്നു..എന്നതുകൊണ്ടും ഗോവിന്ദച്ചാമിയും പാവപ്പെട്ട യാചകനായിരുന്നു എന്നത് ഓര്‍മ്മയില്‍ ഉള്ളതു കൊണ്ടും പൊലീസില്‍ പരാതിപെടാന്‍ തീരുമാനിച്ചു..

പരാതിപ്പെടലിനു ശേഷം..അറിഞ്ഞ കാര്യങ്ങള്‍ കുറച്ചു വിഷമിപ്പിക്കുന്നത് തന്നെയായിരുന്നു..അവരുടെ പേര് മുതല്‍ മകള്‍ എന്ന് പറഞ്ഞ പെണ്‍കുട്ടി മകളല്ല, കൂടെയുള്ള കൊച്ചു കുഞ്ഞുങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലം എല്ലാം ദുരൂഹമായിരുന്നു.. കേസന്വേഷണത്തിലിരിക്കുന്നതിനാല്‍ അതേ കുറിച്ചധികം വെളിപ്പെടുത്തലുകള്‍ പിന്നീടാവാം.

നാളെ എനിക്കോ കുടുംബത്തിനോ ഉണ്ടായേക്കാവുന്ന വലിയൊരാപകടത്തിന്റെ ആഴം വളരെ വലുതാണെന്ന തിരിച്ചറിവ് ഒരു ക്രിമിനലിനു പിന്തുണ പ്രഖ്യാപിച്ച അസോസിയേഷനോടുള്ള ബഹുമാനം വര്‍ധിപ്പിക്കുന്നു.

മിശ്രവിവാഹിതനും,സിനിമാപ്രവര്‍ത്തകനുമായതിനാല്‍ അയാളുടെ കുടുംബത്തെ ഒറ്റപ്പെടുത്തണം എന്ന അസോസിയേഷന്റെ ചിന്ത ഞങ്ങളുടെ യുക്തിക്ക് നിരക്കുന്നതല്ല..നിങ്ങള്‍ ഒറ്റപ്പെടുത്താന്‍ ഉപയോഗിച്ച കാരണങ്ങള്‍ രണ്ടും ഞങ്ങളുടെ ഐഡന്റിറ്റിയും ,അഭിമാനവുമാണ്.

ഒരാള്‍ കൊല്ലാന്‍ തുനിഞ്ഞിറങ്ങിയാല്‍ മരിക്കാതെ നിവര്‍ത്തിയില്ല..പക്ഷേ ഞങ്ങള്‍ ഒരിക്കലേ മരിക്കൂ എന്ന് പ്രതിജ്ഞ എടുത്തവരാണ്..ദിനവും മരിച്ചു ജീവിക്കുന്നവരല്ല..

ഈ കുറിപ്പിവിടെ കുറിച്ചത് ഫ്‌ലാറ്റ് ജീവിതത്തിന്റെ സുരക്ഷിതത്ത്വെത്തെകുറിച്ചു ഞാന്‍ പലരോടും വാചാലയായിട്ടുണ്ട്.. ആ ധാരണകള്‍ തെറ്റാണ്. നമ്മുടെ ജീവനും സ്വത്തും പലരുടെയും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ബലി കൊടുക്കപ്പെടും. ഫ്‌ലാറ്റ് സംസ്‌ക്കാരത്തില്‍ ജീവിക്കുന്ന ചിലര്‍ക്കെങ്കിലും ഇതിലധികം അനുഭവങ്ങളുണ്ടാവും..നല്ലതും ചീത്തയും.

പൊളിച്ചെഴുത്തുവേണ്ട എല്ലാ നിയമങ്ങളും പൊളിച്ചെഴുതുവരെ ഞങ്ങള്‍ പൊരുതും.. ഞങ്ങള്‍ പറയുന്ന വാക്കുകള്‍ പാലിക്കുന്നവരാണ് അതുകൊണ്ടാണ് മിശ്ര വിവാഹിതര്‍ എന്ന് നിങ്ങള്‍ക്ക് ഞങ്ങളെ വിളിക്കേണ്ടി വന്നത്.

ദീപ അജിജോണ്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT