ലോക്ക്ഡൗണിൽ തന്റെ കരിയറിലെ ഓർമകൾ ആരാധകരുമായി പങ്കുവെക്കുകയാണ് നടൻ ഷമ്മി തിലകൻ. സിനിമയിൽ നിന്ന് തുടക്കം മുതലേ ഒരുപാട് തേപ്പുകിട്ടിയിട്ടുള്ള ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന അപൂർവ്വ ജനുസ്സിൽപ്പെട്ട ജീവിയാണ് താനെന്നാണ് ഷമ്മി കുറിക്കുന്നത്. താരം അഭിനയിച്ച കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ അണിയറപ്രവർത്തകരിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചാണ് ഷമ്മി കുറിക്കുന്നത്. ആദ്യത്തെ പത്ത് എപ്പിസോഡിലാണ് കൊച്ചുണ്ണിയായി ഷമ്മി എത്തുന്നത്. അതിനു ശേഷം ചെറുപ്പകാലത്തെക്കുറിച്ച് ചിന്തിക്കുന്ന 50 എപ്പിസോഡിന് ശേഷം വീണ്ടും മുതിർന്ന കൊച്ചുണ്ണിയിലേക്ക് തിരിച്ചുവരുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ റേറ്റിങ് കൂട്ടിയതോടെ ചെറുപ്പകാലത്തിന്റെ നീളവും കൂടി. ആ സമയത്ത് പ്രതികരിക്കാൻ ഊർജ്ജം നൽകിയത് നടൻ ജനാർദ്ദനൻ ആയിരുന്നു എന്നാണ് ഷമ്മി പറയുന്നത്. കൊച്ചുണ്ണിയുടെ സൂപ്പർ ഡയലോഗ് പറഞ്ഞുകൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
ഷമ്മി തിലകന്റെ കുറിപ്പ് വായിക്കാം
#ഒരു_തേപ്പ്_കഥ.
സിനിമയിൽ നിന്നും തുടക്കം മുതലേ ഒരുപാട് "തേപ്പ്" കിട്ടിയിട്ടുള്ള..; ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന..; നാളെയും കിട്ടും എന്ന് ഉറപ്പുള്ള അപൂർവ്വ ജനുസ്സിൽപ്പെട്ട ഒരു ജീവിയാണ് ഞാൻ..!
ആ ജനുസ്സിലേക്ക് ഇനിയൊരാൾ കൂടി വന്നു വീഴാതിരിക്കട്ടേ എന്ന സൽചിന്തയാൽ..; എനിക്ക് കിട്ടിയ അനേകം "തേപ്പ്കഥകളിൽ" ഒരെണ്ണം ഞാനിവിടെ പങ്കുവെക്കുന്നു..!!
2004-ൽ സൂര്യ ടിവി ടെലികാസ്റ്റ് ചെയ്ത ജനപ്രിയ സീരിയൽ കായംകുളം കൊച്ചുണ്ണിയിൽ, നായകകഥാപാത്രം "കൊച്ചുണ്ണി" ആയി വേഷമിടാൻ, സംവിധായകനും, എഴുത്തുകാരനും കൂടി എന്നെ സമീപിച്ചു.
ആദ്യ 10 എപ്പിസോഡ് കൊച്ചുണ്ണിയുടെ അറസ്റ്റ്, വിചാരണ നടപടി, ജയിൽവാസം ഒക്കെയാണെന്നും..; അങ്ങനെ ജയിലിൽ കിടക്കുന്ന കൊച്ചുണ്ണിയുടെ ഓർമ്മയായി കാണിക്കുന്ന കൊച്ചുണ്ണിയുടെ ബാല്യം ആണ് തുടർന്നുള്ള 40 എപ്പിസോഡുകൾ എന്നും..; ആ 40 എപ്പിസോഡുകളും കഴിഞ്ഞാൽ, വീണ്ടും ഞാൻ ചെയ്യുന്ന മുതിർന്ന കൊച്ചുണ്ണിയുടെ തിരിച്ചുവരവ് ആണെന്നും.; അവിടം മുതലായിരിക്കും യഥാർത്ഥ കായംകുളം കൊച്ചുണ്ണിയുടെ കഥ പറയുന്നതെന്നും മറ്റുമാണ് 50 എപ്പിസോഡിന്റെ വിശദമായ സ്ക്രിപ്റ്റ് വായിച്ച് ബോധ്യപ്പെടുത്തി എന്നെ അന്നവർ വളച്ചെടുത്തത്..!!
സിനിമയിൽ സത്യൻ മാഷ് പകർന്നാടിയ കൊച്ചുണ്ണിയെ സീരിയലിൽ അവതരിപ്പിക്കാൻ ഷമ്മി തിലകൻ അല്ലാതെ മറ്റൊരാളില്ല ; എന്നൊക്കെയുള്ള ആ "വിദ്വാന്മാരുടെ" തള്ളലിൽ മതിമറന്ന്, എഗ്രിമെൻറ് പോലും വെക്കാതെയാണ് ഞാൻ അഭിനയിക്കാൻ തയ്യാറായത്..! എന്തിനധികം..; പത്തിരുപത് ദിവസം കഷ്ടപ്പെട്ട് ജോലി ചെയ്തതിൻറെ ശമ്പളം പോലും ഈ മരമണ്ടൻ അന്ന് വാങ്ങിയില്ല, അഥവാ ബുദ്ധിപൂർവ്വം അവർ തരാതെയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates