പത്മാവതി സിനിമയ്‌ക്കെതിരെ കര്‍ണിസേന നടത്തിയ പ്രതിഷേധത്തില്‍നിന്ന് 
Entertainment

പത്മാവതി റിലീസ് ചെയ്യാനനുവദിക്കാതെ കര്‍ണിസേന: റിലീസ് തീയതി വീണ്ടും മാറ്റി 

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ബോളിവുഡ് ചിത്രം 'പത്മാവതി'യുടെ റിലീസ് തീയതി മാറ്റി. കര്‍ണിസേനയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് റിലീസ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഡിസംബര്‍ ഒന്നിനാണ് റിലീസ് നിശ്ചയിച്ചിരുന്നത്. 

സിനിമ ചരിത്രം വളച്ചൊടിച്ചുള്ളതാണെന്നും റാണി പത്മാവതിയുടെ ജീവിതകഥയില്‍ അനാവശ്യ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയുള്ളതാണെന്നും ആരോപിച്ച് ചിത്രത്തിനെതിരെ വലിയ പ്രതിഷേധമാണുയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.

'പത്മാവതി' സിനിമയ്‌ക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാരും യുപി സര്‍ക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു. ജനവികാരം കണക്കിലെടുത്ത് റിലീസ് മാറ്റിവയ്ക്കണമെന്നായിരുന്നു ആവശ്യം. കര്‍ണിസേനയടക്കം വിവിധ സംഘടനകളും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. റിലീസിനെത്തുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദ് നടത്തുമെന്നും രാജ്പുത് കര്‍ണിസേന അറിയിച്ചിരുന്നു. 

ഡല്‍ഹി സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജി 1303ല്‍ മേവാഡ് ആക്രമിക്കുകയും ഭരണാധികാരി റാവല്‍ രത്തന്‍ സിങ്ങിന്റെ ആസ്ഥാനമായ ചിത്തോസ് കോട്ട വളയുകയും ചെയ്തു. പിടിക്കപ്പെടുമെന്നായപ്പോള്‍ രാജപത്‌നി റാണി പത്മിനിയടക്കം കോട്ടയിലെ സ്ത്രീകളെല്ലാവരും തീയില്‍ ചാടി ജീവനൊടുക്കുകയും പുരുഷന്മാര്‍ എല്ലാവരും ഖില്‍ജിയോട് ഏറ്റുമുട്ടി വീരമൃത്യു വരിക്കുകയും ചെയ്തു എന്നുള്ള ചരിത്രം രജപുത്രന്മാര്‍ തങ്ങളുടെ പൈതൃകമായി കൊണ്ടാടുന്നതാണ്. ഇതിനെ അടിസ്ഥാനമാക്കി 1540ല്‍ സൂഫി കവി മാലിക് മുഹമ്മദ് ജയാസി അവധ് ഭാഷയില്‍ 'പത്മാവത്' എന്ന ഇതിഹാസകാവ്യം രചിച്ചു. അതീവ സുന്ദരിയെന്നു പുകള്‍പെറ്റ റാണിയെ സ്വന്തമാക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നു ഖില്‍ജിയുടെ ആക്രമണമെന്നു 'പത്മാവത്' പറയുന്നു.

റാണിക്കു സുല്‍ത്താനോടു പ്രണയം ഉണ്ടായിരുന്നുവെന്നും റാണി കാണുന്ന സ്വപ്നത്തിന്റെ ഭാഗമായി ഇരുവരുമൊന്നിച്ചുള്ള പ്രണയരംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും ആരോപിച്ചാണ് രാജ്പുത് കര്‍ണി സേന പ്രതിഷേധകോലാഹലം ഇളക്കിവിട്ടിരിക്കുന്നത്. ഹിന്ദു സംസ്‌കാരത്തെ ഇകഴ്ത്തി കാണിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അവര്‍ പറയുന്നു.

ഒരു വര്‍ഷത്തോളമെടുത്ത് 190 കോടി രൂപ ചെലവിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ റാണി പത്മാവതിയായി വേഷമിട്ടിരിക്കുന്നത് ദീപിക പദുക്കോണ്‍ ആണ്. രത്തന്‍ സിങ് ആയി ഷാഹിദ് കപൂറും എത്തുന്നു. സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ വേഷം ചെയ്യുന്നത് രണ്‍വീര്‍ സിങ് ആണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

SCROLL FOR NEXT