

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതപ്പെയ്ത്തില്‍ മരണം ഉയരുന്നു. മഴക്കെടുതിയില്‍ കേരളത്തില്‍ ഇതുവരെ ഏഴുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിലും ഉരുള്‍ പൊട്ടലിലും നാലു പേരാണ് മരിച്ചത്. മലപ്പുറം കൊണ്ടോട്ടി നീറാട് തോട്ടില്‍ വീണ് നാലു വയസ്സുകാരന്‍ ആദം അയ്മന്‍ മരിച്ചു. തിരുവാലി കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസ്സുകാരന്‍ മരിച്ചു. വയനാട് പടിഞ്ഞാറേത്തറയില്‍ കുളത്തില്‍ നിന്നും വെള്ളം പമ്പു ചെയ്യാന്‍ ശ്രമിക്കവെ, മഞ്ഞൂറ സ്വദേശി ബെന്നി ഷോക്കേറ്റ് മരിച്ചു.
കൊല്ലം നീണ്ടകരയില്‍ ഇന്നലെ വള്ളം മറിഞ്ഞ് കാണാതായി പുത്തന്‍തുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം ലഭിച്ചു. കാണാതായ മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംസ്ഥാനത്തെ മലയോര മേഖലകളില്‍ മണ്ണിടിച്ചിലുണ്ടായി. റാന്നിക്ക് പുറമേ, പാലാ ടൗണും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കെ കെ റോഡിലും വെള്ളം കയറി. ഈരാറ്റുപേട്ട ടൗണും വെള്ളത്തിലായി. മൂന്നിലവില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. വാഗമണ്ണില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗത തടസവും ഉണ്ടായിട്ടുണ്ട്.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഒമ്പതു ജില്ലകളില്‍ അതിതീവ്രമഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുമാണ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
മുഖ്യമന്ത്രി വിഡി സതീശന്‍ മന്ത്രിമാരുമായും ജില്ലാ കലക്ടര്‍മാരുമായും ബന്ധപ്പെട്ട് സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളില്‍ ക്യാമ്പുചെയ്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിര്‍വഹിക്കും. മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എംഎല്‍എമാരുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കലക്ടര്‍മാര്‍ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂവാറ്റുപുഴ ആറിലും തൊടുപുഴയാറിലും ജലനിരപ്പ് അപകടനില പിന്നിട്ടു. കാളിയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് നില പിന്നിട്ടു. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. മൂവാറ്റുപുഴ, കല്ലട, മീനച്ചിൽ, പമ്പ, അച്ചൻകോവിൽ എന്നീ നദികളുടെ കരകളിൽ താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates