ടൊവിനോ തോമസിനേയും ഐശ്വര്യ ലക്ഷ്മിയേയും പ്രധാനകഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി മികച്ച വിജയം നേടിയിരുന്നു. സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമിച്ചത്. എന്നാൽ ചിത്രത്തിന്റെ യഥാർത്ഥ നിർമാതാവ് സ്വർണ്ണക്കടത്ത് കേസ് പ്രതി ഫൈസൽ ഫരീദാണ് എന്ന തരത്തിലുള്ള പ്രചരണങ്ങളുണ്ടായിരുന്നു. ഇത് വ്യാജ വാർത്തയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് ടി കുരുവിള. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. തന്റെ അക്കൗണ്ടിൽ നിന്ന് പണം മുടക്കിയാണ് ചിത്രം നിർമിച്ചതെന്നാണ് സന്തോഷ് പറയുന്നത്. ഒരു വ്യക്തിയുടെ കൈയ്യിൽ നിന്നും പണം കടമായോ ,നിക്ഷേപമായോ കൈപറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സന്തോഷ് ടി കുരുവിളയുടെ ഫേയ്സ്ബുക്ക് കുറിപ്പ്
പ്രിയ സുഹൃത്തുക്കളെ ,
ഒരു പ്രവാസി വ്യവസായി യായിരിയ്ക്കുമ്പോഴും സിനിമയോടുള്ള ഒരു പാഷൻ കൊണ്ട് തന്നെ, മലയാള സിനിമ വ്യവസായത്തിൽ, മോശമല്ലാത്ത സംരഭകത്വത്തിന് വിജയകരമായ നേതൃത്വം നൽകുന്ന ഒരു വ്യക്തിയാണ് ഞാൻ ,
നിർഭാഗ്യവശാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായ് സാമൂഹ്യ മാധ്യമങ്ങളിൽ ഞാൻ നിർമ്മിച്ച #മായാനദി എന്ന ചിത്രത്തിൻ്റെ യഥാർത്ഥ നിർമ്മാതാവ് മറ്റേതോ വിവാദ വ്യക്തിയാണ് എന്ന രീതിയിലുള്ള വാർത്ത പ്രചരിച്ചു കാണുന്നു ,
എന്തടിസ്ഥാനത്തിലാണ് ചില രാഷ്ട്രീയ സുഹൃത്തുക്കളും ,ഓൺലൈൻ പോർട്ടലുകളും ഇത്തരമൊരു അടിസ്ഥാന രഹിതമായ ,വസ്തുതകൾക്ക് നിരക്കാത്ത വ്യാജ വാർത്ത പ്രസിദ്ധീകരിയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല ?
#മായാനദി എന്ന മലയാള ചലച്ചിത്രം പൂർണ്ണമായും എൻ്റെ അക്കൗണ്ടിൽ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ് , ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര ,സംസ്ഥാന സർക്കാർ നികുതികൾ കൃത്യമായ് അടച്ചിട്ടുള്ളതാണ് ,
പ്രധാനമായ് ഈ സിനിമ നിർമ്മിയ്ക്കാൻ ഞാൻ ഒരു വ്യക്തിയുടെ കൈയ്യിൽ നിന്നും പണം കടമായോ ,നിക്ഷേപമായോ കൈപറ്റിയിട്ടില്ലായെന്ന് വിനയ പുരസരം അറിയിച്ചു കൊള്ളട്ടെ !
പ്രവാസ ലോകത്തും സ്വന്തം നാട്ടിലും വിജയകരമായ് ബിസിനസ് ചെയ്യുന്ന വിവിധ കമ്പനികളുടെ ഉടമയായ എനിയ്ക്ക് മായാ നദി എന്ന എൻ്റെ സിനിമയെ കുറിച്ച് വന്ന വ്യാജ വാർത്തകളോട് സഹതപിയ്ക്കുവാനും ഖേദിയ്ക്കുവാനുമേ ഇന്നത്തെ നിലയിൽ സാധ്യമാവൂ .
ഓൺലൈൻ പോർട്ടലുകളിൽ, സമൂഹ മാധ്യമങ്ങളിൽ ഇത്തരം വ്യാജ വ്യാർത്തകൾ പടച്ച് വിടുന്നതിൽ ചില വ്യക്തികൾക്ക് എന്തു തരത്തിലുള്ള ആനന്ദമാണ് ലഭിയ്ക്കുന്നതെന്ന് ഇനിയും മനസ്സിലാവുന്നില്ല?
ദയവു ചെയ്ത് ഡെസ്കിലിരുന്നും അല്ലാതെയും ടൈപ്പ് ചെയ്യുമ്പോൾ ഒരു ഫാക്ട് ചെക്ക് നടത്തുക ,
ഞാനൊരു വ്യവസായിയാണ് ,നിരവധി ചെറുപ്പക്കാർ വിവിധ സംരഭങ്ങളിലായ് നാട്ടിലും വിദേശത്തും എന്നോടൊപ്പം ഇന്നും പ്രവർത്തിയ്ക്കുന്നുണ്ട് ,
പുതിയ സിനിമകൾക്കായുള്ള ചർച്ചകൾ ഈ കൊറോണാ ഘട്ടത്തിലും പുരോഗമിയ്ക്കുകയാണ് ,വിനോദ വ്യവസായത്തിൽ തുടർന്നും എൻ്റെ നിക്ഷേപം ഉണ്ടായിക്കൊണ്ടിരിയ്ക്കും .
ഒരു വസ്തുത അറിയുക സന്തോഷ് ടി. കുരുവിളയുടെ ബിനാമി സന്തോഷ് ടി കുരുവിള മാത്രമാണ് ,
വ്യാജ വാർത്തകൾ പരത്താതിരിയ്ക്കുക,
കൊറോണ പടർത്താതിരിയ്ക്കുക,
സുരക്ഷിതരായിരിയ്ക്കുക .
നന്ദി ! നമസ്കാരം
സന്തോഷ് ടി. കുരുവിള
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates