സ്മൃതി ഇറാനി 
Entertainment

മൂന്നു മണിക്കൂര്‍ നീക്കിവയ്ക്കാനില്ലാത്തവര്‍ ദേശീയ അവാര്‍ഡ് നല്‍കേണ്ട; വിമര്‍ശനവുമായി റസൂല്‍ പൂക്കുട്ടി

മൂന്നു മണിക്കൂര്‍ നീക്കിവയ്ക്കാനില്ലാത്തവര്‍ ദേശീയ അവാര്‍ഡ് നല്‍കേണ്ട; വിമര്‍ശനവുമായി റസൂല്‍ പൂക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തെച്ചൊല്ലി വിവാദം കൊഴുക്കുന്നു. പതിവു തെറ്റിച്ച് പതിനൊന്നു പേര്‍ക്കു മാത്രം രാഷ്ട്രപതിയും ശേഷിച്ചവര്‍ക്ക് വാര്‍ത്താ വിതരണ വകുപ്പു മന്ത്രിയും അവാര്‍ഡ് വിതരണം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.  ഇതില്‍ പ്രതിഷേധിച്ച് അവാര്‍ഡ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ചലച്ചിത്ര രംഗത്തുള്ളവര്‍.

അവാര്‍ഡ് വിതരണത്തില്‍ സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ഓസ്‌കര്‍ ജേതാവും ശബ്ദലേഖന കലാകാരനുമായ റസൂല്‍ പൂക്കുട്ടി രംഗത്തുവന്നു. മൂന്നു മണിക്കൂര്‍ സമയം നീക്കിവയ്ക്കാനില്ലെങ്കില്‍ അവാര്‍ഡ് നല്‍കാതിരിക്കലാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് റസൂല്‍ പൂക്കുട്ടി അഭിപ്രായപ്പെട്ടു. തങ്ങളുടെ വിയര്‍പ്പില്‍ പകുതിയും സര്‍ക്കാരിനുള്ള വിനോദനികുതിയായാണ് പോവുന്നത്. അതിനുള്ള വിലയെങ്കിലും കല്‍പ്പിക്കണമെന്ന് റസൂല്‍ പൂക്കുട്ടി ട്വീറ്റില്‍ പറഞ്ഞു.


ഇന്ന് വൈകീട്ട് 5.30ന് ഡല്‍ഹി വിജ്ഞാന്‍ ഭവനിലാണ് പുരസ്‌കാര വിതരണം.
രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുള്ളത്. ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുവരെയുള്ള പതിവും അതാണ്. ഇത്തവണ ആദ്യമായാണ് വാര്‍ത്താവിതരണ മന്ത്രി അവാര്‍ഡ് വിതരണം ചെയ്യണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വരുന്നത്.

ബുധനാഴ്ച വിജ്ഞാന്‍ ഭവനില്‍ നടന്ന പുരസ്‌കാരച്ചടങ്ങിന്റെ റിഹേഴ്‌സലിനിടയിലാണ് ഈ തീരുമാനം മാറ്റിയതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അവാര്‍ഡ് ജേതാക്കളെ അറിയിച്ചത്. 11 പുരസ്‌കാരങ്ങള്‍ മാത്രം രാഷ്ട്രപതി നല്‍കുകയും ബാക്കി മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കൊപ്പം രാഷ്ട്രപതി ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്നും അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ചൂണ്ടിക്കാണിച്ചുള്ള അച്ചടിച്ച നടപടിക്രമങ്ങളും റിഹേഴ്‌സലില്‍ നല്‍കി.

ഇതനുസരിച്ച് വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെന്‍, മികച്ച ഗായകന്‍ യേശുദാസ്, മികച്ച സംവിധായകന്‍ ജയരാജ്, മികച്ച സംഗീതസംവിധായകന്‍ എആര്‍ റഹ്മാന്‍ തുടങ്ങി 11 പുരസ്‌കാരങ്ങളാണ് രാഷ്ട്രപതി വിതരണം ചെയ്യുന്നത്. ബാക്കി മന്ത്രി സ്മൃതി ഇറാനിയും നല്‍കും.

എന്നാല്‍, തീരുമാനത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉടന്‍ ചോദ്യംചെയ്തു. കേരളത്തില്‍നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുയര്‍ത്തിയത്. തങ്ങളെ അറിയിച്ചത് രാഷ്ട്രപതി പുരസ്‌കാരം നല്‍കുമെന്നാണെന്നും തീരുമാനം മാറ്റിയതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മന്ത്രി ഇറാനിയെ വിവരമറിയിച്ചു. ഉടന്‍ തന്നെ മന്ത്രി വിജ്ഞാന്‍ഭവനിലെ റിഹേഴ്‌സല്‍ വേദിയിലെത്തി. മന്ത്രിയോടും ചലച്ചിത്രപ്രവര്‍ത്തകര്‍ പ്രതിഷേധമറിയിച്ചു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വ്യാഴാഴ്ചത്തെ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അവര്‍ മുന്നറിയിപ്പുനല്‍കി. ഇതേത്തുടര്‍ന്ന് പ്രശ്‌നം തൃപ്തികരമായി പരിഹരിക്കാമെന്ന് മന്ത്രി അറിയിച്ചു. പരിഹാരമായില്ലെങ്കില്‍ ബഹിഷ്‌കരണത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

'മുപ്പത് കഴിഞ്ഞാൽ പിന്നെ "തള്ളച്ചികൾ " ആയി, കാലമൊക്കെ മാറി, കൂപമണ്ഡൂകങ്ങളേ'; കുറിപ്പ്

SCROLL FOR NEXT