പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രസിനിമ ലോക്‌സഭാ തെരഞ്ഞടുപ്പ് കാലത്ത് റിലീസ് ചെയ്യും. ആദ്യഘട്ട വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസമായ ഏപ്രില്‍ 12നാണ് റിലീസ്. ജനുവരി മാസത്തില്‍ 23 ഭാഷകളിലായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ റിലീസ് ചെ്തിരുന്നു. 'എന്റെ രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി' എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍.
വിവേക് ഒബ്‌റോയി മോദിയായെത്തുന്ന ചിത്രത്തില്‍ ബോമന്‍ ഇറാനി, മനോജ് ജോഷ്, സറീന വഹാബ്, ബര്‍ഖ ബിഷ്ട്, ദര്‍ശന്‍ റവാല്‍, അക്ഷദ് ആര്‍ സലൂജ, സുരേഷ് ഒബ്‌റോയ്, അഞ്ചന്‍ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യതിന്‍ കാര്യേക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'വളരെ പ്രത്യേകതകള്‍ ഉള്ള ഒരു ചിത്രമാണിത്, പറയപ്പെടേണ്ട ഒരു കഥയും. വിശ്വാസത്തിന്റെ ഈ കഥ പ്രേക്ഷകരെ പ്രചോദിപ്പിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. 130 കോടി ജനങ്ങളിലേക്ക് ഈ കഥ എത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷവും ആവേശവുമുണ്ട്,' ചിത്രത്തിന്റെ നിര്‍മ്മാതാവ് സന്ദീപ് സിംഗ് പറഞ്ഞു.
മോദിയായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു എന്നാണ് വിവേക് ഒബ്‌റോയി കഥാപാത്രത്തെ കുറിച്ച് പ്രതികരിച്ചത്. 'ഞാനേറെ ഭാഗ്യം ചെയ്ത വ്യക്തിയാണ്. ഇപ്പോള്‍ എനിക്ക് 16 വര്‍ഷം മുന്‍പുള്ള എന്റെ 'കമ്പനി' ചിത്രത്തിന്റെ ദിവസങ്ങളാണ് ഓര്‍മ്മ വരുന്നത്. അതേ ആവേശമാണ് ഈ കഥാപാത്രവും എനിക്ക് സമ്മാനിക്കുന്നത്. കാരണം ഇതൊരു നടന് ജീവിതകാലത്തിലൊരിക്കല്‍ മാത്രം കിട്ടുന്ന വേഷമാണ്. ഈ യാത്രയുടെ അവസാനം ഞാന്‍ കൂടുതല്‍ മികച്ച നടനും മികച്ച മനുഷ്യനുമായി തീരണമേയെന്നാണ് എന്റെ പ്രാര്‍ത്ഥന. നരേന്ദ്രമോദി ലോകമൊട്ടാകെ അറിയപ്പെടുന്ന വ്യക്തിത്വവും മികച്ച നേതാവുമാണ്, ആ വ്യക്തിത്വവും ഗുണങ്ങളും സ്‌ക്രീനില്‍ കൊണ്ടുവരുക എന്നത് എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഈ അവിസ്മരണീയമായ യാത്ര പൂര്‍ണമാക്കുവാന്‍ എനിക്ക് എല്ലാവരുടെയും അനുഗ്രഹം വേണം,' എന്നാണ് പോസ്റ്റര്‍ ലോഞ്ചിനിടെ വിവേക് ഒബ്‌റോയി പറഞ്ഞത്.
പി എം നരേന്ദ്രമോദി എന്നു പേരിട്ടിരിക്കുന്ന ചിത്രം അഹമ്മദാബാദ്, കച്ച്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിക്കുന്നത്. ചിത്രീകരണത്തിനിടെ വിവേക് ഒബ്‌റോയിക്ക് പരുക്ക് പറ്റിയത് വാര്‍ത്തയായിരുന്നു. ചെരിപ്പില്ലാതെ മഞ്ഞിലൂടെ നടക്കുന്നതിനിടയില്‍ മരത്തിന്റെ കൂര്‍ത്ത വേരുകള്‍ കാലില്‍ തറച്ചുകയറിയാണ് പരുക്കേറ്റത്. ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയിലെ ഹര്‍ഷിദ് വാലിയില്‍ വെച്ചായിരുന്നു വിവേകിന് അപകടമുണ്ടായത്.
ചിത്രത്തില്‍ മുതിര്‍ന്ന നടി സറീന വഹാബ് ആണ് മോദിയുടെ അമ്മയായി അഭിനയിക്കുന്നത്. ടെലിവിഷന്‍ താരം ബര്‍ഖ ബിഷ്ട് നരേന്ദ്രമോദിയുടെ ഭാര്യ യെശോദാ ബെന്നിന്റെ വേഷത്തിലും എത്തുന്നുണ്ട്.ഈ ബയോപിക് ചിത്രത്തിനു പിറകെ, നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന ഒരു വെബ് സീരീസ് കൂടി അണിയറയില്‍ റിലീസിംഗിന് ഒരുങ്ങുന്നുണ്ട്. 10 ഭാഗങ്ങളായി സംപ്രേക്ഷണം ചെയ്യുന്ന വെബ് സീരീസ് ഒരുക്കുന്നത് ഇറോസ് ഇന്റര്‍നാഷണലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates