കൊച്ചി: നടൻ മോഹൻലാൽ അനധികൃതമായി ആനക്കൊമ്പുകൾ കൈവശം വച്ചു എന്ന കേസിൽ മൂന്നാഴ്ചക്കകം വന്യജീവി സംരക്ഷണ അധികൃതർ കീഴ്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി. ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം വ്യക്തമാക്കി മോഹൻലാലിന് സർട്ടിഫിക്കറ്റ് നൽകിയതിനാൽ കേസിൽ തുടർ നടപടികളുണ്ടായിട്ടില്ല.
കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാൻ ഉതകുംവിധം കേസ് നിലനിൽക്കുന്ന പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകാനാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നിയമപരമായി ആനക്കൊമ്പുകൾ കൈവശം വെക്കാൻ മോഹൻലാലിന് സർട്ടിഫിക്കറ്റ് നൽകിയത് ചോദ്യം ചെയ്ത് ആലുവ ഉദ്യോഗമണ്ഡൽ സ്വദേശി എ എ പൗലോസ് നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
മോഹൻലാലിന്റെ വസതിയിൽനിന്ന് ആനക്കൊമ്പുകൾ കണ്ടെത്തിയതിനെത്തുടർന്ന് മലയാറ്റൂർ വനം ഡിവിഷനിൽപെട്ട മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിൽ മോഹൻലാൽ, പി.എൻ. കൃഷ്ണകുമാർ, കെ. കൃഷ്ണകുമാർ എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസാണ് പെരുമ്പാവൂർ കോടതിയിലുള്ളത്. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകിയതിനെത്തുടർന്ന് കേസിൽ തുടർനടപടി സ്വീകരിച്ചില്ലെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു.
ആനക്കൊമ്പുമായി ബന്ധപ്പെട്ട കേസായതിനാൽ അന്തിമ തീരുമാനമെടുക്കേണ്ടത് വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട അധികൃതരാണെന്ന് കോടതി വ്യക്തമാക്കി. കേസ് സെപ്റ്റംബർ രണ്ടിന് വീണ്ടും പരിഗണിക്കും മുമ്പ് കീഴ്കോടതിയിൽ റിപ്പോർട്ട് നൽകിയതുമായി ബന്ധപ്പെട്ട തുടർനടപടി ഹൈക്കോടതിയെ അറിയിക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates