പൃഥ്വിരാജിന് നായകനാക്കി ആഷിഖ് അബു ഒരുക്കുന്ന വാരിയംകുന്നൻ പ്രഖ്യാപനത്തിന് പിന്നാലെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ താരക്കഥാകൃത്തുക്കളിൽ ഒരാളായ റമീസിനെ മാറ്റിയിരിക്കുകയാണ്. റമീസിന്റെ രാഷ്ട്രീയ നിലപാടുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായതിന് പിന്നാലെയാണ് നടപടി. ആഷിഖ് അബു തന്നെയാണ് വിവരം അറിയിച്ചത്. റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ലെന്നും ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ആഷിഖ് വ്യക്തമാക്കി.
മലബാർ ലഹള നേതാവ് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. അദ്ദേഹത്തെക്കുറിച്ച് വ്യത്യസ്തനിലപാടുകൾ നിലനിൽക്കുന്നുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. അതിനൊപ്പമാണ് റമീസിന്റെ രാഷ്ട്രീയവും ചർച്ചയായത്. സോഷ്യൽ മീഡിയയിൽ റമീസ് പോസ്റ്റ് ചെയ്തിട്ടുള്ള പല പോസ്റ്റുകളുടേയും സ്ക്രീൻ ഷോട്ടുകൾ പ്രചരിക്കാൻ തുടങ്ങി. വർഗീയവാദത്തെ പിന്തുണയ്ക്കുന്നതും സ്ത്രീവിരുദ്ധവുമാണ് പോസ്റ്റുകൾ എന്നായിരുന്നു ആരോപണം. ഇത് വിവാദമായതിന് പിന്നാലെ റമീസ് നിലപാട് വ്യക്തമാക്കിയിരുന്നു. എട്ടോ ഒൻപതോ വർഷങ്ങൾക്ക് മുൻപ് ഇട്ട പോസ്റ്റായിരുന്നു അതെന്നും ഇപ്പോൾ തന്റെ നിലപാടിൽ മാറ്റം വന്നു എന്നുമായിരുന്നു പറഞ്ഞത്. അതിന് പിന്നാലെയാണ് റമീസിനെ സിനിമയിൽ നിന്ന് നീക്കിയത്.
ആഷിഖ് അബുവിന്റെ പോസ്റ്റ് വായിക്കാം
റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാക്കാനാണ് സാധ്യത്. മറ്റൊരു സംവിധായകനുമായി വാരിയംകുന്നൻ എന്ന ചിത്രം നിർമ്മിക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾ വർഷങ്ങളായി നടന്നുവരുന്നു.
റമീസും ആദ്യം മുതൽ തന്നെ ഈ ഉദ്യമത്തിൽ ഉണ്ടായിരുന്നയാളായി, ഇതിനായി റിസേർച്ചുകൾ ചെയ്ത വ്യക്തിയുമായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങൾക്ക് മുൻപ് മാത്രം. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളിൽ അദ്ദേഹം തെറ്റ്സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കിൽ മാപ്പുപറയുകയും ചെയ്തു. തന്റെ ഉദ്ധേശശുദ്ധിയുടെ മേൽ സംശയത്തിന്റെ നിഴൽ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താൻ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates