വിശാഖപട്ടണം; വീട്ടുജോലിക്കാരനായ ദളിത് യുവാവിനെ ആക്രമിച്ച കേസിൽ കന്നഡ സിനിമാ നിർമാതാവും ബിഗ് ബോസ് മത്സരാർത്ഥിയുമായ ന്യൂടന്‍ നായിഡു അറസ്റ്റിൽ. ദളിത് യുവാവിനെ അക്രമിച്ചത് കൂടാതെ ആൾമാറാട്ടം നടത്തിയതിനും ന്യൂടനെതിരെ കേസുണ്ട്. കർണാടകയിലെ ഉഡുപ്പിയിൽവച്ചാണ് ആന്ധ്രപ്രദേശ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ന്യൂട്ടന്റെ ഭാര്യ ഉൾപ്പടെ ഏഴ് പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
സുജാതനഗറിലെ വീട്ടിൽ വച്ചാണ് ന്യൂടന്റെ വീട്ടുജോലിക്കാരനായിരുന്ന ശ്രീകാന്തിനെ ക്രൂരമായ ആക്രമണത്തിന് ഇരയാക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തത്. 28 നായിരുന്നു സംഭവം. അന്നേദിവസം ന്യൂടൻ ഭാര്യ പ്രിയ മാധുരിയെ ഹൈദരാബാദിൽ നിന്ന് വിഡിയോ കോൾ വിളിക്കുകയും അതിലൂടെ ശ്രീകാന്തിനെ ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തു. തുടർന്നാണ് ന്യൂടനും ഭാര്യയ്ക്കുമെതിരെ പരാതിയുമായി യുവാവ് രംഗത്തെത്തിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതിനിടെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പി വി രമേഷാണ് എന്ന് പറഞ്ഞ് ഡോക്ടര്‍മാരോട് സംസാരിച്ചതായും താരത്തിനെതിരെ പരാതിയുണ്ട്. ന്യൂടനെയും ഭാര്യയേയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുതിര്‍ന്ന ഐഎഎസുകാരനാണെന്ന് അവകാശപ്പെട്ട് ഫോണ്‍ വിളിച്ചത്. എന്നാൽ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടെങ്കിലും അങ്ങനെയൊരു ഫോൺ കോൾ ചെയ്തിട്ടില്ലെന്ന് വ്യക്തമായി. ഇതാണ് ന്യൂടനെ കുരുക്കിലാക്കിയത്. ട്രൂ കോളറില്‍ തന്‍റെ പേര് അഡീഷണല്‍ സെക്രട്ടറി എന്ന് ന്യൂടന്‍ സെറ്റ് ചെയ്തിരുന്നതായും പൊലീസ് വിശദമാക്കുന്നു.
ഭാര്യയെ അറസ്റ്റ് ചെയ്തതോടെ ഹൈദരാബാദിലായിരുന്ന ന്യൂടന്‍ ബാംഗളൂരുവിലേക്ക് പോയി. പിന്നീട് അവിടെ നിന്ന് മംഗലാപുരത്തേക്കും പോയ ഇയാളെ ഉഡുപ്പിയില്‍ നിന്നാണ് അറസ്റ്റ് ചെയ്യുന്നത്. കൂടാതെ ആള്‍മാറാട്ടം നടത്താന്‍ ഉപയോഗിച്ച നാലു ഫോണുകള്‍ എറിഞ്ഞുകളയാനും ശ്രമിച്ചെങ്കിലും പൊലീസ് ഫോണുകള്‍ കണ്ടെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates