നടനും സംവിധായകനുമായ മധുപാൽ മരിച്ചെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. ബിജെപി അധികാരത്തിലെത്തിയാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് മധുപാൽ പറഞ്ഞതായും വ്യാജപ്രചാരണങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മരിച്ചെന്ന വ്യാജവാർത്തയും എത്തിയത്. മധുപാലിന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികൾ നേർന്നുകൊണ്ടാണ് പ്രചാരണം.
കഴിഞ്ഞയാഴ്ച പൊതുചടങ്ങിൽ സംസാരിക്കവെയാണ് മധുപാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിച്ചത്. നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നായിരുന്നു മധുപാൽ പറഞ്ഞത്. ‘ജീവനുള്ള മനുഷ്യർക്ക് ഇവിടെ ജീവിക്കാനാകണം. ഞങ്ങൾ കുറച്ചുപേർ മാത്രം ഇവിടെ ജീവിച്ചാൽ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് നാം കണ്ടതാണ്. ദേശീയത പറയുന്നവരുടെ കാലത്താണ് ഏറ്റവുമധികം രാജ്യരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടത്. സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ. മനുഷ്യനെ മതത്തിന്റെ ചതുരത്തിൽ നിർത്തുന്ന ഭരണകൂടമല്ല നമുക്ക് വേണ്ടത്. അതുകൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണം''- മധുപാലിന്റെ വാക്കുകൾ.
എന്നാൽ ഇതിനെയെല്ലാം വളച്ചൊടിച്ചാണ് സോഷ്യൽ മീഡിയയിൽ ചില ഗ്രൂപ്പുകൾ വ്യാജപ്രചാരണം നടത്തിയത്. ഇതിനെതിരെ മധുപാല്‍ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ''ഇക്കുറി ഇന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പും അതുപോലെ തന്നെ ഒരു സമരമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതൊരു ജീവന്മരണ സമരമാണ്. ജനാധിപത്യം നിലനിര്‍ത്തണോ വേണ്ടയോ എന്നതിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടം. ഇതില്‍ വിജയിക്കേണ്ടത് ജനാധിപത്യമാണ്. അല്ലാതെ ഉള്ളുപൊള്ളയായ ദേശസ്‌നേഹത്തിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ വര്‍ഗീയതയല്ല. ഇനിയും വോട്ടു രേഖപ്പെടുത്താന്‍ നമുക്ക് ജനാധിപത്യത്തിലൂന്നിയ തിരഞ്ഞെടുപ്പുകളുണ്ടാകണമെന്ന്''- മധുപാൽ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates