Entertainment

'സിനിമക്കാർ ഭക്ഷണം വേണ്ടെങ്കിൽ അത് തട്ടിക്കളയും, ഇടയ്ക്കിടെ കഴിക്കുന്നത് പോഷക ബിസ്കറ്റ്'; തകർന്നുപോയ വി​ഗ്രഹങ്ങളെക്കുറിച്ച് പിഷാരടി

സാധാരണക്കാർ ഉപയോ​ഗിക്കാത്ത പല സ്പെഷ്യലുകളും താരങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നാണ് അഭ്യൂഹങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ദൂരെ നിൽക്കുന്നവർക്ക് സിനിമ ഒരു അത്ഭുതലോകമാണ്. അതിനാൽ സിനിമയേക്കുറിച്ചും നടീനടന്മാരെക്കുറിച്ചും ചില കഥകളും നിലനിൽക്കുന്നുണ്ട്. സാധാരണക്കാർ ഉപയോ​ഗിക്കാത്ത പല സ്പെഷ്യലുകളും താരങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നാണ് അഭ്യൂഹങ്ങൾ. നടനും സംവിധായകനുമായ പിഷാരടിയും ചെറുപ്പത്തിൽ ഇതുപോലുള്ള കഥകൾ കേട്ടിട്ടുണ്ട്. സിനിമയിൽ എത്തുന്നതുവരെ അത് സത്യമായിരുന്നു എന്ന് താരം വിശ്വസിച്ചിരുന്നു. സോഷ്യൽ മീഡിയയിലെ ഒരു സിനിമ ​ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിലാണ് താരം ഇതേക്കുറിച്ച് വ്യക്തമായത്. സിനിമയുടെ ഇടവേളകളിൽ ഷൂട്ടിങ് ലൊക്കേഷനിൽ പോഷക ബിസ്കറ്റ് വിതരണം ചെയ്തിരുന്നു എന്നാണ് താരം വിശ്വസിച്ചിരുന്നത്. ഇപ്പോഴും ചിലകുട്ടികൾ അങ്ങനെ ചിന്തിക്കുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു. 

പിഷാരടിയുടെ കുറിപ്പ് വായിക്കാം

എങ്ങനെയെങ്കിലും സിനിമയിലെത്തണം. അതിനു വേണ്ടി സ്റ്റേജിൽ എത്തി. സ്റ്റേജിൽ നിന്നും ടെലിവിഷനിൽ എത്തി. അവിടെ നിന്നും സിനിമയിലും. മുകളിൽ പറഞ്ഞ ഈ മൂന്ന് വരികളിലും കൂടെ അഞ്ചു സിനിമക്കുള്ള കഥകളുണ്ട്. പക്ഷെ ഈ ഗ്രൂപ്പിൽ സിനിമയല്ലാതെ മറ്റൊന്നും ചർച്ച ചെയ്യാത്തത് കൊണ്ട് പറയുന്നില്ല. സിനിമയിലെത്തിയപ്പോൾ തകർന്ന ഒരു വിഗ്രഹത്തെ കുറിച്ചാണ് ഈ പോസ്റ്റ്. കഥയുടെ പേര് "പോഷക ബിസ്കറ്റ് "

ഞങ്ങളുടെ വീടിന്‍റെ പത്തു കിലോമീറ്റർ ചുറ്റളവിൽ ആദ്യം വന്ന ഷൂട്ടിംഗ് 'പവിത്രം' എന്ന ലാലേട്ടൻ സിനിമയുടേതാണ്. പിറവം പാഴൂരിൽ. സ്കൂളിൽ പഠിക്കുന്ന കുട്ടി എന്ന നിലയിലും വീടിനു തൊട്ടടുത്ത് അല്ലാത്തതിനാലും എന്നെ ഷൂട്ടിംഗ് കാണാൻ പോകാൻ അനുവദിച്ചില്ല. ചെറുപ്പക്കക്കാരെല്ലാവരും ഷൂട്ടിംഗ് കാണാൻപോയി. തിരിച്ചു വന്ന അവരോടു കൗതുകത്തോടെ വിശേഷങ്ങൾ തിരക്കി. അതിലൊരാൾ പറഞ്ഞു "മോഹൻലാലിനെയും ശോഭനയെയും ഒക്കെ ഒന്നു കാണണം.. സിനിമക്കാരൊന്നും നമ്മള് കഴിക്കുന്നതല്ല കഴിക്കുന്നത്. ഓരോ ഷോട്ട് കഴിയുമ്പോഴും പാലും പഴവും കൊണ്ടുക്കൊടുക്കും. അവർക്കു വേണമെങ്കിൽ അവരതെടുക്കും. ഇല്ലെങ്കിൽ തട്ടിക്കളയും". വേണ്ട എന്ന് പറഞ്ഞാൽ പോരെ, എന്തിനാണ് തട്ടിക്കളയുന്നത് എന്നെനിക്കു തോന്നി.

ലൊക്കേഷന്‍റെ ഗെയിറ്റിനകത്തു പോലും കടക്കാൻ പറ്റാത്ത ഒരാളുടെ തള്ളാണ് ഇതെന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കും ' തള്ള് 'എന്ന വാക്ക് ആ കാലത്തു നിലവിലും ഇല്ലായിരുന്നു.

പിന്നീട് കോളേജിൽ പഠിക്കുമ്പോൾ ഉദയംപേരൂർ 'ചെറുപുഷ്പം' സ്റ്റുഡിയോയിൽ 'രാക്ഷസ രാജാവ്' എന്ന മമ്മൂക്ക ചിത്രത്തിന്‍റെ ഷൂട്ടിംഗ് കാണാൻ ഞങ്ങൾ സുഹൃത്തുക്കൾ ക്ലാസ് കട്ട് ചെയ്തു പോയി. കയറു കെട്ടി തിരിച്ചിരിക്കുന്നതിനാൽ ദൂരെ നിന്നു മാത്രമേ കാണാൻ സാധിക്കൂ. ലൊക്കേഷനിൽ ചായക്ക്‌ സമയമായി. സ്റ്റീൽ ബേസിനിൽ ബിസ്‌ക്കറ്റുകൾ വിതരണം ചെയ്യുന്നു. കയറിനടിയിലൂടെ നൂണ്ടുകയറിയ കൂട്ടുകാരൻ സുജിത്തിന് ഒരു ബിസ്‌ക്കറ് കിട്ടി. തിരിച്ചു പോരുന്ന വഴി അവൻ പറഞ്ഞു "നമ്മൾ കഴിക്കുന്ന ബിസ്കറ്റ് ഒന്നും അല്ല ട്ടോ അത്, എന്തോ ഒരു പോഷക ബിസ്കറ്റാണ്. എനിക്ക് ഒരു ഉന്മേഷം ഒക്കെ തോന്നുന്നു"

കാലങ്ങൾ കടന്നു പോയി "നസ്രാണി" എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കാൻ ഞാൻ പോയപ്പോൾ അങ്ങ് ദൂരെ നിന്നും അതാ വരുന്നു സ്റ്റീൽ ബേസിൻ. അതിൽ നിറയെ ബിസ്‌ക്കറ്റുകൾ. അർഹതയോടെ ആദ്യമായി സിനിമാ ഭക്ഷണം കഴിക്കാൻ പോകുകയാണ്. അതും പോഷക ബിസ്ക്കറ്റ്. എന്‍റെ ഉള്ളിൽ ആകെ ഒരു ഉന്മേഷം. അപ്പൊ അത് കഴിച്ചാൽ എന്തായിരിക്കും...

എടുത്തു കഴിച്ചു, ആ വിഗ്രഹം ഉടഞ്ഞു..

ഇന്ന് ഭൂരിപക്ഷം ആളുകൾക്കും സിനിയ്ക്കുള്ളിലെ എല്ലാ കാര്യങ്ങളും അറിയാം. അവിടെ അസാധാരണമായി ഒന്നുമില്ലെന്ന സത്യവും. എങ്കിലും ഇത് എഴുതാനുള്ള പ്രേരണ ഒരു ചെറിയ പയ്യനാണ്.

ലോക്ക് ഡൗണിനു മുൻപ് 'ദി പ്രീസ്റ്റ്'എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ചേർത്തലയിൽ നടക്കുകയാണ്. ലൊക്കേഷനിൽ പത്തു വയസിൽ താഴെ മാത്രം പ്രായമുള്ള ഒരു കൊച്ചു പയ്യൻ എല്ലാം കൗതുകത്തോടെ നോക്കി നിൽക്കുന്നു. ചായ കുടിക്കുന്ന സമയമായപ്പോഴും അവൻ വീട്ടിൽ പോകാതെ അത്ഭുതത്തോടെ അവിടെ നിൽക്കുകയാണ്. എന്തെന്നില്ലാത്ത ഒരിഷ്ടം അവനോടുതോന്നിയ ഞാൻ അടുത്തേക്ക് വിളിച്ചു കൈയിലുണ്ടായിരുന്ന ബിസ്കറ്റിലൊരെണ്ണം അവനു കൊടുത്തു...

അത് വായിലിട്ടു രുചിച്ച ശേഷം അവൻ എന്നോട് പറഞ്ഞു, "ഇത് സാധാരണ ബിസ്കറ്റ് തന്നെയാണല്ലോ"
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ, ഇന്നത്തെ 5 പ്രാധാന വാര്‍ത്തകള്‍

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

SCROLL FOR NEXT