Entertainment

സുഡുവിന് മറുപടിയുമായി സുഡാനി ഫ്രം നൈജീരിയുടെ നിർമ്മാതാക്കൾ

ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന വേതനത്തെ സംബന്ധിച്ച വ്യക്തമായ ചിത്രം നല്‍കുകയും ഒരു നിശ്ചിത തുകക്ക് മേല്‍ അദ്ദേഹം രേഖാമൂലം സമ്മതിക്കുകയും ചെയ്തതിന് ശേഷമാണ് കരാര്‍ തയാറാക്കിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സുഡാനി ഫ്രം നൈജീരിയയില്‍ പ്രധാനവേഷത്തിലെത്തിയ നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ നിര്‍മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും. തനിക്ക് പ്രതിഫലമായി അഞ്ച് ലക്ഷത്തില്‍ താഴെ രൂപ മാത്രമാണ് നല്‍കിയതെന്നും പ്രതിഫലത്തിന്റെ കാര്യത്തില്‍ നിര്‍മാതാക്കള്‍ കാണിച്ചത് വംശീയ വിവേചനമാണെന്നും സാമുവല്‍ ആരോപിച്ചിരുന്നു. സമീറിന്റെയും ഷൈജുവിന്റെയും പ്രൊഡക്ഷന്‍ കമ്പനിയായ ഹാപ്പി അവേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് വിശദീകരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

സാമുവല്‍ അബിയോള റോബിന്‍സണ്‍ സോഷ്യല്‍ മീഡിയയിലൂടെ ഹാപ്പി അവേഴ്‌സ് എന്റര്‍ടൈന്‍മെന്റിനെതിരെ ഉന്നയിച്ച ആരോപണങ്ങളോടുള്ള പ്രതികരണമാണിത്. രണ്ട് ആരോപണങ്ങളാണ് ഹാപ്പി അവേഴ്‌സ് എന്റര്‍ടൈന്‍മെന്റിനെതിരെ സാമുവല്‍ അബിയോള റോബിന്‍സണ്‍ ഉന്നയിച്ചിരിക്കുന്നത്:

1. അദ്ദേഹത്തിന് കുറഞ്ഞ പ്രതിഫലമാണ് നല്‍കിയത്. 
2. കുറഞ്ഞ പ്രതിഫലം നല്‍കാന്‍ കാരണമായത് അദ്ദേഹത്തോടുള്ള വംശീയ വിവേചനമാണ്.

മേല്‍ ആരോപണങ്ങള്‍ക്കുള്ള ഞങ്ങളുടെ ഔദ്യോഗികമായ പ്രതികരണം താഴെ കുറിക്കുന്നു.

1. സാമുവല്‍ അബിയോള റോബിന്‍സണിന് കുറഞ്ഞ വേതനമാണോ നല്‍കിയത്?

ചെറിയ നിര്‍മ്മാണചെലവില്‍ പൂര്‍ത്തീയാക്കേണ്ടിയിരുന്ന ഒരു സിനിമ എന്ന നിലയില്‍ ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന വേതനത്തെ സംബന്ധിച്ച വ്യക്തമായ ചിത്രം നല്‍കുകയും ഒരു നിശ്ചിത തുകക്ക് മേല്‍ അദ്ദേഹം രേഖാമൂലം സമ്മതിക്കുകയും ചെയ്തതിന് ശേഷമാണ് കരാര്‍ തയാറാക്കിയത്. ആ കരാറനുസരിച്ചുള്ള തുക അദ്ദേഹത്തിന് കൈമാറിയതുമാണ്. 

2. വേതനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ആരോപണം അദ്ദേഹം അര്‍ഹിക്കുന്ന പ്രതിഫലം നല്‍കിയില്ല എന്നതാണ്. ഈ ആരോപണം കരാറിനോടുള്ള അനീതിയായാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. സിനിമ വാണിജ്യവിജയം നേടുന്ന പക്ഷം സിനിമയുടെ ഭാഗമായ എല്ലാ ആളുകള്‍ക്കും ആ സന്തോഷത്തില്‍ നിന്നുള്ള അംശം ലഭ്യമാക്കാന്‍ കഴിയട്ടെ എന്ന പ്രത്യാശ എല്ലാവരോടുമെന്ന പോലെ അദ്ദേഹവുമായി ഞങ്ങള്‍ പങ്കുവെച്ചിരുന്നു. സിനിമ നിലവില്‍ വിജയകരമായി തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു എന്നത് വസ്തുത തന്നെയാണ്. പക്ഷെ, സിനിമാ വ്യവസായത്തിന്റെ സ്വാഭാവികമായ സമയക്രമങ്ങളോടെയല്ലാതെ ലാഭവിഹിതം ഞങ്ങളുടെ പക്കല്‍ എത്തുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് ഞങ്ങളുടെ പക്കല്‍ എത്തി കണക്കുകള്‍ തയാറാക്കിയതിനു ശേഷം മാത്രമേ സമ്മാനത്തുകകളെ സംബന്ധിച്ച തീരുമാനങ്ങളിലെക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. ഈ സിനിമയുടെ വിജയത്തിന് അദ്ദേഹം നല്‍കിയ വിലകല്‍പ്പിക്കാനാവാത്ത പങ്കിനോട് നീതിപുലര്‍ത്താന്‍ കഴിയും വിധമുള്ള ഒരു സമ്മാനത്തുക നല്‍കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ടായിരുന്നു. അതിന് സാധിക്കുമാറ് വിജയം സിനിമക്കുണ്ടാവട്ടെ എന്ന് ഞങ്ങള്‍ ഇപ്പോഴും പ്രാര്‍ത്ഥിക്കുന്നു. ഇത് പക്ഷെ, കരാറിനു പുറത്തുള്ള ഒരു ധാര്‍മ്മികമായ ചിന്ത മാത്രമാണ് എന്നത് അടിവര ഇട്ടു കൊള്ളട്ടെ.

3. വേതനം നിശ്ചയിച്ചത് വംശിയ വിവേചനത്തോടെയോ?

ഈ ആരോപണം ഏറെ വേദനാജനകമാണ്. ഞങ്ങള്‍ വാഗ്ദാനം ചെയ്ത തുകയില്‍ അദ്ദേഹത്തിന് അതൃപ്തിയുള്ള പക്ഷം ഞങ്ങളുമായി സഹകരിക്കേണ്ടതായുള്ള യാതൊരു സമ്മര്‍ദ്ദവും അദ്ദേഹത്തിനുമേല്‍ ചെലുത്തപെട്ടിട്ടില്ല. അദ്ദേഹത്തിന് ഈ സിനിമയുമായി സഹകരിക്കാന്‍ തയാറല്ല എന്നു പറയാനുള്ള സര്‍വ്വ വിധ അവകാശവും ഉണ്ടായിരിക്കെ തന്നെയാണ് അദ്ദേഹം കരാര്‍ അംഗീകരിച്ചത്. ഇതില്‍ വംശീയമായ വ്യാഖ്യാനങ്ങള്‍ ചേര്‍ക്കപ്പെടുന്നത് വേദനയോടെയും ആത്മനിന്ദയോടെയുമല്ലാതെ ഞങ്ങള്‍ക്ക് വായിക്കാനാവുന്നില്ല.

തെറ്റായ വിവരങ്ങള്‍ ചില സ്രോതസ്സുകളില്‍ നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉള്ള വ്യാഖ്യാനപ്പിഴകളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് ഞങ്ങള്‍ കരുതുന്നു. ഒരു നല്ല സൗഹൃദത്തിന് ഇത്തരത്തിലൊരു ദൗര്‍ഭാഗ്യകരമായ അവസ്ഥയിലൂടെ കടന്നുപോവേണ്ടി വരുന്നത് ഏറെ വേദനാജനകമാണ്. അദ്ദേഹത്തിന് തെറ്റിദ്ധാരണകള്‍ തിരുത്താനും ഞങ്ങളുമായുള്ള സൗഹൃദം പുനസ്ഥാപിക്കാനും സാധിക്കുമെന്ന് ഇപ്പോഴും ഞങ്ങള്‍ പ്രത്യാശിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 27 lottery result

ശബരിമല തീര്‍ഥാടകരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യം; വരുന്നു നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, നാളെ നിര്‍മാണ ഉദ്ഘാടനം

'ഞങ്ങളുടെ കോഹിനൂറും കുരുമുളകും നിധികളും എപ്പോള്‍ തിരികെ തരും?'; ബ്രിട്ടീഷ് വിനോദ സഞ്ചാരികളുടെ ഉത്തരം മുട്ടിച്ച് മലയാളി സ്ത്രീകള്‍- വിഡിയോ

ശരീരമാസകലം 20 മുറിവുകള്‍; മകളെ ജീവനോടെ വേണം; ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് അമ്മ

SCROLL FOR NEXT