കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി മംമ്ത മോഹന്‍ദാസ് നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍ രംഗത്തെത്തി. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന് കാരണം അവരല്ല. ആക്രമിക്കുന്നവരാണ് അതിന് ഉത്തരവാദികള്‍. അത്തരം മോശം സംഭവങ്ങളെ സാധാരണവല്‍ക്കരിക്കുന്നവരും, അവരെ സംരക്ഷിക്കുകയോ, പിന്തുണയ്ക്കുകയോ ചെയ്യുന്നവരുമാണ് ഉത്തരവാദികള്‍ എന്ന് റിമ കല്ലിങ്കല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.
സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെയോ ആവശ്യങ്ങളെയോ കുറിച്ച് സംസാരിക്കാന്‍ ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യമില്ലെന്ന് മംമ്ത മോഹന്‍ദാസ് അഭിപ്രായപ്പെട്ടിരുന്നു. മറ്റൊരാളുമായി നമുക്ക് പ്രശ്‌നം ഉണ്ടാകുന്നുണ്ട് എങ്കില്‍ ഏതെങ്കിലുമൊരു തരത്തില്‍ നമുക്ക് അതില്‍ ഉത്തരവാദിത്വം ഉണ്ടായിരിക്കും.
ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനായ നടനുമായി ഉണ്ടായ വിഷയങ്ങള്‍ വളരെ മുന്‍പ് തുടങ്ങിയതാണ്. ഒരു പ്രശ്‌നം ഉണ്ടാക്കുമ്പോള്‍/ ഒരു വിഷയത്തില്‍ ഇടപെടുമ്പോള്‍ അതിന്റെ പേരില്‍ പിന്നീടുണ്ടായേക്കാവുന്ന കാര്യങ്ങളെ കൂടി നേരിടാന്‍ തയ്യാറാവണം. ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണെന്നും മകനെ സംരക്ഷിക്കും എന്നുമൊക്കെയുള്ള വാര്‍ത്ത കണ്ടപ്പോള്‍ തനിക്ക് വലിയ തമാശയായാണ് തോന്നിയതെന്നും മംമ്ത അഭിപ്രായപ്പെട്ടിരുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട മംമ്ത മോഹന്‍ദാസ്, ആക്രമണത്തിന് വിധേയമാകുന്ന സഹോദരികളെ, സഹോദരന്മാരെ, എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെടുന്നവരേ..
നിങ്ങള്‍ ആക്രമിക്കപ്പെടുന്നതിന്, പീഡനത്തിന് ഇരയാകുന്നതിന്, അതിക്രമത്തിന് വിധേയയാകുന്നതിന് ഉത്തരവാദികള്‍ നിങ്ങളല്ല. അക്രമി അല്ലെങ്കില്‍ പീഡിപ്പിക്കുന്നയാളാണ് അതിന് ഉത്തരവാദി. അതിനെ സാധാരണ സംഭവമായി ലഘൂകരിക്കുന്ന സമൂഹവും, ആ തെറ്റായ പ്രവൃത്തി ചെയ്യുന്ന ആളെ സംരക്ഷിക്കുന്നവരും ആണ് ഉത്തരവാദികള്‍.
അലി റെയ്‌സ്മാന്‍ ( താന്‍ അടക്കം 141 വനിതാ അത്‌ലറ്റുകളെ പീഡിപ്പിച്ച ഡോക്ടറുടെ, വര്‍ഷങ്ങള്‍ നീണ്ട പ്രവൃത്തി അവസാനിപ്പിച്ച താരം ) പറയുന്നു, നമ്മുടെ പ്രവൃത്തിയുടെ, അല്ലെങ്കില്‍ നിഷ്‌ക്രിയത്വത്തിന്റെ അലയൊലികള്‍ വളരെ വലുതായിരിക്കും, തലമുറകളോളം നീണ്ടു നില്‍ക്കുന്നതായിരുക്കും.
ദയവായി മറ്റൊരു വ്യക്തിയുടെ പ്രവൃത്തിയെ കുറ്റമായി കാണാതിരിക്കൂ. മറ്റൊരാള്‍ക്ക് വേണ്ടി എഴുന്നേറ്റ് നിന്ന് സംസാരം തുടരൂ.. നിശബ്ദതയുടെയും അജ്ഞതയുടെയും മതിലുകള്‍ തകരട്ടെ....
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates