ദുബൈ: ഫോണില്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്. വിശ്വസനീയമല്ലാത്ത ഉറവിടങ്ങളില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴുള്ള അപകടങ്ങളെക്കുറിച്ചാണ് പൊലീസ് മുന്നറിയിപ്പ്. ഇത്തരം ആപ്പുകള്‍ സ്മാര്‍ട്ട്ഫോണുകളില്‍ നുഴഞ്ഞുകയറുകയും വ്യക്തിഗത, ബാങ്കിങ് വിവരങ്ങള്‍ മോഷ്ടിക്കാനും സാധ്യതയുണ്ട്.
ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം കവരാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയര്‍ ഈ ആപ്പുകളില്‍ അടങ്ങിയിരിക്കാമെന്നാണ് ദുബൈ പൊലീസിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ ഇ-ക്രൈംസ് ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പില്‍ പറയുന്നത്.
ബാങ്കിങ്, നിക്ഷേപം, ഡെലിവറി, സുരക്ഷാ അപ്ഡേറ്റുകള്‍ അല്ലെങ്കില്‍ മറ്റ് മേഖലകളിലായാലും ആളുകളുടെ താല്‍പ്പര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യിച്ച് പണം തട്ടുന്നതാണ് ഇവരുടെ രീതി. ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന ഒരു ബോധവല്‍ക്കരണ വിഡിയോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍, തട്ടിപ്പുകാര്‍ക്ക് അവരുടെ ഫോണുകളില്‍ എളുപ്പത്തില്‍ നുഴഞ്ഞുകയറാനും സ്വകാര്യ വിവരങ്ങള്‍ അടങ്ങുന്ന ഡാറ്റയും പണവും മോഷ്ടിക്കും.
ജനങ്ങള്‍ ഔദ്യോഗികവും അംഗീകൃതവുമായ സ്റ്റോറുകളില്‍ നിന്ന് മാത്രമെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാവൂ, പാസ്വേഡുകളോ ആക്സസ് കോഡുകളോ ആരുമായും പങ്കിടരുത്, വിശ്വസനീയമായ സുരക്ഷാ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുക, അക്കൗണ്ടുകള്‍ സംരക്ഷിക്കുന്നതിന് ബാങ്കിങ് അലേര്‍ട്ടുകള്‍ ആക്ടീവാക്കുക, സംശയാസ്പദമായ ലിങ്കുകള്‍ ഒഴിവാക്കണമെന്നും പൊലീസ് നിര്‍ദേശത്തില്‍ പറഞ്ഞു.
എല്ലാത്തരം തട്ടിപ്പുകള്‍ക്കുമെതിരായ പ്രതിരോധം സമൂഹത്തില്‍ ഡിജിറ്റല്‍ അവബോധമുണ്ടാക്കുകയെന്നതാണ്. ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് ശ്രമം ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബൈ പൊലീസിന്റെ സ്മാര്‍ട്ട് ആപ്പ് വഴിയോ, 901 എന്ന നമ്പറില്‍ വിളിച്ചോ, സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇ-ക്രൈം പ്ലാറ്റ്ഫോം വഴിയോ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊലീസ് മുന്നറിയിപ്പില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates