ദുബൈ: എഐ സാങ്കേതികയുടെ വികാസത്തില്‍ സൈബര്‍ തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ഫ്യൂച്ചര്‍ ഫോറെസൈറ്റ് സെന്റര്‍ എന്ന പുതിയ പഠന റിപ്പോര്‍ട്ടിലാണ് ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്. ഡിജിറ്റല്‍ സുരക്ഷാ ബോധവല്‍ക്കരണ മാസ ആചരണത്തിന്റെ ഭാഗമായും ആഭ്യന്തര മന്ത്രാലയത്തിന്റെ ബോധവല്‍ക്കരണ പ്രചാരണത്തിന്റെ ഭാഗമായുമാണ് 'നിര്‍മിതബുദ്ധി കാലത്തെ ഭാവി തട്ടിപ്പുകളും കുറ്റകൃത്യങ്ങളുടെ മാറ്റങ്ങളും' എന്ന തലക്കെട്ടിലുള്ള പഠനം തയാറാക്കിയത്.
നിര്‍മിതബുദ്ധിയും ജനറേറ്റീവ് എഐ സാങ്കേതികവിദ്യകളും വ്യാജ സന്ദേശങ്ങളും ഇമെയിലുകളും നിര്‍മിക്കാന്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. മുന്‍കാലങ്ങളില്‍ ഭാഷാപരമായ തെറ്റുകളിലൂടെ തട്ടിപ്പുകള്‍ തിരിച്ചറിയാമായിരുന്നുവെങ്കില്‍, എഐ നിര്‍മിത സന്ദേശങ്ങള്‍ തികച്ചും സ്വാഭാവികമായി തോന്നിപ്പിക്കുന്നതാണ്.
ശബ്ദം അനുകരിക്കുന്ന വോയ്‌സ് ക്ലോണിങ് സാങ്കേതികവിദ്യയാണ് മറ്റൊരു പ്രധാന ഭീഷണി. വെറും 3 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ശബ്ദരേഖ ഉപയോഗിച്ച്, യഥാര്‍ത്ഥ ശബ്ദത്തോട് 85 ശതമാനത്തിലേറെ സാമ്യമുള്ള വ്യാജ ശബ്ദം നിര്‍മിക്കാന്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കും. കമ്പനി മേധാവികളുടെയോ കുടുംബാംഗങ്ങളുടെയോ ശബ്ദം അനുകരിച്ച് അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്.
തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ ജാഗ്രതയാണ് ഏറ്റവും പ്രധാനമെന്ന് ഫ്യൂച്ചര്‍ ഫോറെസൈറ്റ് സെന്റര്‍ ഡയറക്ടര്‍ ബ്രി. ഡോ. ഹംദാന്‍ അഹമ്മദ് ഹംദാന്‍ അല്‍ ഗാസിയ പറഞ്ഞു. സന്ദേശങ്ങളുടെയും ഇമെയിലുകളുടെയും ഉറവിടം കൃത്യമായി പരിശോധിക്കുക, അക്കൗണ്ടുകള്‍ക്ക് ടൂ-ഫാക്ടര്‍ ഓതന്റിക്കേഷന്‍ നിര്‍ബന്ധമാക്കല്‍, വിശ്വസനീയമല്ലാത്ത ലിങ്കുകള്‍ വഴി പാസ്വേഡുകളോ ബാങ്ക് വിവരങ്ങളോ പങ്കുവയ്ക്കരുത്, സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധികൃതരെ വിവരമറിയിക്കുക എന്നിവ ശ്രദ്ധിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates