ദുബൈ: റോഡ് ഗതാഗതത്തില്‍ വന്‍മാറ്റത്തിനൊരുങ്ങി ദുബൈ. ട്രാഫിക് സിഗ്നലുകള്‍ ഇല്ലാതെ പ്രത്യേക പാതകളിലൂടെ സഞ്ചരിക്കുന്ന ഡ്രൈവറില്ലാ ഇലക്ട്രിക് പോഡുകളുടെ പരീക്ഷണയോട്ടം ദുബൈയില്‍ തുടങ്ങി. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ പോകാന്‍ ഈ വാഹനത്തിന് കഴിയും. ആറ് യാത്രക്കാര്‍ക്ക് വരെ ഒരേസമയം സഞ്ചരിക്കാനും കഴിയുന്നവയാണ് ഡ്രൈവറില്ലാത്ത ഇലക്ട്രിക് പോഡുകള്‍.
ബ്ലൂവാട്ടേഴ്സിലാണ് ആര്‍ടിഎ ഈ പുതിയ യാത്രാ സംവിധാനം അവതരിപ്പിച്ചത്. പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലൂടെയാണ് ഈ പോഡുകള്‍ ഓടുന്നത്. ആര്‍ടിഎ തലവന്‍ മത്താര്‍ അല്‍ തായര്‍ ആദ്യ സര്‍വീസില്‍ നേരിട്ട് യാത്ര ചെയ്ത് പരീക്ഷണത്തിന് തുടക്കം കുറിച്ചു.
എഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് പോഡുകള്‍, നിശ്ചിത സമയക്രമങ്ങള്‍ പാലിക്കാതെ തന്നെ യാത്രക്കാര്‍ക്ക് ആവശ്യാനുസരണം നേരിട്ട് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നാല് മുതല്‍ ആറ് പേര്‍ക്ക് വരെ ഒരേസമയം യാത്ര ചെയ്യാവുന്ന ഈ പോഡുകള്‍ക്ക് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുണ്ട്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ബാറ്ററിയാണ് ഇതില്‍ ഘടിപ്പിച്ചിട്ടുള്ളത്. സ്ഥിരം സമയക്രമങ്ങള്‍ക്ക് പകരം യാത്രക്കാരുടെ ആവശ്യാനുസരണം 24 മണിക്കൂറും ലഭ്യമാകുന്ന വിധത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഓരോ പോഡിലും യാത്രക്കാര്‍ക്ക് സ്വന്തം ഇഷ്ടത്തിനനുസരിച്ച് എയര്‍കണ്ടീഷണറും വിനോദ സംവിധാനങ്ങളും ക്രമീകരിക്കാനും അവസരമുണ്ട്.
ഉയര്‍ന്ന നിലവാരമുള്ള 20 ലിഡാര്‍ സെന്‍സറുകള്‍, റഡാറുകള്‍, എച്ച്.ഡി കാമറകള്‍ എന്നിവ സംയോജിപ്പിച്ചാണ് വാഹനങ്ങളുടെ യാത്ര സുരക്ഷിതമാക്കുന്നത്. ഡ്രൈവറുടെ സഹായമില്ലാതെ തന്നെ റോഡിലെ തടസ്സങ്ങള്‍ കണ്ടെത്താനും വേഗത നിയന്ത്രിക്കാനും ഈ സെന്‍സറുകള്‍ സഹായിക്കും. ഒരു സെക്കന്‍ഡില്‍ താഴെ മാത്രം അകലം പാലിച്ച് പത്തിലധികം പോഡുകള്‍ പരസ്പരം ബന്ധിപ്പിച്ച് ഓടിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഇതിലൂടെ മണിക്കൂറില്‍ ഇരുവശങ്ങളിലേക്കുമായി 20,000ലധികം യാത്രക്കാരെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates