ദുബൈ: ദുബൈ ആസ്ഥാനമായ എമിറേറ്റ്‌സ് ഗ്രൂപ്പ് തുടർച്ചയായി നാലാം വർഷവും റെക്കോർഡ് ലാഭം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 17 ശതമാനം (12.2 ബില്യൺ ദിർഹം) ലാഭ വരുമാനം അർദ്ധവാർഷിക കണക്ക് പ്രകാരം കമ്പനി നേടി. കൃത്യമായി പറഞ്ഞാൽ നികുതി ഒഴിവാക്കിയ ശേഷമുള്ള കമ്പനിയുടെ ലാഭം 10.6 ബില്യൺ ദിർഹമാണ്. കമ്പനിയുടെ ആകെ വരുമാനം 4 ശതമാനം വർധിച്ച് ദിർഹം 75.4 ബില്യൺ ആയി വർധിച്ചിട്ടുണ്ട്.
ദുബൈ ഭരണാധികാരിയും എമിറേറ്റ്‌സ് എയർലൈൻസ് & ഗ്രൂപ്പ് ചെയർമാനും സി ഇഒയുമായ ഷെയ്ഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂം തന്നെയാണ് ഈ വിവരം പങ്ക് വെച്ചത്. “തുടർച്ചയായി നാലാം തവണ റെക്കോർഡ് ലാഭം നേടാൻ കഴിഞ്ഞത് എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ ശക്തമായ ബിസിനസ് മാതൃകയുടെയും ദുബൈയുടെ ആഗോള വളർച്ചാ കുതിപ്പിന്റെയും തെളിവാണ്,” എന്ന് അദ്ദേഹം എക്സിൽ പങ്ക് വെച്ച പോസ്റ്റിൽ പറയുന്നു.
യാത്രക്കാരുടെ എണ്ണം വർധിച്ചതും ചരക്ക് ഗതാഗത സേവനങ്ങളിലെ വർധിച്ചു വരുന്ന ആവശ്യമുമാണ് വരുമാനം വർധിച്ചതിന്റെ പ്രധാന ഘടകങ്ങൾ. മികച്ച സേവന നിലവാരം, വിപുലമായ റൂട്ടുകൾ, പ്രീമിയം ട്രാവൽ അനുഭവങ്ങൾ എന്നിവയിലൂടെ എമിറേറ്റ്‌സ് ലോകത്തിലെ ഏറ്റവും ലാഭകരമായ എയർലൈൻ എന്ന നില നിലനിർത്താൻ കഴിഞ്ഞു എന്നും ഷെയ്ഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂം അറിയിച്ചു.
ഭാവിയിലേക്കുള്ള പദ്ധതികളിൽ എ - 350 വിമാനങ്ങൾ ഉൾപ്പെടുത്തുന്നതിനോടൊപ്പം കൂടുതൽ അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്താനും കമ്പനി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
നിലവിലെ ജീവനക്കാരുടെ എണ്ണം ഗ്രൂപ്പിലെ മുൻ വർഷത്തെ അപേക്ഷിച്ചു 3 ശതമാനം വർധിച്ച് 1,24,927 ആയി. പുതിയ റൂട്ടുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
2024-2025 സാമ്പത്തിക റെക്കോർഡ് ലാഭം നേടിയതിന് പിന്നാലെ ജീവനക്കാർക്ക് ജീവനക്കാർക്ക് 22 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ ബോണസ് തുക സമ്മാനമായി കമ്പനി നൽകിയിരുന്നു.
ഇത്തവണയും സമാനമായ രീതിയിൽ ബോണസ് നൽകുമെന്നാണ് റിപോർട്ടുകൾ. കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ഭാഗമായി രജിസ്‌ട്രേഷൻ നടപടികളും കമ്പനി ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates