ദുബൈ: പ്രവാസികള്‍ക്ക് വിമാന ടിക്കറ്റിന് ഇഎംഐ സൗകര്യവുമായി വിമാനക്കമ്പനിയായ എമിറേറ്റ്സ്. ഇനി വന്‍തുക ഒറ്റയടിക്ക് നല്‍കി ടിക്കറ്റെടുക്കുന്നതിന് പകരം മൂന്ന് മുതല്‍ 36 മാസം വരെയുള്ള കാലാവധിയില്‍ തുക ഘഡുക്കളായി അടയ്ക്കാം. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് കമ്പനി സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എമിറേറ്റ്സ് നെറ്റ്വര്‍ക്കിലുള്ള രാജ്യാന്തര തലത്തിലെ 140 ഓളം കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. പ്രവാസികള്‍ക്കും അവധിക്കാല യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്കും ഈ സൗകര്യം ആശ്വാസമാകും.
എമിറേറ്റ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഈ ഇളവ് തെരഞ്ഞെടുക്കാവുന്നതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്എസ്ബിസി, ഐഡിബിഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങി ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുടമകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാണ്.
ഇന്ത്യയിലെ തങ്ങളുടെ പ്രിയപ്പെട്ട ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ രാജ്യാന്തര യാത്രകള്‍ സാധ്യമാക്കുന്നതിനാണ് ഇത്തരമൊരു ഫ്‌ലെക്‌സിബിള്‍ പേയ്മെന്റ് സംവിധാനം ഒരുക്കിയതെന്ന് എമിറേറ്റ്സ് ഇന്ത്യ-നേപ്പാള്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് സര്‍ഹാന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates