മസ്‌കത്ത്: മങ്കിപോക്സ് രോഗവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് പുറത്തിറക്കി ഒമാൻ ആരോഗ്യമന്ത്രാലയം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
രോഗബാധിതരുമായി അടുത്ത ഇടപഴകുന്നത് വഴിയാണ് രോഗം പകരുന്നത്. രോഗബാധിതരുടെ തുണിത്തരങ്ങൾ, കിടക്കച്ചീട്ടുകൾ, വസ്ത്രങ്ങൾ തുടങ്ങിയവ സ്പർശിച്ചാലും രോഗം പകരാം. രോഗിയോട് സംസാരിക്കുന്നതിലൂടെയും (respiratory droplets) രോഗം പകരാൻ സാധ്യതയുണ്ട്.
അണുബാധയേറ്റ് 4 മുതൽ 10 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. ആദ്യഘട്ടത്തിൽ സാധാരണയായി പനി,തലവേദന, മാംസപേശി വേദന, തളർച്ച എന്നീ ഫ്ലൂ പോലുള്ള ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. കൈപ്പത്തികളിലും കാലുകളിലും, മുഖം, വായ, ജനനേന്ദ്രിയങ്ങൾ എന്നിവടങ്ങളിൽ ചിക്കൻപോക്‌സിന് സമാനമായി ദ്രാവകവും പഴുപ്പും നിറഞ്ഞ ചുണങ്ങുകൾ പ്രത്യക്ഷപ്പെടും. കഠിനമായ കേസുകളിൽ മസ്തിഷ്ക വീക്കം, ന്യുമോണിയ, രക്തത്തിലെ അണുബാധ, ഗർഭധാരണത്തിലെ സങ്കീർണതകൾ, കാഴ്ചക്കുറവ് എന്നിവയിലേക്കും രോഗിയെ നയിച്ചേക്കാം.
രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടുക. സ്വയം ഐസൊലേറ്റ് ചെയ്യുക. ശരീരത്തിലെ ചുണങ്ങുകൾ മറ്റുള്ളവർക്ക് പകരാതിരിക്കാൻ മൂടി വയ്ക്കുക.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നിരന്തരം കഴുകുക. രോഗ ലക്ഷണങ്ങൾ കാണിക്കുന്ന ആരുമായും നേരിട്ടുള്ള ശാരീരിക സമ്പർക്കം ഒഴിവാക്കുക.സംശയാസ്പദമായ വസ്തുക്കൾ സ്പർശിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates