റിയാദ്: സൗദി അറേബ്യയിലെ വർക് ഷോപ്പുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമാക്കാനും നഗരശുചിത്വം നിലനിർത്താനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി മുതൽ വർക് ഷോപ്പുടമകൾ മുനിസിപ്പാലിറ്റിയുടെ ‘ബലദി’ പ്ലാറ്റ്ഫോമിലൂടെ മുനിസിപ്പൽ ലൈസൻസ്, കൊമേഴ്ഷ്യൽ രജിസ്ട്രേഷൻ എന്നിവ നേടണം. ഇത് സംബന്ധിച്ച ഉത്തരവ് സൗദി മുനിസിപ്പൽ ഭവനകാര്യ മന്ത്രാലയം പുറത്തിറക്കി.
വർക് ഷോപ്പുകളെ നാലായി തരംതിരിച്ചാകും ലൈസൻസ് അനുവദിക്കുക. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ബോഡി വർക്ക്, ടയർ-ഓയിൽ സർവിസുകൾ എന്നിങ്ങനെയാണ് തരം തിരിക്കുക. വർക് ഷോപ്പുകളുടെ മുൻഭാഗം ‘അർബൻ കോഡ്’ നിയമങ്ങൾ പാലിക്കുന്ന രീതിയിൽ വേണം ക്രമീകരിക്കാൻ.
മതിയായ പാർക്കിങ് സൗകര്യം, കെട്ടിടത്തിനുള്ളിൽ സി.സി.ടി.വി കാമറകൾ, അഗ്നിശമന സംവിധാനങ്ങൾ, ലൈസൻസ് പ്രദർശിപ്പിക്കുന്ന ബോർഡുകൾ എന്നിവ ഉണ്ടായിരിക്കണമെന്നും പുതിയ നിയമത്തിൽ പറയുന്നു.
അംഗീകൃത വ്യവസായ മേഖലകളിലോ, വാണിജ്യ തെരുവുകളിലോ മാത്രമേ ഇനി മുതൽ വർക് ഷോപ്പുകൾ പ്രവർത്തിപ്പിക്കാൻ പാടുള്ളു. പൊതുസ്ഥലങ്ങളോ നടപ്പാതകളോ കൈയേറി ഒരു തരത്തിലുമുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ പാടില്ല. വർക് ഷോപ്പുകളിലെ മാലിന്യങ്ങളും ഓയിലും സുരക്ഷിതമായ രീതിയിൽ സംസ്കരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കണമെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates