റിയാദ്: പ്രവാസി തൊഴിലാളികളായ 50 പേരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്ത് മാനവ ശേഷി,സാമൂഹിക വികസന മന്ത്രാലയം. 15 മില്യൺ ദിർഹമാണ് തൊഴിലാളികൾക്ക് സെപ്റ്റംബറിൽ വിതരണം ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയിലെ തൊഴിലാളികളുടെ വേതനകുടിശ്ശികയും മറ്റു അനുകൂല്യങ്ങളും നൽകുന്നതായി ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായാണ് പണം നൽകിയതെന്ന് അധികൃതർ വിശദീകരിച്ചു.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ തൊഴിലാളികളുടെ ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കാനായി ഇൻഷുറൻസ് അതോറിറ്റിയും മന്ത്രാലയുമായി സഹകരിച്ച് ഒരു പദ്ധതി ആരംഭിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് കുടിശ്ശിക തുകയും നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് അടക്കമുള്ള ആനുകൂല്യങ്ങൾ അധികൃതർ നൽകിയത്.
സൗദിയിലെ തൊഴിൽ വിപണി ശക്തമാക്കുക, തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കുക, അന്തർദേശ തലത്തിൽ പ്രാദേശിക തൊഴിലാളികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നിവയാണ് ഇൻഷുറൻസ് പദ്ധതി കൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നത്.
കുടിശ്ശിക ആനുകൂല്യങ്ങൾ ലഭിക്കാൻ തൊഴിലാളികൾ രാജ്യം വിടേണ്ട ആവശ്യമില്ല. സ്പോൺസർഷിപ്പ് മറ്റൊരു കമ്പനിയിലേക്ക് മാറ്റുകയാണെങ്കിലും കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
ഇൻഷുറൻസ് പദ്ധതി ഉൾപ്പെടുത്തിയിട്ടുള്ള പ്രവാസി തൊഴിലാളികൾ ആനുകൂല്യങ്ങൾക്കായി അധികൃതരെ സമീപിക്കാം. ഉടൻ തന്നെ നഷ്ടപരിഹാര ക്ലൈമുമായി ബന്ധപ്പെട്ട വിവരങ്ങൾ തൊഴിലുടമയെ ഉദ്യോഗസ്ഥർ ഔദ്യോഗികമായി അറിയിക്കും. പത്ത് പ്രവർത്തി ദിവസത്തിനുള്ളിൽ ഉടമയ്ക്ക് നഷ്ടപരിഹാര ക്ലെയിമുമായി ബന്ധപ്പെട്ട വിയോജിപ്പ് പ്രകടിപ്പിക്കാം.
തൊഴിലുടമ എതിർപ്പ് അറിയിച്ചില്ലെങ്കിൽ അർഹരായ തൊഴിലാളികൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യും. ജീവനക്കാർക്ക് വിതരണം ചെയ്ത നഷ്ടപരിഹാര തുകയോ അതിന്റെ ഒരു ഭാഗമോ തൊഴിൽ ഉടമയിൽ നിന്ന് ഈടാക്കാൻ ഇൻഷുറൻസ് കമ്പനി നടപടികൾ സ്വീകരിക്കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates