മധുര: പലരുടേയും ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണെന്ന് ചോദിച്ചാൽ മിക്കവരുടേയും മനസിൽ ആദ്യം ഉയരുന്നത് പൊറോട്ട എന്നായിരിക്കും. കോവിഡ് കാലത്ത് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്ന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക എന്നതാണ്.
ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കിക്കാൻ ഒരു ഹോട്ടലുടമ കണ്ടെത്തിയ വഴി ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. പൊറോട്ട വേണമെന്ന് പറഞ്ഞാൽ പ്ലേറ്റിൽ എത്തുക മാസ്കിന്റെ ആകൃതിയിലുള്ള പൊറോട്ടയായിരിക്കും.
മധുരയിലെ ഒരു റസ്റ്റൊറന്റിലാണ് മാസ്കിന്റെ രൂപത്തിലുള്ള ചൂട് പൊറോട്ടകൾ വിളമ്പുന്നത്. കൊറോണ വൈറസിനെതിരെ ബോധവത്കരണം നടത്താൻ വേണ്ടിയാണ് ഈ മാസ്ക് പൊറോട്ടകൾ. ടെമ്പിൾ സിറ്റിയിലെ വലിയ ഹോട്ടലുകളിലൊന്നാണ് ഇത്.
മാസ്ക് പൊറോട്ട ചൊവ്വാഴ്ച രാവിലെയാണ് നൽകിത്തുടങ്ങിയത്. ഉച്ചയോടെ കൂടുതൽ ആളുകൾ തിരക്കി വന്നു തുടങ്ങിയെന്ന് ഹോട്ടലിന്റെ ഉടമയായ കെഎൽ കുമാർ പറയുന്നു.
പൊതുവിടങ്ങളിൽ ആളുകളെ മാസ്ക് ധരിക്കാൻ പ്രേരിപ്പിക്കുകയാണ് പൊറോട്ടയുടെ ലക്ഷ്യം. ആളുകൾക്ക് ഈ രോഗത്തെ തടയുന്നതിനെ പറ്റി കൂടുതൽ ബോധവത്ക്കരണം നടത്തുകയാണ് ഇപ്പോൾ വേണ്ടതെന്നും കുമാർ.
മാസ്ക് പൊറോട്ടക്ക് നൂറുകണക്കിന് ഓർഡറുകൾ ഇപ്പോൾ ലഭിക്കുന്നുണ്ട്. പ്രത്യേകിച്ചും കുട്ടികളുടേത്. ഒരു പൊറോട്ട സെറ്റിന് 50 രൂപയാണ് ഇപ്പോൾ ഈടാക്കുന്നത്. പല ഫുഡ് ഡെലിവറി ആപ്പുകളിലും ഈ പൊറോട്ട ഓർഡർ ചെയ്യാനാവും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates