ചെന്നൈ: തമിഴ്‌നാട്ടിലെ തേനി ആണ്ടിപ്പെട്ടി സബ് ജയിലില്‍ നിന്നും 17 തടവുകാര്‍ ജയില്‍ ചാടി. ജയില്‍ ജീവനക്കാരനെ ആക്രമിച്ച ശേഷമാണ് 17 വിചാരണ തടവുകാര്‍ കൂട്ടത്തോടെ രക്ഷപ്പെട്ടത്. ആണ്ടിപ്പട്ടിക്ക് സമീപം തെക്കംപാട്ടയിലുള്ള ജയിലില്‍ നിന്നാണ് ക്രിമിനല്‍ കേസ് പ്രതികള്‍ രക്ഷപ്പെട്ടത്. തിരച്ചിലില്‍ തടവുചാടിയ പ്രതികളിലൊരാളെ പിടികൂടി.
17 പ്രതികളും ഒരു സെല്ലിലാണ് കഴിഞ്ഞിരുന്നത്. തടവുകാരില്‍ ഒരാള്‍ക്ക് സുഖമില്ലെന്ന വിവരം അറിഞ്ഞ് ജയില്‍ ജീവനക്കാര്‍ സെല്ലിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ ആക്രമിച്ച് ജയിലില്‍ നിന്ന് രക്ഷപ്പെട്ടതായാണ് പൊലീസ് പറയുന്നത്. ആക്രമണത്തില്‍ ജീവനക്കാരനായ തങ്കപാണ്ഡിക്ക് തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തടവുചാടിയ പ്രതികളെ കണ്ടെത്താന്‍ 17 പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പ്രതികള്‍ പാലക്കാട്, ഇടുക്കി അതിര്‍ത്തികള്‍ വഴി കേരളത്തിലേക്ക് പ്രവേശിക്കാന്‍ സാധ്യത ഉണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ചെക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് വാഹനപരിശോധന അടക്കം ശക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates