മുംബൈ: സംഗീത പരിപാടിക്കിടെ അമിതമായ അളവില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് രണ്ട് എംബിഎ വിദ്യാര്‍ഥികള്‍ മരിച്ചു. 24 വയസുള്ള പെണ്‍കുട്ടിയും 25 വയസുകാരനുമാണ് മരിച്ചത്. ഇവര്‍ക്കൊപ്പം ലഹരിമരുന്ന് ഉപയോഗിച്ച 25കാരിയായ മറ്റൊരു വിദ്യാര്‍ഥിനിയുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഗോരേഗാവിലുള്ള നെസ്‌കോ സെന്ററില്‍ ഏപ്രില്‍ 11ന് രാത്രി നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം. ഏകദേശം നാലായിരത്തോളം പേരാണ് 2,000 രൂപ പ്രവേശന ഫീസ് നല്‍കി പങ്കെടുത്തത്. ചിലര്‍ നിരോധിത മയക്കുമരുന്നായ എംഡിഎംഎ ഉപയോഗിച്ചതായി പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
രാത്രി 12 മണിയോടെ ശ്വാസതടസ്സം അനുഭവപ്പെട്ട മൂന്ന് വിദ്യാര്‍ഥികളെയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളില്‍ എത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാന്‍ സാധിച്ചില്ല. 25 വയസ്സുള്ള മറ്റൊരു വിദ്യാര്‍ഥി തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയില്‍ കഴിയുന്നത്. പരിപാടിക്ക് പോകുന്നതിനിടെ കാറില്‍വെച്ച് തന്നെ വിദ്യാര്‍ഥികള്‍ ലഹരിഗുളിക കഴിച്ചിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇവര്‍ പിന്നീട് സംഗീതപരിപാടി നടക്കുന്ന വേദിയില്‍വെച്ചും ലഹരി ഉപയോഗിച്ചു. അമിതമായ അളവില്‍ ലഹരി ഉള്ളില്‍ച്ചെന്നതോടെയാണ് വിദ്യാര്‍ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്ന് വിതരണംചെയ്തയാളെ പോലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്. ഇയാളില്‍നിന്ന് ലഹരിഗുളികകളും പിടിച്ചെടുത്തു. മുംബൈയ്ക്ക് പുറത്തുനിന്നാണ് ഇയാള്‍ ലഹരി എത്തിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍. അതിനിടെ, പരിപാടിയുടെ സംഘാടകരായ ചിലരും പൊലീസിന്റെ കസ്റ്റഡിയിലാണ്. പരിപാടിയുടെ സുരക്ഷാച്ചുമതല വഹിച്ചിരുന്നയാളെയും വിദ്യാര്‍ഥികളുടെ സഹപാഠികളായ രണ്ടുപേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. അതേസമയം, പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് നെസ്‌കോ സെന്റര്‍ പ്രസ്താവനയില്‍ അറിയിച്ചു. അതിനിടെ പരിപാടിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates