ഭോപ്പാല്‍: മധ്യപ്രദേശില്‍ 3.7 കോടിരൂപ ചിലവഴിച്ച് നിര്‍മ്മിച്ച 150 മീറ്റര്‍ നീളമുള്ള പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച ദിവസം തന്നെ തകര്‍ന്നു വീണു. ബിജെപി എംഎല്‍എ രാകേഷ് സിങിന്റെ മണ്ഡലത്തില്‍ വൈന്‍ഗംഗാ നദിക്ക് കുറുകെ നിര്‍മ്മിച്ചിരുന്ന പാലമാണ് കനത്ത മഴയ്ക്കിടെ തകര്‍ന്നുവീണത്.
കഴിഞ്ഞ മാസമാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു. 2018 സെപ്റ്റംബര്‍ ഒന്നിന് നിര്‍മാണം തുടങ്ങിയ പാലം 2020 ഓഗസ്റ്റ് 30ന് പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നത്. പ്രതീക്ഷിച്ചതിലും ഒരുമാസം മുമ്പേ നിര്‍മ്മാണം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ജനങ്ങള്‍ പാലത്തിലൂടെ സഞ്ചരിച്ച് തുടങ്ങിയിരുന്നു. എന്നാല്‍ അതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇതുവരെ നടന്നിരുന്നില്ല.
പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ സഡക്ക് യോജന (പിഎംജിസ്‌വൈ) പ്രകാരം 3.7 കോടിരൂപ ചിലവഴിച്ചാണ് പാലം നിര്‍മ്മിച്ചത്. ഉദ്ഘാടനത്തിനു മുമ്പേ പാലം തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
കനത്ത മഴ വ്യാപക നാശനഷ്ടങ്ങളാണ് മധ്യപ്രദേശില്‍ ഉണ്ടാക്കിയിട്ടുള്ളത്. നര്‍മദ നദി കരകവിഞ്ഞ് ഒഴുകുകയാണ്. നദിയുടെ തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമണുള്ളത്. ഭോപ്പാലിലെ കോവിഡ് കെയര്‍ സെന്ററായ ചിരായു ഹോസ്പിറ്റലില്‍ അടക്കം വെള്ളം കയറി. സംസ്ഥാനത്തെ 251 അണക്കെട്ടുകളില്‍ 120 എണ്ണവും നിറഞ്ഞതിനാല്‍ അവ എപ്പോള്‍ വേണമെങ്കിലും തുറക്കാമെന്ന നിലയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates