ശ്രീനഗര്‍: 72 ദിവസത്തെ വിലക്കിന് ശേഷം കശ്മീരില്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനു മുന്നോടിയായിട്ടായിരുന്നു കശ്മീരില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ സേവനങ്ങളും ഇന്റര്‍നെറ്റ് സൗകര്യവും ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.
എല്ലാ പോസ്റ്റ് പെയ്ഡ് സേവന ദാതാക്കളുടെയും മൊബൈല്‍ കണക്ഷനുകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ 40 ലക്ഷം പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ഫോണുകള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. 30 ലക്ഷം പ്രീപെയ്ഡ് ഉപഭോക്താക്കളുടെ കണക്ഷനുകളാണ് ഇനി പുനഃസ്ഥാപിക്കാനുളളത്.
ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. ഇതിനു ശേഷം കനത്ത സുരക്ഷാ വലയത്തിലാണ് ജമ്മു കശ്മീര്‍. നടപടിക്കു മുന്നോടിയായി കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. വിനോദ സഞ്ചാരികളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
താഴ്‌വരയില്‍ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നത്. കശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കഴിഞ്ഞ വ്യാഴാഴ്ച എടുത്തു കളഞ്ഞിരുന്നു. ഇതിനു പുറമേ ലാന്‍ഡ്‌ഫോണുകളും പ്രവര്‍ത്തനം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates