ന്യൂഡൽഹി: അതിർത്തിയിൽ സേനാ വിന്യാസം കൂട്ടി പാകിസ്ഥാൻ പ്രകോപനം തുടരുന്നതിനിടെ സെൻട്രൽ സെക്ടറിൽ ഇന്ത്യയുടെ വൻ വ്യോമാഭ്യാസം. റഫാൽ, സുഖോയ് 30, എംകെഐ യുദ്ധ വിമാനങ്ങൾ പങ്കെടുത്ത 'ആക്രമൺ' എന്ന പേരിലാണ് ഇന്ത്യ വ്യോമാഭ്യാസം നടത്തിയത്.
രാജ്യരക്ഷയ്ക്ക് സേന സജ്ജമാണെന്നു ഇന്ന് ഉച്ചയ്ക്കു പാകിസ്ഥാൻ പ്രതികരിച്ചിരുന്നു. അതിനിടെ പഞ്ചാബിലെ ഫിറോസ്പുർ അതിർത്തിയിൽ നിന്നു നിയന്ത്രണരേഖ മുറിച്ചു കടന്നുവെന്നാരോപിച്ച് ഒരു ബിഎസ്എഫ് ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലും എടുത്തിരുന്നു. സൈനികനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. അതിനിടെയാണ് പാക് പ്രകോപനത്തിനു വ്യോമാഭ്യാസം നടത്തി ഇന്ത്യ മറുപടി നൽകിയത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ മിസൈല്‍ പരീക്ഷണവും നടത്തിയിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പടക്കപ്പല്‍ ഐഎന്‍എസ് സൂറത്തില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. അറബിക്കടലില്‍ ആകാശത്തേയ്ക്ക് തൊടുത്ത് നടത്തിയ മിസൈല്‍ പരീക്ഷണം വിജയകരമെന്ന് നാവികസേന അറിയിച്ചു.
മിസൈല്‍ വേധ പടക്കപ്പല്‍ ശ്രേണിയില്‍പ്പെട്ടതാണ് ഐഎന്‍എസ് സൂറത്ത്. മധ്യദൂര ഭൂതല- വ്യോമ മിസൈലാണ് സൂറത്തില്‍ നിന്ന് തൊടുത്തത്. ലക്ഷ്യസ്ഥാനത്തേയ്ക്ക് കൃത്യമായി തൊടുത്ത് നടത്തിയ മിസൈല്‍ പരീക്ഷണം നാവികസേനയുടെ കരുത്ത് പ്രകടമാക്കുന്നതാണെന്ന് പ്രതിരോധമന്ത്രാലയ വക്താവ് എക്‌സില്‍ കുറിച്ചു. രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതില്‍ മിസൈല്‍ പരീക്ഷണം മറ്റൊരു നാഴികക്കല്ല് കൂടി അടയാളപ്പെടുത്തിയതായും പ്രതിരോധമന്ത്രാലയ വക്താവ് വ്യക്തമാക്കി.
വിശാഖപട്ടണം ക്ലാസ് സ്റ്റെല്‍ത്ത് ഗൈഡഡ്-മിസൈല്‍ ഡിസ്‌ട്രോയറുകളിലെ നാലാമത്തെ കപ്പലാണ് ഐഎന്‍എസ് സൂറത്ത് . ഡല്‍ഹി ക്ലാസ് (പി-15), കൊല്‍ക്കത്ത ക്ലാസ് (പി-15എ), വിശാഖപട്ടണം ക്ലാസ് ഡിസ്‌ട്രോയര്‍ (പി-15ബി) എന്നിവ ഉള്‍പ്പെടുന്ന പ്രോജക്റ്റ് 15 പ്രകാരം നിര്‍മ്മിച്ച ഡിസ്‌ട്രോയറുകളുടെ നിരയിലെ അവസാനത്തേതാണ് ഈ പടക്കപ്പല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates