ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ് കേസ് പ്രതികള്‍ പണം ഓഹരി വിപണിയില്‍ നിക്ഷേപിച്ചതായി പൊലീസ് കണ്ടെത്തി. മോഷ്ടിച്ച പണത്തിന്റെ ഉറവിടം മറച്ചുവെക്കാനും അതിലൂടെ ലാഭമുണ്ടാക്കാനുമാണ് പ്രതികള്‍ ഓഹരി വിപണിയിലും മറ്റ് സാമ്പത്തിക മേഖലകളിലും നിക്ഷേപം നടത്തിയെന്നാണ് അന്വേണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
പ്രതികളുടേയും അവരുടെ ബന്ധുക്കളുടേയും പേരിലുള്ള 30 ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. സംഭാവനകള്‍ എണ്ണുന്ന സമയത്ത് ആരുടേയും ശ്രദ്ധയില്‍പ്പെടാത്ത രീതിയില്‍ ചെറിയ തുകകളായിട്ടാണ് പ്രതികള്‍ പണം മാറ്റിയത്. മോഷ്ടിച്ച പണം ഉടന്‍ ചിലവാക്കുന്നതിന് പകരം ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയും പലിശയ്ക്ക് പണം നല്‍കുകയുമാണ് ചെയ്തിരുന്നത്. തട്ടിപ്പിനായി ഇവര്‍ വ്യാജ സംഭാവന രസീതുകളും ഉപയോഗിച്ചിരുന്നു. പണം എവിടെ നിന്നാണെന്ന് കണ്ടെത്താതിരിക്കാന്‍ പ്രതികള്‍ ഈ തുക ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് മാറ്റി. പിന്നീട് സ്വന്തം അക്കൗണ്ടുകളിലേയ്ക്ക് തന്നെ തിരിച്ചിടുകയും ചെയ്തു.
കേസിലെ പ്രതികളായ അനുകല്‍പ് മിശ്ര, അവിനാഷ് ശുക്ല, ലവ്കുഷ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരുടെ വീടുകളില്‍ പൊലീസ് വീണ്ടും പരിശോധന നടത്തി. പ്രതികളെ കോടതി 40 മണിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇവരെയും കൂട്ടി ഫോറന്‍സിക് വിദഗ്ധരുടെയും സ്വതന്ത്ര സാക്ഷികളുടെയും സാന്നിധ്യത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികള്‍ മറ്റ് സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടോ എന്നും ആര്‍ക്കൊക്കെ ഈ തട്ടിപ്പിലൂടെ ലാഭമുണ്ടായി എന്നും കണ്ടെത്താനായി സാമ്പത്തിക വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനായി പ്രതികളുടെ ട്രേഡിംഗ് സ്റ്റേറ്റ്‌മെന്റുകളും ഡിജിറ്റല്‍ പേയ്‌മെന്റ് രേഖകളും പൊലീസ് പരിശോധിച്ചു വരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates