

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ നല്‍കുന്ന ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നില്ലെന്നും മാനുഷിക പരിഗണന മുന്‍നിര്‍ത്തി സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. ഭീകരവാദ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്ത അമേരിക്കന്‍ പൗരന്‍ ആണ് ആവശ്യമുന്നയിച്ച് ഡല്‍ഹി കോടതിയെ സമീപിച്ചിരിക്കുന്നത്.
ജയിലിലെ ഭക്ഷണം കഴിക്കാന്‍ കഴിയാത്തതിനാല്‍ കഴിഞ്ഞ 50 ദിവസത്തിലേറെയായി താന്‍ നിരാഹാര സമരത്തിലാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. സ്വന്തം ചെലവില്‍ പാചക സൗകര്യവും സാധനങ്ങളും അനുവദിക്കണമെന്നുമാണ് ഇയാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കന്‍ വ്യവസായിയും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ മാത്യു ആരോണ്‍ വാന്‍ഡൈക് ആണ് പട്യാല ഹൗസ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പ്രശാന്ത് ശര്‍മയ്ക്ക് മുന്നില്‍ ഹര്‍ജി നല്‍കിയത്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ മാത്യു വാന്‍ഡൈക് തിഹാര്‍ ജയിലിലാണ്. ജയിലില്‍ വിളമ്പുന്ന എരിവും എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ല. മെയ് മുതല്‍ നിരാഹാര സമരത്തിലാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അമേരിക്കന്‍ പൗരന്‍ എന്ന നിലയില്‍ ഇന്ത്യന്‍ ജയിലുകളില്‍ സാധാരണയായി നല്‍കുന്ന ഭക്ഷണരീതിയുമായി പൊരുത്തപ്പെടാന്‍ തനിക്ക് സാധിക്കുന്നില്ലെന്നാണ് ഇയാളുടെ വാദം. തുടര്‍ച്ചയായ നിരാഹാരം കാരണം തന്റെ ആരോഗ്യം മോശമായതായും ഏകദേശം 14 കിലോഗ്രാം ഭാരം കുറഞ്ഞെന്നും കോടതിയെ അറിയിച്ചു. ആവശ്യത്തിന് പോഷകാഹാരം ലഭിക്കാത്തതിനാല്‍ കാഴ്ചശക്തിയെ ബാധിച്ചതായും പ്രതിരോധശേഷിയും ശാരീരിക ബലവും കുറഞ്ഞതായും ഹര്‍ജിയില്‍ പറയുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ മാത്രമാണ് ഈ ആവശ്യമെന്നും ഭക്ഷണസാധനങ്ങള്‍, പാചക ഉപകരണങ്ങള്‍ എന്നിവയുടെ മുഴുവന്‍ ചെലവും കുടുംബം വഹിക്കാന്‍ തയ്യാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
ഹര്‍ജിയില്‍, കോടതി തിഹാര്‍ ജയില്‍ അധികൃതരോട് മറുപടി തേടിയിട്ടുണ്ട്. ജൂലൈ 21 ന് കേസില്‍ വാദം കേള്‍ക്കും. പരിപ്പു വര്‍ഗങ്ങള്‍, ചുവന്ന ഇറച്ചി, കോഴിയിറച്ചി, ചെമ്മീന്‍, പാസ്ത, നൂഡില്‍സ്, അരി, ഉരുളക്കിഴങ്ങ്, സവാള, പയര്‍വര്‍ഗങ്ങള്‍, ഒലീവ് ഓയില്‍, സോയ മില്‍ക്ക്, കുപ്പിവെള്ളം തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ കൈവശം വയ്ക്കാന്‍ അനുവദിക്കണമെന്നാണ് മാത്യു വാന്‍ഡൈക് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനൊപ്പം ഒരു ഇന്‍ഡക്ഷന്‍ കുക്കര്‍, പാത്രങ്ങള്‍, പ്ലാസ്റ്റിക് ചോപ്പര്‍ എന്നിവയും ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തി എന്നാരോപിച്ച് കഴിഞ്ഞ മാര്‍ച്ച് 13നാണ് മാത്യു വാന്‍ഡൈക്കിനെയും ആറ് യുക്രെയ്ന്‍ പൗരന്മാരെയും എന്‍ഐഎ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തത്. നിരോധിത ഇന്ത്യന്‍ വിഘടനവാദി സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും അവര്‍ക്ക് ആയുധങ്ങളും മറ്റ് സാങ്കേതിക സഹായങ്ങളും പരിശീലനവും നല്‍കിയെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. മാത്യു വാന്‍ഡൈക് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ യുഎപിഎ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates