മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ശക്തനായ നേതാവായിരുന്നു അന്തരിച്ച അജിത് പവാര്‍. ഒരു തെരഞ്ഞെടുപ്പിലും തോല്‍ക്കാത്ത നേതാവ് എന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്. ഏറ്റവും കൂടുതല്‍ കാലം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന നേതാവാണ് അജിത് പവാര്‍. ആറു തവണയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായിരുന്നത്. എട്ടു തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചു. എല്ലാത്തവണയും വിജയിച്ചു.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനും മുന്‍ മുഖ്യമന്ത്രിയുമായ ശരദ് പവാറിന്റെ സഹോദരപുത്രനാണ് അജിത് പവാര്‍. 1959 ജൂലൈ 22 ന് അഹമ്മദ് നഗര്‍ ജില്ലയിലെ ദിയോലാലി പ്രവരയിലാണ് അജിത് അനന്തറാവു പവാറിന്റെ ജനനം. അനന്തറാവു- അഷ്ടതായി പവാര്‍ എന്നിവരാണ് മാതാപിതാക്കള്‍. ശരദ് പവാറിന്റെ മൂത്ത സഹോദരനാണ് അനന്തറാവു. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് അജിത് കോളജ് പഠനം അവസാനിപ്പിച്ചു.
ശരദ് പവാറിന്റെ പാത പിന്തുടര്‍ന്ന്, 1982 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെയാണ് അജിത് പവാര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. കോ- ഓപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറി ബോര്‍ഡിലേക്കായിരുന്നു ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1991 ല്‍ പൂനെ ജില്ലാ സഹകരണ ബാങ്ക് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 1991 ലാണ് ആദ്യമായി പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. ബാരാമതിയില്‍ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചു.
പിന്നീട് നരസിംഹറാവു മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായ ശരദ് പവാറിനു വേണ്ടി സീറ്റ് ഒഴിഞ്ഞു. തുടര്‍ന്ന് ബരാമതി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലൂടെ മഹാരാഷ്ട്ര നിയമസഭയിലെത്തി. 1991 ലെ ഉപതെരഞ്ഞെടുപ്പ് മുതല്‍ 2024 ലെ തെരഞ്ഞെടുപ്പ് വരെ എട്ടു തവണ നിയമസഭാംഗമായിരുന്നിട്ടുണ്ട്. പൃഥ്വിരാജ് ചവാന്‍, ദേവേന്ദ്ര ഫഡ്‌നാവിസ്, ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ എന്നിവര്‍ക്കു കീഴില്‍ ഉപമുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഫഡ്‌നാവിസ് സര്‍ക്കാരില്‍ ധനകാര്യം, ആസൂത്രണം, എക്‌സൈസ്, സ്‌പോര്‍ട്‌സ്, യുവജനക്ഷേമം, ന്യൂനപക്ഷക്ഷേമം എന്നി വകുപ്പുകളുടെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയായിരുന്നു.
2022 മുതല്‍ 2023 വരെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019 ലാണ് ഇളയച്ഛന്‍ ശരദ് പവാറുമായി ഇടഞ്ഞ് അജിത് പവാര്‍ ബിജെപി ക്യാംപിലെത്തുന്നത്. ബിജെപി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയുമായി. എന്നാല്‍ 80 മണിക്കൂര്‍ മാത്രമേ ഫഡ്‌നാവിസ് സര്‍ക്കാരിന് ആയുസ്സുണ്ടായുള്ളൂ. ബിജെപി സര്‍ക്കാര്‍ തകര്‍ന്നതോടെ അജിത് പവാര്‍ എന്‍സിപിയില്‍ തിരിച്ചെത്തി. തുടര്‍ന്ന് മഹാ വികാസ് അഘാഡി സഖ്യത്തില്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. 2022 ല്‍ ശിവസേനയിലിലെ പിളര്‍പ്പിനെത്തുടര്‍ന്ന് മഹാ വികാസ് അഘാഡി സര്‍ക്കാര്‍ തകര്‍ന്നു.
ശിവസേനയിലെ ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി ബിജെപി സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അപ്പോള്‍ അജിത് പവാര്‍ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവായി. 2023 ല്‍ ല്‍ എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമാകുകയും അജിത് പവാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി പിളര്‍ത്തി, എന്‍സിപി അജിത് പവാര്‍ എന്ന പാര്‍ട്ടി രൂപീകരിക്കുകയുമായിരുന്നു.
പാര്‍ട്ടി അധ്യക്ഷപദവിയെച്ചൊല്ലിയുള്ള കലഹമാണ് പിളര്‍പ്പിലേക്ക് വഴിതെളിച്ചത്. തുടര്‍ന്ന് അജിത് പവാര്‍ പക്ഷം ബിജെപി ക്യാംപിനൊപ്പം ചേരുകയായിരുന്നു. അടുത്തിടെ ഭിന്നത മറന്ന് ശരദ് പവാറുമായി യോജിക്കാനുള്ള നീക്കങ്ങള്‍ ശക്തമാകുന്നതിനിടെയാണ് വിമാനദുരന്തത്തില്‍ അജിത് പവാറിന്റെ മരണം. സുനേത്ര പവാറാണ് അജിത് പവാറിന്റെ ഭാര്യ. രണ്ട് ആണ്‍മക്കളുണ്ട്. ജയ്, പാര്‍ത്ഥ് പവാര്‍ എന്നിവര്‍. എന്‍സിപി എംപി സുപ്രിയ സുലെ അടുത്ത ബന്ധുവാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates