ദിസ്പൂര്‍: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലെ കേസില്‍ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് ഇടക്കാല സംരക്ഷണം നല്‍കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഏപ്രില്‍ 20 വരെ കര്‍ശന നടപടികളില്‍ നിന്ന് ഖേര സംരക്ഷണം തേടിയിരുന്നെങ്കിലും കോടതി ഈ അപേക്ഷ നിരസിച്ചു. പകരം അസമിലെ ബന്ധപ്പെട്ട കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം തേടാന്‍ ബെഞ്ച് അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു.
ജാമ്യം ചൊവ്വാഴ്ച വരെ നീട്ടിനല്‍കണമെന്ന ആവശ്യം ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അതുല്‍ എസ് ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് നിരസിച്ചു. ഇതോടെ ഖേരയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി പവന്‍ ഖേര ഒരു തീവ്രവാദിയാണോ? എന്ന് കോടതിയില്‍ ചോദിച്ചു.
ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അതുല്‍ എസ് ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച്, ഖേരയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയുടെ വാദങ്ങള്‍ രേഖപ്പെടുത്തി. കോണ്‍ഗ്രസ് നേതാവിന്റെ അപേക്ഷ പരിഗണിക്കുമ്പോള്‍ സുപ്രീംകോടതിയോ തെലങ്കാന ഹൈക്കോടതിയോ ഈ കേസില്‍ എന്തെങ്കിലും പ്രതികൂല പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അവ കണക്കിലെടുക്കരുതെന്ന് അസമിലെ കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഖേരയുടെ അപേക്ഷ എത്രയും വേഗം പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ കേസില്‍ ഖേരയ്ക്ക് ഒരാഴ്ചത്തെ ട്രാന്‍സിറ്റ് മുന്‍കൂര്‍ ജാമ്യം അനുവദിച്ച തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ് ഏപ്രില്‍ 15-ന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഖേര എന്തിനാണ് തെലങ്കാന ഹൈക്കോടതിയെ സമീപിച്ചതെന്ന് അദ്ദേഹത്തിന്റെ അപേക്ഷയില്‍ പറയുന്നില്ലെന്നും, ഈ കേസ് പരിഗണിക്കാന്‍ ആ കോടതിക്ക് അധികാരപരിധിയില്ലെന്നും അസം സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
ഏപ്രില്‍ 5-ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പവന്‍ ഖേര ഉന്നയിച്ച ആരോപണങ്ങളെത്തുടര്‍ന്ന് ഗുവാഹത്തി ക്രൈംബ്രാഞ്ച് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ നിന്നാണ് ഈ നിയമനടപടികള്‍ ഉണ്ടായത്. ഏപ്രില്‍ 9-ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി മുഖ്യമന്ത്രി നല്‍കിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്താത്ത ഒന്നിലധികം പാസ്പോര്‍ട്ടുകളും വിദേശ സ്വത്തുക്കളും ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മയ്ക്ക് ഉണ്ടെന്നായിരുന്നു ഖേരയുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്നും കെട്ടിച്ചമച്ചതാണെന്നും ശര്‍മയുടെ കുടുംബം തള്ളി.
ഏപ്രില്‍ 7-ന് അസം പൊലീസും ഡല്‍ഹി പൊലീസും ഖേരയുടെ വസതിയില്‍ എത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. പരിശോധനയില്‍ ചില 'കുറ്റകരമായ' രേഖകള്‍ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന നടത്തുക, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഖേരയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates