ന്യൂഡല്‍ഹി: 2012ല്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടന്ന അഴിമതി വിരുദ്ധ സമരം ബിജെപിയും ആര്‍എസ്എസും രഹസ്യമായി ആസൂത്രണം ചെയ്തതാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയായിരുന്നു പ്രക്ഷോഭത്തിന്റെ പ്രധാന ലക്ഷ്യമെന്നും ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന സോണിയയുടെ ആത്മകഥയിൽ പറയുന്നു.
അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധം വലിയ ജനപിന്തുണ നേടിയതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. ലോക്പാല്‍ സംവിധാനം കൊണ്ടുവരണമെന്ന ആവശ്യവുമായി അണ്ണാ ഹസാരെ നടത്തിയ നിരാഹാര സമരത്തിന് വലിയ ജനക്കൂട്ടമാണ് പിന്തുണയുമായി എത്തിയത്. ഇതോടെ യുപിഎ സര്‍ക്കാരിന് സമ്മര്‍ദത്തിന് വഴങ്ങേണ്ടിവന്നു.
അഴിമതി തടയുന്നതിനായി 2014ല്‍ ലോക്പാല്‍ ബില്‍ കൊണ്ടുവന്നതായും കേന്ദ്രത്തില്‍ ലോക്പാലിനും സംസ്ഥാനങ്ങളില്‍ ലോകായുക്തകള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അധികാരം നല്‍കിയതായും സോണിയ പുസ്തകത്തില്‍ പറയുന്നു.
എന്നാല്‍ ബിജെപി അധികാരത്തിലെത്തിയതോടെ ലോക്പാല്‍ സംവിധാനം അപ്രസക്തമായെന്നും അധികാരമില്ലാത്ത, ആരും ശ്രദ്ധിക്കാത്ത സംവിധാനമായി അത് മാറിയെന്നുമാണ് വിമര്‍ശനം. യുപിഎ സര്‍ക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യം നേടിയതോടെ അണ്ണാ ഹസാരെയെക്കുറിച്ചും പ്രസ്ഥാനത്തെക്കുറിച്ചും പിന്നീട് ചര്‍ച്ചകളൊന്നും ഉണ്ടായില്ലെന്നും പുസ്തകത്തില്‍ പറയുന്നു.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളും പ്രചാരണങ്ങളും നടന്നിരുന്നുവെന്നും അദ്ദേഹം അതെല്ലാം അന്തസ്സോടെ നേരിട്ടെന്നും സോണിയ പുസ്തകത്തിൽ പറയുന്നു. 'ചരിത്രം മാധ്യമങ്ങളേക്കാള്‍ എന്നോട് കൂടുതല്‍ കരുണ കാണിക്കും' എന്ന മന്‍മോഹന്‍ സിംഗിന്റെ വാക്കുകളും പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
2014ല്‍ യുപിഎ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായപ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനുള്ള നീക്കങ്ങള്‍ക്ക് ആര്‍എസ്എസ് അടിത്തറയിട്ടിരുന്നുവെന്നും സോണിയ ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates