ന്യൂഡല്‍ഹി: പാര്‍ട്ടിയും ചിഹ്നവും മരവിപ്പിച്ചതിന് പിന്നാലെ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി. നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ മമത ബാനര്‍ജി വിഭാഗം സ്ഥാനാര്‍ത്ഥി മത്സരത്തില്‍ നിന്നും പിന്മാറി. ഉപതെരഞ്ഞെടുപ്പില്‍ മമത വിഭാഗം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സഞ്ചിത പ്രധാന്‍ ദേയാണ് മത്സരരംഗത്തു നിന്നും അപ്രതീക്ഷിതമായി പിന്‍മാറിയത്.
ബിജെപി നേതാവും മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സഞ്ചിത പ്രധാന്‍ മത്സരത്തില്‍ നിന്നും പിന്മാറിയത്. നന്ദിഗ്രാമിലെ അധ്യാപികയായിരുന്നു സഞ്ചിത. അധ്യാപക നിയമന വിവാദത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട അദ്യാപികമാരില്‍പ്പെട്ടയാളാണ് സഞ്ചിത പ്രധാന്‍. നന്ദിഗ്രാമില്‍ മമത ബാനര്‍ജി പരാജയപ്പെട്ട മണ്ഡലത്തില്‍ താരതമ്യേന അപ്രധാന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതായി സഞ്ചിതയെ പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കഴിഞ്ഞദിവസം തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും ചിഹ്നവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഞ്ചിത പ്രധാന്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സഞ്ചിത മത്സരരംഗത്തു നിന്നും പിന്മാറുന്നതായി അറിയിച്ചതിനു പിന്നാലെ, ബിജെപിയെ കുറ്റപ്പെടുത്തി മമത ബാനര്‍ജി രംഗത്തെത്തി. പാര്‍ട്ടി ചിഹ്നവും പേരും നഷ്ടമായതിന് പിന്നില്‍ ബിജെപിയാണെന്ന് മമത കുറ്റപ്പെടുത്തി.
എന്നാല്‍ ബിജെപിക്കെതിരായ പോരാട്ടത്തില്‍ നിന്നും പിന്മാറില്ലെന്ന് മമത വ്യക്തമാക്കി. നന്ദിഗ്രാമില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും മമത അറിയിച്ചു. ബിജെപി ഉദ്ധവ് താക്കറെയുടെ ശിവസേനയോട് ചെയ്തതു തന്നെയാണ് തൃണമൂലിനു നേരെയും ചെയ്തത്. അതു തന്നെയാണ് എന്‍സിപിയോടും ചെയ്തത്. പാര്‍ട്ടി പേരും ചിഹ്നവും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി നിയമവിരുദ്ധമാണ്. ഇതുകൊണ്ടൊന്നും പിന്മാറില്ലെന്നും, കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates