Amit Shah In Loksabha PTI
India

പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ സൈന്യം വധിച്ചു; പാകിസ്ഥാന്‍ കോണ്‍ഗ്രസിന്റെ തെറ്റ്: അമിത് ഷാ

കൊല്ലപ്പെട്ട ഭീകരരുടെ കൈയ്യിൽ നിന്നും പഹൽഗാമിൽ ഉപയോഗിച്ച ആയുധങ്ങൾ പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ നിഷ്‌കളങ്കരായ സാധാരണക്കാരെ കൊലപ്പെടുത്തിയ സംഭവത്തിലുള്‍പ്പെട്ട മൂന്ന് ഭീകരരെ വധിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരില്‍ സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും ചേര്‍ന്ന് നടത്തിയ, ഓപ്പറേഷന്‍ മഹാദേവ് എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയതെന്നും അമിത് ഷാ പാര്‍ലമെന്റില്‍ അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായ അതേ ദിവസമാണ് ഓപ്പറേഷന്‍ മഹാദേവ് ആരംഭിച്ചത്. എ ഗ്രേഡ് ഭീകരരായ സുലൈമാന്‍ എന്ന ആസിഫ്, ജിബ്രാന്‍, ഹംസ അഫ്ഗാനി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അമിത് ഷാ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണവുമായി നേരിട്ട് ബന്ധമുള്ളവരാണ് ഈ മൂന്നു ഭീകരരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പഹല്‍ഗാം ഭീകരവാദികളെ വധിച്ചെന്ന് കേള്‍ക്കുമ്പോള്‍ പ്രതിപക്ഷത്തിന് സന്തോഷമാകുമെന്നാണ് താന്‍ കരുതിയത്. എന്നാല്‍ പ്രതിപക്ഷത്തിന് ദുഃഖമാണെന്നും അമിത് ഷാ വിമര്‍ശിച്ചു.

പാകിസ്ഥാനിൽ നിന്നുള്ള ഭക്ഷണ സാധനങ്ങൾ ഇവരുടെ പക്കലുണ്ടായിരുന്നു. പഹൽഗാം ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട ഇവർ‌ പല ഗ്രാമങ്ങളിലും അഭയം തേടുകയായിരുന്നു. ഭീകരരുടെ കൈയ്യിൽ നിന്നും പഹൽഗാമിൽ ഉപയോഗിച്ച ആയുധങ്ങൾ പിടിച്ചെടുത്തു. ഭീകരരെ മാത്രമല്ല അവരെ അയച്ചവരെയും കൊലപ്പെടുത്തി. ഭീകരരെ സഹായിച്ചവർ നേരത്തെ എൻഐഎയുടെ പിടിയിലായിരുന്നു. ഇവർ ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

പാക് അധീന കശ്മീർ ഇന്ത്യയുടേതാണ്. കോൺ​ഗ്രസിന്റെ മണ്ടത്തരമാണ് പാക് അധീന കശ്മീർ ഇന്ത്യയ്ക്ക് നഷ്ടമാകാൻ കാരണം. കശ്മീർ പ്രശ്നം കൈകാര്യം ചെയ്ത രീതി, 1960 ലെ സിന്ധു ജല കരാർ, 1971 ലെ സിംല കരാർ എന്നിവ കൈകാര്യം ചെയ്തതിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ തീരുമാനങ്ങളാണ് തിരിച്ചടിയായത്. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങളിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തു. പാക് അധീന കശ്മീർ തിരിച്ചുപിടിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അമിത് ഷാ ആരോപിച്ചു.

എല്ലാ ഭീകരതയുടെയും മൂലകാരണം പാകിസ്ഥാനാണ്. കോൺഗ്രസിന്റെ തെറ്റാണ് പാകിസ്ഥാൻ. കോൺ​ഗ്രസ് വിഭജനം അംഗീകരിച്ചില്ലായിരുന്നെങ്കിൽ പാകിസ്ഥാൻ ഉണ്ടാകുമായിരുന്നില്ല. 2002-ൽ അടൽ ബിഹാരി വാജ്പേയ് സർക്കാർ ഭീകരത അവസാനിപ്പിക്കാൻ ഭീകരവാദ നിരോധന നിയമം കൊണ്ടുവന്നു. എന്നാൽ കോൺഗ്രസ് അതിനെ എതിർത്തു. രാജ്യസഭയിൽ എൻഡിഎയ്ക്ക് ഭൂരിപക്ഷമില്ലായിരുന്നു. ആ നിയമം പാസാക്കാൻ കഴിഞ്ഞില്ല. പിന്നീട്, സംയുക്ത സമ്മേളനത്തിലാണ് അത് പാസാക്കിയത്. പോട്ട തീവ്രവാദികൾക്കെതിരായിരുന്നു. വോട്ട് ബാങ്കിനുവേണ്ടി കോൺ​ഗ്രസ് തീവ്രവാദികളെ രക്ഷിക്കാൻ ശ്രമിച്ചു. പിന്നീട് വന്ന മൻമോഹൻ സിങ് സർക്കാർ‌ പോട്ട റദ്ദാക്കി.ഇത് ആരുടെ നേട്ടത്തിനു വേണ്ടിയായിരുന്നു? അമിത് ഷാ ചോദിച്ചു.

പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. ഭീകരരുടെ മതം നോക്കി ദുഃഖിക്കരുതെന്നും അമിത് ഷാ ലോക്സഭയിൽ പ്രതിപക്ഷത്തോട് പറഞ്ഞു. അമിത് ഷായുടെ പ്രസംഗത്തിനിടെ ഇടപെട്ട അഖിലേഷ് യാദവിനോട് അമിത് ഷാ ക്ഷോഭിച്ചു. താങ്കൾക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടോ എന്നായിരുന്നു അമിത് ഷായുടെ ചോദ്യം. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു. വിവാഹം കഴിഞ്ഞ് വെറും ആറുദിവസത്തിനിപ്പുറം വിധവയായ യുവതിയെ കണ്ടു. ആ രംഗം തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. കിരാതമായ ആ നടപടിയെ അപലപിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

Union Home Minister Amit Shah said that three terrorists involved in the killing of innocent civilians in Pahalgam have been killed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT