അശോക് ചവാന്‍ 
India

അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു; പഠോളുമായുള്ള ഭിന്നത കാരണമോ? ബിജെപിയിലേയ്‌ക്കെന്നു സൂചന

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നാനാ പഠോളയ്ക്കാണ് ചവാന്‍ രാജിക്കത്ത് നല്‍കിയത്.

അശോക് ചവാന്‍ ബിജെപിയിലേക്ക് മാറുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ബിജെപി എംപിയായി രാജ്യസഭയിലേക്ക് എത്തിയേക്കുമെന്നും സൂചനകളുണ്ട്. അതേസമയം പിസിസി അധ്യക്ഷന്‍ നാനാ പഠോളയുമായുള്ള അഭിപ്രായ ഭിന്നതകളാണ് ചവാന്റെ രാജിക്ക് പിന്നിലെന്നും അഭ്യൂഹങ്ങളുണ്ട്.

മഹാരാഷ്ട്ര മുന്‍ പിസിസി അധ്യക്ഷനാണ് അശോക് ചവാന്‍. 1987 മുതല്‍ 1989 വരെ ലോക്സഭാ എംപിയായിരുന്നു. 2014ല്‍ വീണ്ടും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1986 മുതല്‍ 1995 വരെയുള്ള കാലയളവില്‍ മഹാരാഷ്ട്ര പ്രദേശ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിരുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ചവാന്‍ നന്ദേഡ് മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

1999 മുതല്‍ 2014 മെയ് വരെ അദ്ദേഹം മൂന്ന് തവണ മഹാരാഷ്ട്ര നിയമസഭയിലുണ്ടായിരുന്നു. 2008ഡിസംബര്‍ 8 മുതല്‍ 2010 നവംബര്‍ 9 വരെ അദ്ദേഹം മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ പേരില്‍ 2010 നവംബര്‍ 9 ന് കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടു.

സ്വാധീനമുള്ള രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് ചവാന്‍ വരുന്നത്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശങ്കര്‍റാവു ചവാന്റെ മകനാണ്. ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ ചവാന്റെ രാജി വലിയ പ്രത്യഘാതങ്ങള്‍ സൃഷ്ടിച്ചേക്കും. മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ ആളാണ് അശോക് ചവാന്‍. സൗത്ത് മുംബൈ മുന്‍ എംപി മിലിന്ദ് ദിയോറയും മുന്‍ എംഎല്‍എ ബാബ സിദ്ദിഖും ആണ് മുമ്പ് കോണ്‍ഗ്രസ് വിട്ടത്.

ചവാന്റെ രാജി സംസ്ഥാന രാഷ്ട്രീയത്തിലും വലിയ ചലനങ്ങള്‍ ഉണ്ടാക്കിയേക്കും. കോണ്‍ഗ്രസ്-ഉദ്ദവ് വിഭാഗം ശിവസേന- ശരദ് പവാര്‍ വിഭാഗം എന്‍സിപി എന്നിവ ചേര്‍ന്ന മഹാവികാസ് അഖാഡിയുടെ നിലനില്‍പ്പിനെ ബാധിച്ചേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

SCROLL FOR NEXT