ഡെറാഡൂണ്‍: ഹരിദ്വാറില്‍ ഗംഗാ തീരത്തെ ഘാട്ടുകളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കമെന്ന ആവശ്യവുമായി ഗംഗാ സഭ. ഗംഗാ ആരതിക്ക് പേരുകേട്ട ഹര്‍ കി പൗരിയിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണം നടപ്പാക്കണം. പൊതുജനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടെ അഹിന്ദുക്കള്‍ക്കും വിലക്ക് ബാധകമാക്കണം എന്നുമാണ് ഗംഗാ സഭയുടെ ആവശ്യം.
ഹിന്ദു വിഭാഗത്തിന് പുറത്തുള്ള ഒരു വ്യക്തിയും ഹര്‍ കി പൗരിയില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് ഗംഗാ സഭയുടെ ആവശ്യം. 'സനാതന പാരമ്പര്യങ്ങളും, ഗംഗാ മാതാവിന്റെ മതപരമായ സ്വത്വവും, ഹര്‍ കി പൗരിയുടെ പവിത്രതയും പരമപ്രധാനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഒരു നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നത് എന്നാണ് സംഘനയുടെ പ്രസിഡന്റ് നിതിന്‍ ഗൗതം നല്‍കുന്ന വിശദീകരണം. 'സര്‍ക്കാര്‍ വകുപ്പായാലും, സ്ഥാപനമായാലും, ഒരു മാധ്യമ പ്രവര്‍ത്തകനായാലും, കുംഭ മേഖലയിലെ ഈ സ്ഥലങ്ങളില്‍ എല്ലാ അഹിന്ദുക്കളുടെയും പ്രവേശനം നിരോധിക്കണം,'' എന്നും നിതിന്‍ ഗൗതം ആവശ്യപ്പെടുന്നു.
1916-ലെ ഹരിദ്വാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബൈലോകള്‍ ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സഹായിക്കുന്നതാണ്. ഇത് പ്രകാരം ഹര്‍ കി പൗരിയിലും പരിസര പ്രദേശങ്ങളിലെ ഗംഗാ ഘട്ടുകളിലും അഹിന്ദുക്കളുടെ പ്രവേശനം നിരോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് കഴിഞ്ഞ ദിവസം അറബികളുടെ വേഷം ധരിച്ചെത്തിയ രണ്ട് യുവാക്കള്‍ വിഡിയോ പകര്‍ത്തിയ സംഭവം ഉണ്ടായിരുന്നു. യുവാക്കളുടെ ഇടപെടല്‍ പ്രദേശത്ത് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ നിരോധനം നടപ്പാക്കണം എന്നാണ് സംഘടനയുടെ ആവശ്യം.
കുംഭമേള നടക്കുന്ന പ്രദേശത്തിന് കീഴിലുള്ള ഹര്‍ കി പൗരിയും ചുറ്റുമുള്ള ഘട്ടുകളും ഉള്‍പ്പെടെ എല്ലാ ഗംഗാ ഘാട്ടുകളും അഹിന്ദുക്കള്‍ക്ക് നിയന്ത്രിത പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്ന് ഗംഗാ സഭയും സന്യാസി സമൂഹവും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ പരിഗണനയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates