ചെന്നൈ: കേരളത്തില്‍ പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ രാജ്യത്തെ ഏറ്റവും വലിയ മുട്ട ഉല്‍പ്പാദന കേന്ദ്രങ്ങളിലൊന്നായ തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ പൗള്‍ട്രി ഫാമുകള്‍ അതീവ ജാഗ്രതയില്‍. രോഗം പടരുന്നത് തടയുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ ശക്തമാക്കി. ഇന്ത്യയിലെ പൗള്‍ട്രി വ്യവസായത്തില്‍ നിര്‍ണായക പങ്കാണ് നാമക്കലിനുള്ളത്.
ഏകദേശം 1500 പൗള്‍ട്രി ഫാമുകള്‍ നാമക്കലില്‍ മാത്രം ഉണ്ട്. ദിവസേന ദശലക്ഷക്കണക്കിന് മുട്ടകളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലേയ്ക്കും വിദേശ രാജ്യങ്ങളിലേയ്ക്കുമാണ് ഇവിടെ നിന്നും മുട്ട കയറ്റുമതി ചെയ്യുന്നത്. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍ അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കോഴികളെ കയറ്റി വരുന്ന വാഹനങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
പതിവായി വൃത്തിയാക്കലും അണുവിമുക്തമാക്കലും കര്‍ശനമായി പാലിക്കുന്നു. രോഗകാരികളായ ജീവികളെ ഇല്ലാതാക്കാന്‍ ഫോര്‍മാലിന്‍ പതിവായി ഉപയോഗിക്കുന്നു, നാമക്കലിലെ ഫാം ഉടമയായ പാര്‍ഥസാരഥി പറഞ്ഞു.
കോഴിത്തീറ്റയും മുട്ടയും കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഫാം പരിസരത്ത് പ്രവേശിക്കുന്നതിന് മുമ്പ് നന്നായി അണുവിമുക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല കൃത്യസമയത്ത് വാക്‌സിനുകളും നല്‍കുന്നുണ്ട്. ശുചിത്വം കര്‍ശനമായി പാലിക്കുന്നുണ്ട്. നനഞ്ഞ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നത് എളുപ്പത്തില്‍ അണുബാധയുണ്ടാക്കും. അതുകൊണ്ട് തന്നെ അണുബാധയുണ്ടാകാതിരിക്കാനും നിരന്തരശ്രമങ്ങളുണ്ട്. നാമക്കലില്‍ നിന്ന് പ്രതിദിനം 50 ലക്ഷത്തിലധികം മുട്ടകള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് അഖിലേന്ത്യാ പൗള്‍ട്രി പ്രൊഡക്ട് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി വല്‍സന്‍ പരമേശ്വരന്‍ പറഞ്ഞു. ഫാമിലെ വെള്ളം കൃത്യമായി ശുചീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates