കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സനൽ അസിസ്റ്റന്റ് (പിഎ) ചന്ദ്രനാഥ് രഥ് വെടിയേറ്റ് മരിച്ചു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തിൽ വച്ച് ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ചന്ദ്രനാഥ് രഥിന് നേരെ അക്രമികൾ രണ്ടു തവണ നിറയൊഴിക്കുകയായിരുന്നു. ബംഗാളിലെ ബിജെപിയുടെ ചരിത്രപരമായ വിജയത്തിന് പിന്നാലെയാണ് കൊലപാതകം.
ഡ്രൈവർക്ക് സമീപം മുൻ സീറ്റിൽ ഇരുന്ന് കാറിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനാഥ് രഥിന് നേരെ ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ രഥിനെ സമീപത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രഥിന്റെ ഡ്രൈവർക്കും വെടിയേറ്റിട്ടുണ്ട്. ഇയാളെ കൊൽക്കത്തയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രിയിലെത്തുന്നതിനു മുൻപ് തന്നെ ചന്ദ്രനാഥ് രഥിന്റെ മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ നെഞ്ചിൽ ഒന്നിലധികം വെടിയുണ്ടകളേറ്റതായി ഡോക്ടർ പറഞ്ഞു.
വയറിലും വെടിയേറ്റതായി ഡോക്ടർമാർ പറഞ്ഞു. അക്രമികൾ രഥിന്റെ കാറിന്റെ വിൻഡോയിലൂടെ എതിർവശത്ത് നിന്ന് വെടിവയ്ക്കുകയും ആക്രമണം നടത്തിയ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അക്രമികളെ തിരിച്ചറിയാനും ആക്രമണത്തിന്റെ കാരണം കണ്ടെത്താനുമുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ചന്ദ്രനാഥിന്റെ മരണം തന്റെ ഹൃദയം തകർത്തുവെന്നും ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും സുവേന്ദു അധികാരി മാധ്യമങ്ങളോട് പ്രതികരിച്ചു.
ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തിൽ അപലപിച്ചുകൊണ്ട് തൃണമൂൾ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ തൃണമൂൾ കോൺഗ്രസ് ആവശ്യപ്പെട്ടു. 'ഈ രാത്രി മധ്യംഗ്രാമിൽ നടന്ന ചന്ദ്രനാഥ് രഥിന്റെ ക്രൂരമായ കൊലപാതകത്തിലും, തെരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി മോഡൽ കോഡ് ഓഫ് കണ്ടക്ട് നിലവിലിരിക്കെ ബിജെപി പിന്തുണയുള്ള അക്രമികൾ നടത്തിയ അക്രമങ്ങളിൽ മൂന്ന് ടിഎംസി പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിലും ഞങ്ങൾ ശക്തമായി അപലപിക്കുന്നു,' പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.
ഈ വിഷയത്തിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണം ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ ഞങ്ങൾ ആവശ്യപ്പെടുന്നു, അതുവഴി കാരണക്കാരെ തിരിച്ചറിയാനും നീതി നടപ്പാക്കാനും കഴിയുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. ഭവാനിപൂർ മണ്ഡലത്തിൽ മമത ബാനർജിയെ 15,000-ത്തിലധികം വോട്ടുകൾക്കാണ് സുവേന്ദു അധികാരി പരാജയപ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates