ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലദേശ് അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം തടയാന്‍ പാമ്പുകളെയും മുതലകളെയും 'കാവല്‍ക്കാരായി' ഉപയോഗിക്കാന്‍ ബിഎസ്എഫ്. അതിര്‍ത്തിയിലെ നദീതടങ്ങളിലും ചതുപ്പുനിലങ്ങളിലും നുഴഞ്ഞുകയറ്റം തടയുന്നതിനായി പാമ്പുകളെയും മുതലകളെയും സ്വാഭാവിക പ്രതിരോധ സംവിധാനമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ബിഎസ്എഫ് ആഭ്യന്തര ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പരമ്പരാഗതമായ വേലികള്‍ കെട്ടാന്‍ സാധിക്കാത്ത, അതിര്‍ത്തിയിലെ ദുര്‍ഘടമായ ഇടങ്ങളിലാണ് ഇത്തരമൊരു ആശയം പരിഗണിക്കുന്നത്. 4,096 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തിയില്‍ ഏകദേശം 175 കിലോമീറ്ററോളം നദികളും ചതുപ്പുനിലങ്ങളുമാണ്. ഇത്തരം പ്രദേശങ്ങളില്‍ ഭൗതികമായ തടസ്സങ്ങള്‍ മാത്രം ഉപയോഗിച്ച് നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയുന്നത് പ്രായോഗികമല്ല. അതിര്‍ത്തി സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി, ഇത്തരമൊരു പദ്ധതി നടപ്പിലാക്കാന്‍ അനുയോജ്യമായ നദീഭാഗങ്ങള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്. എങ്കിലും, ഈ നിര്‍ദ്ദേശം നിലവില്‍ ചര്‍ച്ചാ ഘട്ടത്തിലാണെന്നും ഭാവിയില്‍ ഇത് നടപ്പിലാക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
അതേസമയം, ഡ്രോണുകള്‍, സെന്‍സറുകള്‍, കാമറകള്‍ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ബിഎസ്എഫ് അതിര്‍ത്തി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കിഴക്കന്‍ അതിര്‍ത്തിയിലെ കള്ളക്കടത്തും നുഴഞ്ഞുകയറ്റവും സംബന്ധിച്ച ആശങ്കകള്‍ക്കിടയിലാണ് ഈ നീക്കം. ഈ വര്‍ഷം ജനുവരിയില്‍ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബിഎസ്എഫ് നടത്തിയ പരിശോധനയില്‍ ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ നവംബറില്‍ നാദിയ ജില്ലയില്‍ തന്നെ ഉണ്ടായ അതിര്‍ത്തി കടന്നുള്ള കള്ളക്കടത്ത് തടയാനുള്ള ശ്രമത്തിനിടെ ഒരു ബംഗ്ലാദേശി കള്ളക്കടത്തുകാരന്‍ വെടിയേറ്റ് മരിച്ചിരുന്നു. കള്ളക്കടത്തുകാര്‍ മാരകായുധങ്ങളുമായി ബിഎസ്എഫിനെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ വെടിവെപ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും മയക്കുമരുന്ന് കലര്‍ന്ന ചുമയ്ക്കുള്ള സിറപ്പും വിദേശ മദ്യക്കുപ്പികളും ബിഎസ്എഫ് കണ്ടെടുത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates