പാക് സൈന്യം കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍  എക്‌സ്‌
India

'ഉറങ്ങാന്‍ അനുവദിച്ചില്ല; ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നമ്പര്‍ ചോദിച്ചു'; പാക് കസ്റ്റഡിയില്‍ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് ബിഎസ്എഫ് ജവാന്‍

പശ്ചിമബംഗാള്‍ സ്വദേശിയാണ് ബിഎസ്എഫ് 24-ാം ബറ്റാലിയനില്‍ അംഗമായ പൂര്‍ണം കുമാര്‍ ഷാ.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അബദ്ധത്തില്‍ പാകിസ്ഥാന്‍ അതിര്‍ത്തി മറികടന്ന ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാ‍ർ ഷായ്ക്ക് പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍ നേരിട്ടത് കടുത്ത മാനസിക പീഡനങ്ങളെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ 23-ന് പാകിസ്ഥാന്‍ റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്ത പൂര്‍ണം കുമാറിനെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്. ഇതിന് പിന്നാലെയാണ് നേരിട്ട പീഡനങ്ങളെ കുറിച്ച് സൈനികന്‍ വെളിപ്പെടുത്തിയത്.

പാക് സൈനിക കസ്റ്റഡിയില്‍ ശാരീരിക ഉപദ്രവം കാര്യമായി നേരിട്ടില്ല. എന്നാല്‍ ശാരീരികമായി തളര്‍ത്തുന്നതിലുള്ള ശ്രമങ്ങളാണ് ഉണ്ടായത്. മാനസിക പീഡനങ്ങള്‍ രൂക്ഷമായിരുന്നു എന്നും പൂര്‍ണം കുമാറിനെ ഉദ്ധരിച്ച് സൈനികവൃത്തങ്ങള്‍ പറയുന്നു. പശ്ചിമബംഗാള്‍ സ്വദേശിയാണ് ബിഎസ്എഫ് 24-ാം ബറ്റാലിയനില്‍ അംഗമായ പൂര്‍ണം കുമാര്‍ ഷാ.

കണ്ണൂകള്‍ മൂടിക്കെട്ടിക്കൊണ്ടായിരുന്നു കസ്റ്റഡിയില്‍ ഭൂരിഭാഗം സമയവും കഴിഞ്ഞത്. കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടി മൂന്ന് സ്ഥലങ്ങളില്‍ മാറ്റി പാര്‍പ്പിച്ചു. അതില്‍ ഒന്ന് ഒരു വ്യോമസേനാ താവളമായിരുന്നു. അവിടെനിന്നും വിമാനങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്നതിന്റെയും ഇറങ്ങുന്നതിന്റെയും ശബ്ദങ്ങള്‍ കേട്ടിരുന്നു. പിന്നീട് ഒരു ജയിലറയിലേക്ക് മാറ്റി. ഉറങ്ങാനോ പല്ലുതേക്കാനോ അനുവദിച്ചിരുന്നില്ല. നിരന്തരം ചീത്തവിളിച്ചു. പൂര്‍ണം കുമാറിനെ ഉദ്ധരിച്ച് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

പാക് അതിര്‍ത്തിയിലെ സൈനിക വിന്യാസം, സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ എന്നിവയും പാക് സൈനികര്‍ പൂര്‍ണം കുമാറില്‍ നിന്ന് തേടിയിരുന്നു. എന്നാല്‍ ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചില്ലെന്നാണ് അറിയിച്ചത് എന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ചും ചോദ്യങ്ങളുണ്ടായി. ചില ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള ഫോണ്‍നമ്പറുകളും അവര്‍ പൂര്‍ണം ഷായോട് അന്വേഷിച്ചു എന്നാണ് വിവരം.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം ഉടലെടുത്ത അവസരത്തില്‍ പൂര്‍ണം ഷായുടെ ഭാവിയെ കുറിച്ച് വലിയ ആശങ്ക ഉയര്‍ന്നിരുന്നു. ഇന്ത്യ - പാക് വെടിനിര്‍ത്തലിന്ന പിന്നാലെയാണ് ജവാനെ ഇന്ത്യയ്ക്ക് കൈമാറിയത്. അട്ടാരി-വാഗാ അതിര്‍ത്തിയില്‍വെച്ച് പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയ പൂര്‍ണം ഷാ നിലവില്‍ ഇന്ത്യന്‍ സൈനിക കേന്ദ്രത്തിലാണ് ഉള്ളത്. അദ്ദേഹം മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുത്ത് വരുന്നതായും ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചതായും സൈനികവൃത്തങ്ങള്‍ അറിയിച്ചു. പാക് സൈന്യത്തിന്റെ പക്കലായിരുന്നപ്പോള്‍ പൂര്‍ണം ഷാ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വിശദമായ പരിശോധനയ്ക്ക് ശേഷം നശിപ്പിച്ചതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT