എൻഡിഎ നേതാക്കളുടെ യോ​ഗം  പിടിഐ
India

മന്ത്രിസഭാ രൂപീകരണം: ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍, സ്പീക്കറില്‍ വഴങ്ങാതെ ടിഡിപി; നിലപാട് കടുപ്പിച്ച് ജെഡിയു

ഡല്‍ഹിയില്‍ എന്‍ഡിഎ എംപിമാരുടെ യോഗം ഇന്ന് ചേരും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ തുടരുന്നതിനിടെ ഡല്‍ഹിയില്‍ എന്‍ഡിഎ എംപിമാരുടെ യോഗം ഇന്ന് ചേരും. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 11 മണിക്കാണ് യോഗം. യോഗത്തില്‍ നരേന്ദ്രമോദിയെ എന്‍ഡിഎ നേതാവായി തെരഞ്ഞെടുക്കും. എന്‍ഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരെയും, ഉപമുഖ്യമന്ത്രിമാരെയും, ബിജെപി സംസ്ഥാന അധ്യക്ഷന്‍മാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യോഗത്തില്‍ എന്‍ഡിഎ എംപിമാരെ മോദി അഭിസംബോധന ചെയ്യും.

യോഗത്തിന് ശേഷം മോദിയെ നേതാവായി നിശ്ചയിച്ചുകൊണ്ടുള്ള കത്ത് എന്‍ഡിഎ നേതാക്കള്‍ രാഷ്ട്രപതിക്ക് നല്‍കും. ഞായറാഴ്ച വൈകീട്ട് രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ നടത്താനാണ് ധാരണ. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ അയല്‍ രാജ്യങ്ങളിലെ നേതാക്കളെ നരേന്ദ്രമോദി ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ ( പ്രചണ്ഡ) എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം മന്ത്രിമാര്‍, വകുപ്പുകള്‍ എന്നിവ സംബന്ധിച്ച് ഡല്‍ഹിയില്‍ സഖ്യകക്ഷികളും ബിജെപിയും തമ്മില്‍ ചര്‍ച്ച തുടരുകയാണ്. ലോക്‌സഭ സ്പീക്കര്‍ സ്ഥാനം വേണമെന്ന നിലപാടില്‍ ടിഡിപി ഉറച്ചു നില്‍ക്കുകയാണ്. ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കാമെന്ന വാഗ്ദാനം നായിഡു തള്ളി. ചന്ദ്രബാബു നായിഡു വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനം ബിജെപി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്പീക്കര്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ ബിജെപി തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നാണ് ടിഡിപി അറിയിച്ചിരിക്കുന്നത്.

സഖ്യകക്ഷികള്‍ക്ക് ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനം എന്ന ബിജെപിയുടെ നിര്‍ദേശം ജെഡിയു തള്ളി. അര്‍ഹിക്കുന്ന പ്രാമുഖ്യം മന്ത്രിസഭയില്‍ വേണമെന്ന് ജെഡിയു ആവശ്യപ്പെട്ടു. പ്രതിരോധം, ആഭ്യന്തരം, റെയില്‍വേ, ധനകാര്യം തുടങ്ങിയ വകുപ്പുകള്‍ ബിജെപി തന്നെ കൈവശംവെക്കും. കൃഷി, ഗ്രാമവികസനം, നഗരവികസനം, ജലശക്തി തുടങ്ങിയ വകുപ്പുകള്‍ വിട്ടു നല്‍കാമെന്നാണ് ബിജെപി അറിയിച്ചിട്ടുള്ളത്. ഗതാഗതം, ഐടി അടക്കം നാലു ക്യാബിനറ്റ് മന്ത്രിസ്ഥാനവും ധന സഹമന്ത്രി സ്ഥാനവും വേണമെന്നാണ് ടിഡിപി നിലപാട്.

മൂന്നു ക്യാബിനറ്റ് മന്ത്രിസ്ഥാനവും സഹമന്ത്രിസ്ഥാനങ്ങളും നല്‍കണമെന്ന് ജെഡിയു അറിയിച്ചു. റെയില്‍വേ, കൃഷി, ഗ്രാമവികസനം, ജല്‍ശക്തി തുടങ്ങിയ ക്യാബിനറ്റ് വകുപ്പുകളാണ് ജെഡിയു ലക്ഷ്യമിടുന്നത്. അഗ്‌നിവീര്‍ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും മാറ്റം വരുത്തണമെന്നാണ് നിര്‍ദേശമെന്നും ജെഡിയു അറിയിച്ചു. ഏക സിവില്‍ കോഡിനോട് പാര്‍ട്ടിക്ക് എതിര്‍പ്പില്ല. എന്നാല്‍ ഏക സിവില്‍കോഡ് സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ചനടത്തി സമവായമുണ്ടാക്കണമെന്നും ജെഡിയു നേതാവ് കെസി ത്യാഗി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി അറസ്റ്റില്‍; പിടിയിലായത് എംവി ഗോവിന്ദനെതിരെ പരാതി നല്‍കിയ ഷര്‍ഷാദ്

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT