ന്യൂഡൽഹി: നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് ക്രമക്കേടിൽ അറസ്റ്റിലായ മുൻ എംഡി ചിത്ര രാമകൃഷ്ണയ്ക്ക് വീട്ടിൽ നിന്നെത്തിക്കുന്ന ഭക്ഷണം നൽകാൻ അനുവദിക്കണമെന്ന ആവശ്യം തള്ളി പ്രത്യേക സിബിഐ കോടതി. തിഹാർ ജയിലിലെ ഭക്ഷണം ഞാൻ പലതവണ കഴിച്ചിട്ടുണ്ട്, നല്ലതാണ് എന്ന പരാമർശത്തോടെയാണ് ജഡ്ജി സഞ്ജീവ് അഗർവാൾ ആവശ്യം തള്ളിയത്.
നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് ക്രമക്കേടിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ചിത്ര രാമകൃഷ്ണ. എല്ലാ പ്രതികളും, തടവുകാരും ഒരുപോലെയാണ്. അവരൊരു വിഐപിയല്ല. 70 വയസ്സുള്ള തടവുകാർ പോലും ജയിലിലെ ഭക്ഷണമാണു കഴിക്കുന്നത്. ആർക്കും പ്രത്യേകമായി ഒരു സൗകര്യവും നൽകില്ലെന്നും കോടതി വ്യക്തമാക്കി.
ഹനുമാൻ ചാലിസ, മരുന്നുകൾ എന്നിവ ജയിലിലേക്ക് കൊണ്ടുപോകാം
വീട്ടിൽ നിന്ന് ഭക്ഷണം എത്തിക്കാൻ അനുമതി നിഷേധിച്ചെങ്കിലും ഹനുമാൻ ചാലിസ, പ്രാർഥന പുസ്തകങ്ങൾ, മാസ്ക്, മരുന്നുകൾ എന്നിവ ജയിലിലേക്കു കൊണ്ടുപോകാൻ കോടതി അനുവദിച്ചു. 7 ദിവസത്തെ സിബിഐ കസ്റ്റഡിക്കു ശേഷമാണ് ചിത്രയെ 14 ദിവസത്തേക്ക് തിഹാർ ജയിലിലേക്ക് അയച്ചത്.
തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം ചിത്രയാണോ അതോ ചരടുവലിച്ചിരുന്ന ഒരു പാവകളിക്കാരൻ ഇതിനു പിന്നിലുണ്ടോയെന്നും കോടതി ചോദിച്ചു. എന്നാൽ അതിനെ കുറിച്ച് പറയാറായിട്ടില്ലെന്ന് സിബിഐ മറുപടി നൽകി. 2015ലാണ് സെബി അന്വേഷണം ആരംഭിക്കുന്നത്. അജ്ഞാതനായ ഒരു വിസിൽ ബ്ലോവറിൽ നിന്ന് ലഭിച്ച പരാതികളിൽ നിന്നായിരുന്നു തുടക്കം. സെർവർ തിരിമറിയിലൂടെ ചില വൻകിട ബ്രോക്കർമാർക്കു ഹിതകരമല്ലാത്ത മുൻഗണന നൽകിയെന്നാണ് കേസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates