ന്യൂഡല്‍ഹി: സുരക്ഷാ സേനകളിലും മറ്റ് തന്ത്രപ്രധാന ഏജന്‍സികളിലും സൈബര്‍ പ്രതിരോധം ശക്തിപ്പെടുത്താന്‍ പ്രോട്ടോകോളുമായി കേന്ദ്ര സര്‍ക്കാര്‍. ചാര പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ തടയാന്‍ വിപുലമായ സോഫ്റ്റ്വെയര്‍ അധിഷ്ഠിത ഫയര്‍വാളും ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗത്തിന് പ്രോട്ടോക്കോളും വികസിപ്പിക്കാനാണ് നീക്കം. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ പിന്തുണയോടെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത്.
പുതിയ പ്രോട്ടോകോള്‍ പ്രകാരം രാജ്യത്തെ ഇന്റലിജന്‍സ്, പൊലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ എന്നിവയില്‍ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗത്തിന് ഏകീകൃത മാനദണ്ഡങ്ങള്‍ അവതരിപ്പിക്കും. നിര്‍ദ്ദിഷ്ട ചട്ടക്കൂട് ഉടന്‍ നിലവില്‍ വരുമെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
രാജ്യ സുരക്ഷയുള്‍പ്പെടെയുള്ള സുപ്രധാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ ഗാഡ്ജറ്റ് ഉപയോഗം നിയന്ത്രിക്കുക, ഡിജിറ്റല്‍ ആശയ വിനിമയങ്ങളുടെ നിരീക്ഷണം, ഓഡിറ്റിങ്, ലോഗിങ് എന്നിവ നിര്‍ബന്ധമാക്കുന്നതുമാണ് പുതിയ ചട്ടക്കൂട്. ഡിജിറ്റല്‍ ആശയ വിനിമയ സംവിധാനങ്ങള്‍ ചാരവൃത്തിയ്ക്ക് കൂടുതലായി ഉപയോഗിക്കുന്നെന്ന വിലയിരുത്തലാണ് പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍.
പദ്ധതിയുടെ ഭാഗമായി, വിശ്വസനീയവുമായ വിതരണ ശൃംഖലകളിലൂടെ ആയിരിക്കും ഇനി ഉപകരണങ്ങളുടെ വിതരണം. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രീകൃത ഹാര്‍ഡ്വെയര്‍ സംഭരണ സംവിധാനം പ്രവര്‍ത്തിക്കും. മാല്‍വെയര്‍, സ്‌പൈവെയര്‍, അനധികൃത ഡാറ്റ ആക്സസ് എന്നിവ നിയന്ത്രിക്കും. സാഫ്റ്റ്വെയര്‍ ഇന്‍സ്റ്റാളേഷനുകള്‍, ഡാറ്റ സംഭരണ രീതികള്‍, ബാഹ്യ കണക്റ്റിവിറ്റി എന്നിവ കര്‍ശനമായ മാനദണ്ഡങ്ങളാല്‍ നിയന്ത്രിക്കപ്പെടും. അച്ചടക്കത്തോടെയുള്ള ഡിജിറ്റല്‍ രംഗം ഉറപ്പാക്കുക എന്നതാണ് നടപടികളുടെ ലക്ഷ്യമെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates